മൂന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവര്‍, കാംനയില്ലാതെ നേട്ടം സാധ്യമാകുമായിരുന്നില്ലെന്ന് ശുഭാംശു

41 വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഇന്ത്യക്കാരന്‍ വീണ്ടും ബഹിരാകാശത്ത് വിസ്മയാകാന്‍ ഒരുങ്ങുന്നു. ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ള സംഘാഗങ്ങളേയുംകൊണ്ട് ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഫാല്‍ക്കണ്‍ റോക്കറ്റ് കുതിച്ചുയര്‍ന്നു. ഇതിന് മുമ്പ് ഭാര്യ കാംനയ്ക്കായി ശുഭാംശു പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഭാര്യയുടെ പിന്തുണയെ കുറിച്ച് അദ്ദേഹം വാചാലനായത്.
'നീ നല്ലൊരു പങ്കാളിയായതിന് നന്ദി. നീയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. അതിനേക്കാളുപരി, ഇതൊന്നും ഒരു സംഭവമേ ആവില്ല.'- ശുഭാംശു കുറിച്ചു. ഒരു ഗ്ലാസ് ഡോറിന്റെ ഇരുവശങ്ങളിലും നിന്ന് യാത്ര പറയുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.
സ്‌കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ് ശുഭാംശുവും കാംനയും. ലഖ്‌നൗവിലെ ഒരു പ്രൈമറി സ്‌കൂളില്‍വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 'മൂന്നാം ക്ലാസ് മുതല്‍ ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരാണ്. ഞങ്ങള്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. ശുഭാംശുവിനേക്കാള്‍ ഞങ്ങളുടെ ക്ലാസിലെ ലജ്ജാലുവായ ഗുഞ്ചനേയാണ് എനിക്ക അറിയുക. ആ പയ്യന്‍ ഇപ്പോള്‍ ഒട്ടേറെ ആളുകള്‍ക്ക് പ്രചോദനമായിരിക്കുന്നു.' ശുഭാംശുവിനെ കുറിച്ച് കാംന പറയുന്നു. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്.
ശുഭാംശുവിന്റെ അമ്മ ആശ ശുക്ല ആക്സിയം-4 ദൗത്യത്തിന് മുന്നോടിയായി മരുമകള്‍ നല്‍കിയ പിന്തുണയെ പ്രശംസിച്ചു. കാംനയില്ലാതെ ഈ നേട്ടം സാധ്യമാകുമായിരുന്നില്ലെന്നും അവര്‍ പറയുന്നു.
'ഇത് ഞങ്ങള്‍ക്ക് അഭിമാന നിമിഷമാണ്. നാട്ടില്‍ എല്ലായിടത്തും അവന്റെ പോസ്റ്ററുകളുണ്ട്. ലഖ്‌നൗവിലെ ത്രിവേണി നഗറില്‍ നിന്നുള്ള ഒരാള്‍ ഉയരങ്ങളിലേക്ക് പോകുന്നു എന്നതില്‍ എല്ലാവരും സന്തോഷത്തിലാണ്. ഞങ്ങള്‍ അവന് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു. ഞങ്ങളുടെ മരുമകളില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. അവന് എല്ലാ പിന്തുണയും നല്‍കുന്നത് അവളാണ്. ഈ നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചതും കാംനയാണ്.'-ആശാ ശുക്ല പറയുന്നു.
Content Highlights: astronaut shubhanshu shuklas emotional note for wife before journey to space