'അവൻ ദിവസവും കാമുകിമാരെ മാറ്റുന്നുണ്ടെന്നാണ് ഞാൻ അറിഞ്ഞത്'-ഹാർദിക്കിനെ ട്രോളി ആശിഷ് നെഹ്‌റ

ക്രിക്കറ്റിനൊപ്പം ഹാർദിക് പാണ്ഡ്യയുടെ സ്വകാര്യ ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹവും വിവാഹമോചനവുമെല്ലാം ഏറെ ചർച്ചയായി. ഇതിനുശേഷം ബ്രിട്ടീഷ് ഗായികയും ടെലിവിഷൻ താരവുമായ ജാസ്മിൻ വാലിയയുമായി ഹാർദികിന്റെ പേര് ചേർത്തുവായിക്കപ്പെട്ടു. ഇപ്പോൾ മോഡൽ മഹിക ശർമയുമായി പ്രണയത്തിലാണ് ഹാർദിക്. മഹികയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഹാർദിക് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
അടുത്തിടെ ഹാർദിക്കിന്റെ ഈ സ്വകാര്യ ജീവിതത്തെ കുറിച്ച് മുൻതാരം ആശിഷ് നെഹ്‌റ പരാമർശിച്ചു. ഹർഭജൻ സിങ്ങും ഭാര്യ ഗീത ബസ്രയും അവതാരകരായെത്തുന്ന 'Who's the Boss? എന്ന പോഡ്കാസ്റ്റ് ഷോയിലായിരുന്നു നെഹ്‌റയുടെ രസകരമായ പ്രതികരണം. ആരാണ് 'ദേവദാസ്' എന്ന് ഗീത ചോദിച്ചപ്പോൾ 'ഹാർദിക് പാണ്ഡ്യ' എന്നാണ് ഹർഭജൻ പറഞ്ഞത്. ഹാർദികിന്റെ പേര് പറഞ്ഞത് എന്തുകൊണ്ടാണെന്ന് നെഹ്‌റ ചോദിച്ചു. 'അയാൾ എന്നും 'പറോ'യെ മാറ്റുന്നുണ്ടെന്നാണ് ഞാൻ അറിഞ്ഞത്' എന്നും നെഹ്‌റ ഇതിനോടൊപ്പം കൂട്ടിച്ചേർത്തു. ‘ദേവദാസി’ൽ ഐശ്വര്യാ റായിയുടെ കഥാപാത്രത്തിന്റെ പേരാണ് പറോ.
ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും 2020 മെയ് 31 ന് കോവിഡ്-19 ലോക്ക്ഡൗൺ സമയത്താണ് വിവാഹിതരായത്. 2020 ജൂലൈയിൽ, വിവാഹത്തിന് രണ്ട് മാസത്തിന് ശേഷം, അവർ മകൻ അഗസ്ത്യയെ സ്വാഗതം ചെയ്തു. പിന്നീട് 2023 ഫെബ്രുവരി 14 ന് രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ആഡംബര ചടങ്ങിൽ ദമ്പതികൾ വീണ്ടും വിവാഹിതരായി. എന്നാൽ ഇതിന് പിന്നാലെ 2024 ജൂലൈയിൽ ഇരുവരും വേർപിരിയുകയാണെന്ന് അറിയിച്ചു.
നടാഷയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം ഹാർദിക് ജാസ്മിൻ വാലിയയുമായി അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഹാർദിക്കിനൊപ്പം ടീം ബസ്സിലും ജാസ്മിനുണ്ടായിരുന്നു.
കുറച്ച് മാസത്തെ പ്രണയത്തിന് ശേഷം അവരുടെ ബന്ധം അവസാനിച്ചു. അതിനുശേഷം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മഹികയുമായുള്ള പ്രണയം ഔദ്യോഗികമായി അറിയിച്ചത്.
Content Highlights: ashish nehra takes a playful dig at cricketers love life