'എല്ലാ നായകന്‍മാരും ഹീറോയിസം കാണിക്കുന്നില്ല, ചിലര്‍ ബെംഗളൂരുവിലൂടെ ഓട്ടോ ഓടിക്കുകയാണ്'

യുവതി ഓട്ടോ ഡ്രൈവറോടൊപ്പം | Photo:x/ palak malhothra
യുവതി ഓട്ടോ ഡ്രൈവറോടൊപ്പം | Photo:x/ palak malhothra

പ്രതിസന്ധി ഘട്ടത്തില്‍ പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്തവര്‍ നമ്മുടെ രക്ഷകരായി മാറാറുണ്ട്. അത്തരത്തില്‍ തന്റെ നഷ്ടപ്പെട്ട എയര്‍പോഡുകള്‍ കണ്ടെത്താന്‍ സഹായിച്ച ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവറെ കുറിച്ച് എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പലക് മല്‍ഹോത്ര എന്ന യുവതി. 

യുവതി തന്റെ എയര്‍പോഡുകള്‍ അബദ്ധത്തില്‍ മറ്റൊരു ഓട്ടോറിക്ഷയില്‍ മറന്നുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് 'ഫൈന്റ് മൈ' ഫീച്ചര്‍ ഉപയോഗിച്ച് പലക് മറ്റൊരു ഓട്ടോ ബുക്ക് ചെയ്തു. പുതിയ ഓട്ടോയുടെ ഡ്രൈവറായ ദര്‍ശനോട് തന്റെ നഷ്ടപ്പെട്ട എയര്‍പോഡിന്റെ ലൊക്കേഷന്‍ പിന്തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്ന് മൂന്ന് സ്ഥലങ്ങളിലായി ഏകദേശം ഒന്നര മണിക്കൂറോളം ദര്‍ശന്‍ എയര്‍പോഡ് തിരഞ്ഞു. ആദ്യത്തെ ഓട്ടോ ഡ്രൈവര്‍ എയര്‍പോഡുകള്‍ എടുത്തുവെന്നാണ് പലക് ആദ്യം കരുതിയത്. എന്നാല്‍ ആ ഓട്ടോയില്‍ കയറിയ മറ്റൊരു യാത്രക്കാരനാണ് അതെടുത്തതെന്ന് പിന്നീട് മനസിലായി. ദര്‍ശന്‍ ക്ഷമയോടെ പലകിനേയുംകൊണ്ട് പലയിടത്തും സഞ്ചരിക്കുക മാത്രമല്ല ചെയ്തത്. ആദ്യത്തെ ഡ്രൈവറെ കൊണ്ട് എയര്‍പോഡ് എടുത്ത യാത്രക്കാരനെ കണ്ടെത്തി അവ തിരികെ വാങ്ങി നല്‍കുകയും ചെയ്തു.

തങ്ങള്‍ തമ്മിലുള്ള ആശയവിനിമയം വെല്ലുവിളിയായിരുന്നുവെന്നും പലക് പറയുന്നു. തനിക്ക് കന്നഡ അറിയില്ലെന്നും ദര്‍ശന് ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ലെന്നും അതിനാല്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നിട്ടും ആംഗ്യങ്ങളിലൂടേയും മറ്റും എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാന്‍ ദര്‍ശന് കഴിഞ്ഞുവെന്നും യുവതി കുറിച്ചു. 

ബികോം ബിരുദധാരിയായ ദര്‍ശന്‍ എംബിഎ പഠനത്തിനുള്ള പണം സ്വരൂപിക്കാനാണ് ഓട്ടോ ഓടിക്കുന്നതെന്നും പലക് പറയുന്നു. 'എല്ലാ നായകന്‍മാരും ഹീറോയിസം കാണിക്കുന്നില്ല. ചിലര്‍ ബെംഗശൂരുവിലൂടെ ഓട്ടോ ഓടിക്കുകയാണ്'  എന്ന ഹൃദയസ്പര്‍ശിയായ വരികളോടെയാണ് യുവതി കുറിപ്പ് അവസാനിപ്പിക്കുന്നത്. 


 

Content Highlights: bengaluru auto driver spends hours helping woman to lost airpods