ഹോട്ടൽ മുറിയിൽ ഒളിക്യാമറ; അശ്ലീല സൈറ്റിൽ സ്വന്തം ദൃശ്യങ്ങൾ കണ്ട് ഞെട്ടി യുവാവ്, ബിബിസി റിപ്പോർട്ട്

ഷെൻഷെൻ: ഹോട്ടൽ മുറികളിൽ ഒളിക്യാമറകൾ സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിൽ വിൽക്കുന്ന മാഫിയയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിബിസി വീഡിയോ റിപ്പോർട്ട്. തന്റെയും പങ്കാളിയുടെയും സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റിൽ അവിചാരിതമായി കണ്ട ഹോങ്കോങ് സ്വദേശിയായ യുവാവിൻ്റെ അനുഭവമാണ് ഇതിലൂടെ പുറംലോകമറിഞ്ഞത്.
2023-ൽ ചൈനയിലെ ഷെൻഷെനിലുള്ള ഹോട്ടലിൽ കാമുകിയായ എമിലിക്കൊപ്പം താമസിച്ചപ്പോഴുള്ള ഇരുവരുടെയും ദൃശ്യമാണ് പ്രചരിച്ചത്. ആഴ്ചകൾക്ക് ശേഷം താൻ പതിവായി സന്ദർശിക്കാറുള്ള അശ്ലീല സൈറ്റിലൂടെ ദൃശ്യങ്ങൾ കണ്ട് യുവാവ് ഞെട്ടുകയായിരുന്നു. മുറിയിലേക്ക് പ്രവേശിക്കുന്നതും ബാഗുകൾ വെക്കുന്നതും തുടർന്നുള്ള സ്വകാര്യ നിമിഷങ്ങളും ഏകദേശം ഒരു മണിക്കൂറോളം ഒളിക്യാമറയിലൂടെ ചിത്രീകരിച്ചിട്ടുണ്ടായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.
മുൻപ് ഇത്തരം 'റിയൽ' വീഡിയോകൾ കാണുന്നത് ആസ്വദിച്ചിരുന്ന തനിക്ക് സ്വന്തം അനുഭവം വലിയ പാഠമായെന്ന് എറിക് ബിബിസിയോട് പറയുന്നുണ്ട്. സംഭവം കാരണം ആഴ്ചകളോളം ഇരുവരും തമ്മിൽ സംസാരിച്ചിരുന്നില്ല. ഇപ്പോൾ പുറത്തിറങ്ങുമ്പോൾ തിരിച്ചറിയാതിരിക്കാൻ തൊപ്പി ധരിക്കാറുണ്ടെന്നും ഹോട്ടലുകളിൽ താമസിക്കുന്നത് പരമാവധി ഒഴിവാക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.
ചൈനയിൽ അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണെങ്കിലും പത്ത് വർഷത്തിലേറെയായി ഇത്തരം സ്പൈ-ക്യാം മാഫിയ അവിടെ സജീവമാണ്. ബിബിസി നടത്തിയ അന്വേഷണത്തിൽ ചൈനയിലുടനീളമുള്ള ഹോട്ടൽ മുറികളിൽ നിന്നായി 180-ലധികം ഒളിക്യാമറകൾ കണ്ടെത്തുകയുണ്ടായി. 2023 ഏപ്രിലിൽ ചൈനീസ് സർക്കാർ ഹോട്ടൽ ഉടമകൾ മുറികളിൽ കൃത്യമായ പരിശോധന നടത്തണമെന്ന് പുതിയ നിയമം കൊണ്ടുവന്നുവെങ്കിലും പ്രശ്നം ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
Content Highlights: BBC report uncovers a spy cam mafia in Shenzhen hotels secretly filming guests` private moments and selling them online.