അടുത്ത സുഹൃത്ത് സ്ത്രീയാണോ ; നിങ്ങൾ കൂടുതൽ കാലം സന്തോഷത്തോടെ ജീവിക്കും-പഠനം

ജീവിതത്തിൽ അടുത്തൊരു പെൺസുഹൃത്ത് ഉള്ള സ്ത്രീകൾക്ക് സന്തോഷവും ആയുസ്സും കൂടുതലായിരിക്കുമെന്ന് മനഃശാസ്ത്ര പഠനം. സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കാൻ വിശ്വസ്തയായ ഒരു പെൺസുഹൃത്ത് ഉണ്ടെങ്കിൽ അത് സ്ത്രീകളുടെ മാനസികാരോഗ്യത്തിലും ശാരീരിക ആരോഗ്യത്തിലും മൊത്തത്തിൽ ഗുണം ചെയ്യും. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച്, ഇത്തരം സൗഹൃദങ്ങൾ സ്ത്രീകളുടെ ആയുസും സന്തോഷവും കൂട്ടുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. വിശ്വസ്തയായ ഒരു പെൺസുഹൃത്തിനോട് കാര്യങ്ങൾ തുറന്നുപറയുമ്പോൾ ശരീരത്തിലെ മാനസിക സമ്മർദ്ദത്തിന് കാരണമാകുന്ന 'കോർട്ടിസോൾ' ഹോർമോണിന്റെ അളവ് കുറയുന്നു. കൂടാതെ ഹൃദ്രോഗം, വിഷാദം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
സ്ത്രീകൾക്കിടയിലുള്ള സൗഹൃദങ്ങൾ പരസ്പരമുള്ള സഹാനുഭൂതിയിലും വൈകാരികമായ തുറന്നുപറച്ചിലുകളിലുമാണ് നിലനിൽക്കുന്നത്. തങ്ങളെ വിധിയെഴുതാതെ കേട്ടിരിക്കാൻ ഒരാളുണ്ടെന്ന ബോധ്യം വ്യക്തിപരമായ തിരിച്ചടികൾ, തൊഴിൽപരമായ പ്രതിസന്ധികൾ, ആരോഗ്യപ്രശ്‌നങ്ങൾ എന്നീ പ്രശ്‌നങ്ങളെ അതിജീവിക്കാൻ സ്ത്രീകളെ സഹായിക്കുമെന്നും ഇതിൽ പറയുന്നുണ്ട്.
സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ പുരുഷന്മാർ സാധാരണയായി 'ഫ്‌ളൈറ്റ് അല്ലെങ്കിൽ ഫൈറ്റ്' (ഓടിയൊളിക്കുക അല്ലെങ്കിൽ പോരാടുക) രീതി സ്വീകരിക്കുമ്പോൾ, സ്ത്രീകൾ മറ്റുള്ളവരെ കരുതാനും സൗഹൃദങ്ങൾ സ്ഥാപിക്കാനുമാണ് സ്വാഭാവികമായി ശ്രമിക്കുന്നത്. ഈ സമയത്ത് ഉത്പാദിപ്പിക്കുന്ന 'ഓക്‌സിറ്റോസിൻ' എന്ന ഹോർമോൺ ആശങ്കകളും ഭയവും കുറയ്ക്കാനും സഹായിക്കും.
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുടെ പഠനങ്ങൾ പറയുന്നത് നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുന്ന മുതിർന്ന സ്ത്രീകൾക്ക് ഓർമ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ്. വാർദ്ധക്യകാലത്ത് ഒറ്റപ്പെടലും വിഷാദവും ഒഴിവാക്കാൻ ഇത്തരം സൗഹൃദങ്ങൾ ഗുണം ചെയ്യും. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പോലെ തന്നെ പ്രാധാന്യമുള്ളതാണ് ജീവിതത്തിൽ അടുത്തൊരു നല്ല പെൺസുഹൃത്തിനെ നിലനിർത്തുന്നതുതെന്നും ഇതിൽ നിന്നെല്ലാം മനസിലാക്കാം.
Content Highlights: Close female friendships significantly reduce cortisol levels., Social connections act as a buffer against heart disease and depression., Oxytocin release during social bonding helps manage stress and fear., Harvard studies link strong friendships to better cognitive health in aging women., Friendships are as vital to health as diet and exercise.