രണ്ട് സെക്കൻഡ് വീഡിയോക്ക് 48 മില്യണ്‍ കാഴ്ചക്കാര്‍, Xലെ ഏറ്റവും അധികം ആളുകള്‍ കണ്ട റീല്‍; അക്കൗണ്ട് പൂട്ടി 'ബന്ദാനാ ഗേള്‍'

ഇന്റര്‍നെറ്റിന്, പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയ്ക്ക് ഒരു പ്രത്യേകതയുണ്ട്, ഒരു സുപ്രഭാതത്തില്‍ ആളുകളെ വാനോളം ഉയരങ്ങളിലെത്തിക്കാനും അവിടെ നിന്ന് താഴേക്ക് വലിച്ചിടാനും അതിന് സാധിക്കും. എങ്ങനെയാണ് അത് സംഭവിക്കുന്നതെന്ന് നിര്‍വചിക്കുക എളുപ്പമല്ല. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെങ്കിലും ചിലയാളുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അത് തന്നെയാണ് 'ബന്ദാനാ ഗേള്‍' എന്നറിയപ്പെടുന്ന പ്രിയങ്ക എന്ന പെണ്‍കുട്ടിക്കും സംഭവിച്ചത്.
ഒന്നിലധികം നിറങ്ങളിലുള്ള ഒരു വര്‍ണത്തൂവാല തലയില്‍ കെട്ടി, ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കവെ അവള്‍ ഒരു സെല്‍ഫി വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വെറും രണ്ട് സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ. എക്‌സ് ഉപയോഗിക്കുന്നവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരിക്കലെങ്കിലും പ്രിയങ്കയുടെ വീഡിയോ കണ്ടിട്ടുണ്ടാവും.
the auto girl who ate makeup limited the post's reach so for people who are not able to see it anymore...
here ya go :) pic.twitter.com/npAAAVKfo7— Anneshu Nag (@anneshu_nag) November 23, 2025
@w0rdgenerator എന്ന എക്‌സ് യൂസര്‍ തന്റെ അക്കൗണ്ടില്‍ 'makeup ate today' എന്ന കാപ്ഷനില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ 48 മില്യണ്‍ (4.8 കോടി ആളുകള്‍) ആളുകളാണ് കണ്ടത്. ഇത് പ്രിയങ്കയുടെ അക്കൗണ്ട് തന്നെയാണെന്നാണ് കരുതുന്നത്. മീമുകളും റിക്രിയേഷനുകളും വിമര്‍ശനങ്ങളുമായി ഒട്ടേറെ തവണ ഈ വീഡിയോയും ഇത് അനുകരിച്ചുള്ള വീഡിയോകളും എക്‌സില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടു. ഓട്ടോയാത്രയ്ക്കിടെയുള്ള രണ്ട് സെക്കൻഡ് സെല്‍ഫി വീഡിയോകള്‍ ഒരു ട്രെന്‍ഡായി മാറുന്ന സ്ഥിതി വന്നു. പങ്കുവെച്ച് പലരും പ്രിയങ്കയെ മെന്‍ഷന്‍ ചെയ്ത് പോസ്റ്റ് പങ്കുവെച്ചു.
വെറും രണ്ട് സെക്കൻഡ് വീഡിയോ, അതില്‍ കാര്യമായി ഒന്നും ചെയ്യാതെ ഒറ്റ രാത്രിയില്‍ പ്രിയങ്ക ചെറിയൊരു സെലിബ്രിറ്റിയായി മാറി. ദി ജഗ്ഗര്‍നോട്ട് വെബ്‌സൈറ്റാണ് പെണ്‍കുട്ടിയുടെ പേര് പ്രിയങ്ക എന്നാണെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ഈ പ്രശസ്തിയില്‍ ആകെ അസ്വസ്ഥയായിരിക്കുകയാണ് പ്രിയങ്ക.
തന്റെ വീഡിയോയ്ക്ക് ഇത്രയും എന്‍ഗേജ്‌മെന്റ് ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ജഗ്ഗര്‍നോട്ടിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു. പരമാവധി 1000 ലൈക്കുകള്‍ മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വീഡിയോ എന്റെ കൈവിട്ടുപോയി തരംഗമായി മാറി. പ്രിയങ്ക പറഞ്ഞു.
തന്റെ മുഖം വീണ്ടും വീണ്ടും കാണുന്നത് മടുപ്പാണെന്നും, കണ്ടന്റ് ക്രിയേഷനുള്ള കഴിവ് തനിക്കുണ്ടോ എന്നറിയില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം തന്റെ ചിത്രം ഉപയോഗിച്ച് വ്യാപകമായി എഐ ഉള്ളടക്കങ്ങള്‍ നിര്‍മിക്കപ്പെടുന്നതില്‍ പ്രിയങ്ക അസ്വസ്ഥത പ്രകടിപ്പിച്ചു. തന്റെ സമ്മതമില്ലാതെ തന്റെ എഐ നിര്‍മിത ചിത്രങ്ങളും വീഡിയോകളും ധാരാളമായി പ്രചരിക്കപ്പെടുകയാണ്. അത് അവസാനിപ്പിക്കണണെന്നും ഇത് തന്റെ അവസാന എക്‌സ് പോസ്റ്റ് ആയിരിക്കുമെന്നും പ്രിയങ്ക എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
യഥാര്‍ത്ഥ ആളുകളുടെ മീഡിയാ ഫയലുകള്‍ എഐ ആപ്ലിക്കേഷനുകളില്‍ ഫീഡ് ചെയ്യുന്നത് അവസാനിപ്പിക്കുക. അതിന് യഥാര്‍ത്ഥ ജീവിതത്തില്‍ ഒട്ടേറെ പ്രത്യാഘാതങ്ങളുണ്ട്. എഐ പ്ലാറ്റ്‌ഫോമില്‍ അപ് ലോഡ് ചെയ്യും മുമ്പ് ദയവ് ചെയ്ത് അനുമതി ചോദിക്കുക പ്രിയങ്ക പറഞ്ഞു.
സോഷ്യല്‍ മീഡിയയുടെ പ്രത്യേകത അതാണ്. നിങ്ങള്‍ ഒരു ഉള്ളടക്കം പോസ്റ്റ് ചെയ്താല്‍ അത് ഏത് തലം വരെ സഞ്ചരിക്കുമെന്നും ഏത് രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമെന്നും യാതൊരു ഉറപ്പുമില്ല. ചിലര്‍ക്ക് അതുവഴിയുണ്ടാകുന്ന അപ്രതീക്ഷിത പ്രശസ്തി ഗുണം ചെയ്‌തേക്കും ചിലപ്പോള്‍ അത് ശല്യമായി മാറുകയും ചെയ്‌തേക്കാം.
Content Highlights: Discover how Priyanka, the `Bandana Girl`, went viral overnight on social media and her concerns about AI-generated content using her image. Learn more!