കണ്ണീർത്തിളക്കത്തിൽ പ്രതീക്ഷകളോടെ 'ബെയ്‌ലി'; ചൂരൽമലയിലെ അതിജീവിതക്കൂട്ടായ്മ ബാഗ് നിർമാണത്തിലേക്ക്

#നീനുമോഹന്‍
ബെയ്‍ലി ബാഗുമായി ചൂരൽമലയിലെ അതിജീവിതക്കൂട്ടായ്മയായ 'ലൈഫ് ലൈൻ വയനാട്ടി'ലെ അംഗങ്ങൾ
ബെയ്‍ലി ബാഗുമായി ചൂരൽമലയിലെ അതിജീവിതക്കൂട്ടായ്മയായ 'ലൈഫ് ലൈൻ വയനാട്ടി'ലെ അംഗങ്ങൾ

കല്പറ്റ: കണ്ണീര്‍ത്തിളക്കത്തിലാണ് ചൂരല്‍മലയിലെ പെണ്ണുങ്ങള്‍ 'ബി' യെന്നുള്ള ലോഗോ ബാഗുകളില്‍ തുന്നിച്ചേര്‍ക്കുന്നത്. 'ബെയ്‌ലി' എന്നു സൂചിപ്പിക്കുന്ന ഈ ലോഗോയില്‍ എല്ലാമുണ്ട്-പെരുമഴയില്‍ ഉരുള്‍പൊട്ടി ഇല്ലാതായ നാടും വീടും ഉറ്റവരും ആ മണ്ണിന്റെ പച്ചപ്പുമെല്ലാം.

''അന്ന് ജീവിതത്തിലേക്ക് ഞങ്ങളെ കൈപിടിച്ചുകയറ്റിയ രക്ഷാപ്രവര്‍ത്തകരെയും ബെയ്‌ലി പാലത്തെയുംകൂടി ചേര്‍ത്താണ് ഈ പേരിട്ടത്...'' -പറയുമ്പോള്‍ കെ.എച്ച്. നിഖിതയുടെ കണ്ണുകള്‍ നിറയുന്നു.

ഉരുള്‍പൊട്ടലില്‍ അടുത്തബന്ധുക്കളെയും ജീവനോപാധികളും വീടും നഷ്ടമായവരാണ് നിഖിതയും കൂട്ടുകാരും. ഒരേ മനസ്സോടെ ജീവിച്ച നാടിനെച്ചൊല്ലി പറയാനും കരയാനും ഏറെയുണ്ട്. പക്ഷേ, കരഞ്ഞിരുന്നാല്‍ അതിജീവിക്കാനാവില്ലെന്ന തിരിച്ചറിവിലാണ് ചൂരല്‍മലയിലെ പെണ്ണുങ്ങള്‍. 'ലൈഫ് ലൈന്‍ വയനാട്' എന്നുപേരിട്ടിരിക്കുന്ന കൂട്ടായ്മ രൂപവത്കരിച്ച് ബാഗ് നിര്‍മാണത്തിലേക്ക് കടന്നിരിക്കയാണ് ഈ വനിതകള്‍.

പൂര്‍ണമായും പ്രകൃതിസൗഹൃദമാണ് ബാഗ് നിര്‍മാണം. തുണിയും ജ്യൂട്ടുമാണ് ഉത്പന്നങ്ങള്‍. തങ്ങളുടെ അതിജീവനത്തിന്റെ ആദ്യചുവടായ ബെയ്‌ലി പാലത്തെ സ്മരിച്ച് ബാഗുകള്‍ക്ക് 'ബെയ്‌ലി' എന്നാണ് പേരിട്ടിരിക്കുന്നത്.

