ബോഡി ഷെയിമിങ്ങിനെതിരായ കൂട്ടായ്മ; 'മൊട്ട ഗ്ലോബൽ' സംഗമത്തിൽ ഉദ്ഘാടകനായി സ്ഥിരം മൊട്ടയടിക്കുന്ന SI

'മൊട്ട ഗ്ലോബലിന്റെ' സംഗമത്തിൽ പങ്കെടുക്കാൻ കനകക്കുന്നിൽ എത്തിയ തല മൊട്ടയടിച്ചവർ ഉദ്ഘാടകൻ മ്യൂസിയം എസ്.ഐ. വിപിൻ ജി.സി.ക്കൊപ്പം | Photo: Mathrubhumi
'മൊട്ട ഗ്ലോബലിന്റെ' സംഗമത്തിൽ പങ്കെടുക്കാൻ കനകക്കുന്നിൽ എത്തിയ തല മൊട്ടയടിച്ചവർ ഉദ്ഘാടകൻ മ്യൂസിയം എസ്.ഐ. വിപിൻ ജി.സി.ക്കൊപ്പം | Photo: Mathrubhumi

തിരുവനന്തപുരം: തല നരച്ചാലോ മുടികൊഴിഞ്ഞ് കഷണ്ടിയായാലോ നേരിടേണ്ടിവരുന്ന ബോഡി ഷെയിമിങ്ങിനെതിരേ മൊട്ടത്തലയൻമാരുടെ കൂട്ടായ്മ. മൊട്ടയായതിൽ അഭിമാനിക്കുന്ന ’മൊട്ട ഗ്ലോബൽ’ കൂട്ടായ്മ തിരുവനന്തപുരത്തു നടത്തിയ സംഗമത്തിലാണ് മൊട്ടത്തലയൻമാർ നിറഞ്ഞത്. സ്ഥിരമായി തല മൊട്ടയടിക്കുന്ന മ്യൂസിയം എസ്.ഐ. വിപിൻ സംഗമം ഉദ്ഘാടനം ചെയ്തു.

ആറുമാസം മുൻപ് തൃശ്ശൂരിൽ രൂപവത്കരിച്ച ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബലിന്റെ 30-ലേറെ അംഗങ്ങളാണ് കനകക്കുന്നിൽ ഒത്തുചേർന്നത്. നരയും കഷണ്ടിയുമൊക്കെ മാനസിക സംഘർഷമുണ്ടാക്കുന്നവർക്കു പ്രചോദനമാകുവാൻ സ്ഥിരമായി തല മൊട്ടയടിക്കുന്നവരാണ് ഈ സംഘം.

രാജ്യത്തിനകത്തും പുറത്തുമായി 1300-ലേറെ അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളതെന്ന് കൂട്ടായ്മയുടെ സ്ഥാപകനായ സജീഷ് കുട്ടനല്ലൂർ പറഞ്ഞു. അരുൺ ജെ.നായർ, ഡിക്കോ പോൾ തുടങ്ങിയവരാണ് മറ്റു ഭാരവാഹികൾ. വരുംദിവസങ്ങളിൽ കൂടുതൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അവർ അറിയിച്ചു.

Content Highlights: Motta Global, a baldness support group, combats body shaming and empowers bald men