ആര്യന് ഖാന് മയക്കുമരുന്ന് കേസില്‍ ബലിയാടല്ലെന്ന് സമീര്‍ വാങ്കഡേ; ഷാരൂഖ് ഖാന്റെ ചാറ്റ് പുറത്ത് വിട്ടതിനെ കുറിച്ചും പ്രതികരണം

2021 ഒക്ടോബറിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് ആര്യനെ അറസ്റ്റ് ചെയ്തത് നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡേയായിരുന്നു. പിന്നീട് നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ആര്യന് പുറത്തിറങ്ങിയതും സമീര്‍ വാങ്കഡേ കേസ് ഒഴിവാക്കാന്‍ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതും അദ്ദേഹത്തിന്റെ സ്ഥലംമാറ്റവുമെല്ലാം വാര്‍ത്തകളിലൂടെ നാം അറിഞ്ഞതാണ്.
ആര്യന് ഖാന് സംവിധാനം ചെയ്ത് നെറ്റ്ഫ്ളിക്സിലൂടെ പുറത്തിറങ്ങിയ ദി ബാഡ്സ് ഓഫ് ബോളിവുഡ് എന്ന സീരീസാണ് അന്നത്തെ മയക്കുമരുന്ന് കേസിനെ വീണ്ടും വാര്‍ത്തകളിലേക്ക് കൊണ്ടുവന്നത്. സീരീസിലെ ലഹരിവിരുദ്ധ ഏജന്‍സി ഉദ്യോഗസ്ഥനായ കഥാപാത്രം തന്നെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമീര്‍ വാങ്കഡേ കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്.
മയക്കുമരുന്ന് കേസില്‍ ആര്യന് ഖാനെ അറസ്റ്റ് ചെയ്തതില്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്നാണ് വാങ്കഡേ പറയുന്നത്. താന്‍ ചെയ്തതെല്ലാം നിയമപ്രകാരമാണ്. കേസില്‍ ആര്യന് ഖാന് കേവലം ബലിയാടായിരുന്നില്ല എന്നും സമീര്‍ വാങ്കഡേ പറയുന്നു. മാമാസ് കൗച്ച് എന്ന യൂട്യൂബ് ചാനലുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'നിങ്ങളുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ല എങ്കില്‍ യാതൊരു നടപടിയുമുണ്ടാകില്ല എന്നാണ് ആളുകളുടെ തെറ്റിദ്ധാരണ. ഒരാള്‍ മയക്കുമരുന്നുമായി പിടിക്കപ്പെട്ടാല്‍ അത് നിര്‍മിച്ച ഒരാളും വിതരണം ചെയ്ത ഒരാളും വാങ്ങാന്‍ ഉദ്ദേശിക്കുന്നയാളും ഉണ്ടാകും. മയക്കുമരുന്ന് കൈവശമില്ല എന്ന് കരുതി അത് നിര്മിച്ചവരെയോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരേയോ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നാണോ നിങ്ങള്‍ പറയുന്നത്? ആ ശൃംഖലയിലെ മുഴുവന്‍ പേരേയും അറസ്റ്റ് ചെയ്യണമെന്നാണ് നിയമം പറയുന്നത്. ആരുടെ കൈവശമാണ് മയക്കുമരുന്നുള്ളത് എന്നത് അവിടെ വിഷയമല്ല.' -സമീര്‍ വാങ്കഡേ പറഞ്ഞു.
ആര്യന് ഖാന് ബലിയാടായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായി, 'ഇതില്‍ ഒരു ബലിയാടുമില്ല' എന്നാണ് വാങ്കഡേ പറഞ്ഞത്. ഇലക്ട്രോണിക് തെളിവുകളും മൊഴികളുമെല്ലാമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. വാങ്കഡേയല്ല ഇതെല്ലാം ചെയ്യുന്നതെന്നും സമീര്‍ വാങ്കഡേ പറഞ്ഞു.
കേസന്വേഷണത്തിനിടെ ഷാരൂഖ് ഖാനുമായുള്ള ചാറ്റ് ചോര്‍ത്തി പുറത്തുവിട്ടുവെന്ന ആരോപണവും സമീര്‍ വാങ്കഡേ നേരിട്ടിരുന്നു. ഇതിനും അദ്ദേഹം മറുപടി പറഞ്ഞു. ചോര്‍ത്തി എന്ന വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല എന്ന് വാങ്കഡേ പറഞ്ഞു. അത് തന്റെ ശീലമല്ല. അങ്ങനെയൊരു കാര്യം ചെയ്യാന്‍ മാത്രം ദുര്‍ബലനല്ല താന്‍. അങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യം തനിക്കില്ലെന്നും സമീര്‍ വാങ്കഡേ പറഞ്ഞു.
Content Highlights: Sameer Wankhede says Aryan Khan wasn't 'bali ka bakra' in drug case, addresses rumours of leaking Shah Rukh Khan's chat