''ഞങ്ങളെല്ലാം അയല്‍ക്കാരായിരുന്നു. തൊഴിലുറപ്പിലും സജീവം, എല്ലാവരും തമ്മില്‍ അടുത്തടുത്ത ബന്ധം'' -രമ്യ മനോജ് പറഞ്ഞു. ദുരന്തത്തിനുപിന്നാലെ താത്കാലിക പുനരധിവാസത്തില്‍ പലയിടത്തായി താമസം. ഒറ്റയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് തോന്നിയപ്പോള്‍ ജോലിചെയ്യാനൊക്കെ താത്പര്യമുള്ള വനിതകളെ ചേര്‍ത്ത് 'ലൈഫ് ലൈന്‍ വയനാട്' എന്ന ഗ്രൂപ്പുണ്ടാക്കി. തുന്നല്‍ അറിയുന്നവര്‍ കുറച്ചുപേരുണ്ടായിരുന്നു. എല്ലാവരുംകൂടി ആലോചിച്ച് ബാഗ് നിര്‍മാണത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു.

റിപ്പണിലെ യൂണിറ്റിൽ ബെയ്‍ലി ബാഗ് നിർമാണത്തിനിടെ

അടുത്തപടിയായി കളക്ടര്‍ ഡി.ആര്‍. മേഘശ്രീയെക്കണ്ട് ആവശ്യമറിയിച്ചു. ഒരു ചുവടുവെക്കാന്‍ ഈ സ്ത്രീകള്‍ തയ്യാറായപ്പോള്‍ സഹായവുമായി എല്ലാവരും ഓടിയെത്തി. പിന്നെ സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍വെച്ച് 15 ദിവസത്തെ പരിശീലനം. ബാഗുകളുടെ ആദ്യഓര്‍ഡറും സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍നിന്നുതന്നെ. പിന്നാലെ മറ്റുസന്നദ്ധസംഘങ്ങള്‍ തുന്നല്‍ മെഷീനുകളും ഓഫീസ് സൗകര്യവും ഒരുക്കിത്തന്നു. കുടുംബശ്രീയും പിന്തുണച്ചു. പരിശീലനം പൂര്‍ത്തിയാക്കി ഒരു ദിവസംപോലും ഇവര്‍ വെറുതേയിരുന്നില്ല.

ആദ്യം വാടകവീടിന്റെ ടെറസ്സിലായിരുന്നു തുന്നല്‍പ്പണി. ഇപ്പോള്‍ റിപ്പണിലും ചൂരല്‍മലയിലുമായി രണ്ടിടത്തായാണ് ബെയ്‌ലി ബാഗ്നിര്‍മാണയൂണിറ്റുകള്‍ ഉള്ളത്. 18 പേരോളം ദിവസേന ജോലിക്കെത്തുന്നു. ഗ്രൂപ്പിലെ മറ്റുള്ളവരും സജീവമാകാനുള്ള ഒരുക്കത്തിലാണ്.

ബാഗിന് സ്ഥിരം ഓര്‍ഡര്‍ ഉണ്ടാക്കിയാലേ മുന്നോട്ടുപോകാനാവൂവെന്ന് ഇവര്‍ക്കറിയാം. ''ഒന്നരമാസം പിന്നിടുമ്പോള്‍ വണ്ടിക്കൂലിയായി എല്ലാവര്‍ക്കും വെറും അഞ്ഞൂറുരൂപ കൊടുക്കാനേ ഇതുവരെ പറ്റിയുള്ളൂ. കൂടുതല്‍ ഓര്‍ഡര്‍ എടുക്കണം, വയനാട്ടില്‍നിന്നുള്ള മെറ്റീരിയലുകള്‍ മാത്രമായാല്‍ ലാഭമുണ്ടാവില്ല, പുറത്തുപോയി കൊണ്ടുവരണം. കരസേനയില്‍നിന്ന് ബാഗുകള്‍ എടുക്കാമെന്ന് പറയുന്നുണ്ട്'' -ഹസീനയും ഷരീഫയും ചേര്‍ന്ന് വിശദീകരിച്ചു.

Content Highlights: bailey bags from wayanad chooralmala womens