സന്തോഷം നഷ്ടപ്പെടുന്നുവെന്ന് തോന്നി; 2.5 ലക്ഷം പ്രതിമാസശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവതി

മാസം രണ്ടര ലക്ഷം രൂപ ശമ്പളം കിട്ടുന്ന ബെംഗളൂരുവിലെ ഐടി ജോലി ഉപേക്ഷിച്ച് തീർത്തും വ്യത്യസ്തമായ മറ്റൊരു ജീവിതം തിരഞ്ഞെടുത്ത യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രമുഖ ഐടി കമ്പനികളിൽ പതിനൊന്ന് വർഷത്തിലേറെ ജോലി ചെയ്ത ശേഷമാണ് “ജീവിതത്തിൽ സന്തോഷം നഷ്ടപ്പെടുന്നു” എന്ന തോന്നലിൽ അപേക്ഷ ജെയിൻ എന്ന യുവതി ജോലി രാജിവെച്ചത്.
ബെംഗളൂരുവിലെ തിരക്കേറിയ കോർപ്പറേറ്റ് ജീവിതത്തിൽ മാസം രണ്ടര ലക്ഷം രൂപ ശമ്പളം വാങ്ങി ജോലി ചെയ്തിരുന്ന അപേക്ഷ, ഇന്ന് പൂർണമായും വ്യത്യസ്തമായ ജീവിതയാത്രയിലാണ്. വലിയ ശമ്പളവും സ്ഥിരതയുള്ള ജോലിയുമുണ്ടായിരുന്നെങ്കിലും ഉള്ളിലെ സന്തോഷം നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവാണ് അവരെ ജീവിതത്തിൽ വലിയൊരു തീരുമാനത്തിലേക്ക് നയിച്ചത്.
ദിവസവും ലാപ്ടോപ്പിനും മീറ്റിംഗുകൾക്കും ഇടയിൽ കുടുങ്ങിപ്പോകുന്ന ജീവിതം തന്നെ മാനസികമായി മടുപ്പിച്ചിരുന്നു എന്ന് അപേക്ഷ പറയുന്നു.
ജോലി വേണ്ടെന്ന് വച്ചത് പെട്ടെന്ന് എടുത്ത തീരുമാനം ആയിരുന്നില്ല, നാല് വർഷത്തോളം പണം സമ്പാദിച്ച ശേഷമാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്, തുടർന്ന് ബാക്ക്പാക്കുമായി ഇന്ത്യയിലെ വിവിധ മലനിരകളും, ഗ്രാമങ്ങളും തേടിയുള്ള യാത്രാജീവിതം അപേക്ഷ ആരംഭിക്കുകയായിരുന്നു.
വിലകൂടിയ ഹോട്ടലുകൾ ഒഴിവാക്കി ഹോസ്റ്റലുകളിലും ചെറിയ ഹോംസ്റ്റേകളുമാണ് അപേക്ഷ താമസത്തിനായി തിരഞ്ഞെടുക്കുന്നത്. കഫേകളിൽ സഹായിയായി ജോലി ചെയ്യുകയും, പെയിന്റിങ്, ആർട്ട് വർക്ക്,കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിക്കൽ തുടങ്ങിയ ജോലികളിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. മാസം 15,000 മുതൽ 20,000 രൂപ വരെയാണ് ഇപ്പോഴത്തെ വരുമാനം. എന്നാൽ മുൻപ് ലഭിച്ചിരുന്ന ഉയർന്ന ശമ്പളത്തേക്കാൾ ഇപ്പോഴത്തെ ജീവിതമാണ് കൂടുതൽ സന്തോഷലും സമാധാനവും നൽകുന്നതെന്ന് യുവതി പറയുന്നു.
“മുമ്പ് ബാങ്ക് ബാലൻസ് കൂടുതലായിരുന്നു. പക്ഷേ ജീവിതം ആസ്വദിക്കാൻ സമയം ഉണ്ടായിരുന്നില്ല. ഇപ്പോൾ വരുമാനം കുറവാണ്. എന്നാൽ ഓരോ ദിവസവും പുതിയ അനുഭവങ്ങളാണ് നൽകുന്നത്,” എന്ന് അപേക്ഷ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
അപേക്ഷയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിലർ ധൈര്യമായ തീരുമാനമെന്ന് അഭിനന്ദിക്കുമ്പോൾ, മറ്റുചിലർ സാമ്പത്തിക സുരക്ഷ ഇല്ലാതെ ഇത്തരമൊരു തീരുമാനം അപകടകരമാണെന്നും അഭിപ്രായപ്പെടുന്നു. അതേസമയം, ആരും ആലോചിക്കാതെ ജോലി ഉപേക്ഷിക്കരുതെന്നും, സാമ്പത്തികമായി തയ്യാറായ ശേഷമേ ഇത്തരം ജീവിതമാറ്റങ്ങൾ തിരഞ്ഞെടുക്കാവൂ എന്നും അപേക്ഷ ജെയിൻ പറയുന്നു.