'അന്ന് ദുബായിയില്‍വെച്ച് അവളെ ബിയര്‍ കുടിപ്പിച്ചതോടെ ഉള്ളിലുള്ളതെല്ലാം പുറത്തുവന്നു; എന്നോട് പ്രണയമാണെന്ന് സമ്മതിച്ചു'

1999-ലായിരുന്നു നടന്‍ അര്‍ഷാദ് വാര്‍സിയുടേയും നര്‍ത്തകിയായ മരിയ ഗൊരേത്തിയുടേയും വിവാഹം. വിവാഹജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. രണ്ട് വ്യത്യസ്ത മതവിഭാഗത്തിൽപെട്ട അര്‍ഷാദും മരിയയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഒരുമിച്ചത്. അടുത്തിടെ രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റ് ഷോയില്‍ അര്‍ഷാദ് മരിയയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയെ കുറിച്ച് മനസ് തുറന്നു.
ഒരു നൃത്തമത്സരത്തില്‍വെച്ചായിരുന്നു ആ കൂടിക്കാഴ്ച്ച. അര്‍ഷാദ് വാര്‍സിയോട് മരിയയ്ക്ക് പ്രണയം തോന്നിയിരുന്നെങ്കിലും അവര്‍ അത് തുറന്നുപറഞ്ഞിരുന്നില്ല. ഒടുവില്‍ ദുബായിലെ ഒരു പരിപാടിക്ക് പോവുകയും അവിടെവെച്ച് ബിയര്‍ കഴിച്ചതിനുശേഷം മരിയ തന്റെ പ്രണയം വെളിപ്പെടുത്തുകയായിരുന്നുവെന്നും നടന്‍ പറയുന്നു.
'അവളൊരു നല്ല കുട്ടിയായിരുന്നു. നല്ല നര്‍ത്തകിയും സുന്ദരിയുമായതുകൊണ്ട് എനിക്കവളെ ഇഷ്ടമായിരുന്നു. ഒരു കോളേജ് മത്സരത്തില്‍ വിധികര്‍ത്താവായി എന്നെ വിളിച്ചു. അന്ന് ഞാനൊരു കൊറിയോഗ്രാഫറായിരുന്നു. സെന്റ് ആന്‍ഡ്രൂസ് കോളേജിലെ ഒരു പെണ്‍കുട്ടിക്ക് നല്ല ഭംഗിയുള്ള പുഞ്ചിരിയുണ്ടെന്ന് എന്റെയൊരു സുഹൃത്ത് നേരത്തെ പറഞ്ഞിരുന്നു. മത്സരത്തില്‍ ആ കോളേജിന്റെ ഊഴം വന്നപ്പോള്‍, അവരില്‍ ആര്‍ക്കാണ് നല്ല പുഞ്ചിരിയുള്ളതെന്ന് കണ്ടെത്താനായിരുന്നു എന്റെ ശ്രമം. ഒടുവില്‍ ഞാന്‍ അവളെ കണ്ടെത്തി. മരിയയായിരുന്നു അത്. അവള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയും നല്ലൊരു നര്‍ത്തകിയുമാണെന്ന് എനിക്ക് തോന്നി. ഞാന്‍ നാടകങ്ങള്‍ ചെയ്യാറുണ്ടെന്നും താത്പര്യമുണ്ടെങ്കില്‍ കൂടെച്ചേരുന്നത് സന്തോഷമുള്ള കാര്യമാണെന്നും അവളോട് പറഞ്ഞു. പക്ഷേ, അവള്‍ ഇല്ലെന്ന് പറഞ്ഞു.
പിന്നീടൊരു ദിവസം മരിയ ബാന്ദ്രയിലെ ഞങ്ങളുടെ നാടകം കാണാന്‍ വന്നു. താമസിയാതെ ഒരു പശ്ചാത്തല നര്‍ത്തകിയായി അതിന്റെ ഭാഗമാവുകയും ചെയ്തു. എല്ലാം അവിടെ നിന്നാണ് തുടങ്ങിയത്. അവള്‍ക്ക് എന്നോട് പ്രണയം തോന്നി. പക്ഷേ അവള്‍ എന്നോട് ഒരിക്കലും അത് പറഞ്ഞില്ല. അവളുടെ ശരീരഭാഷയില്‍ നിന്ന് എല്ലാം വ്യക്തമായിരുന്നു. അവള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് സുഹൃത്തുക്കളെല്ലാം പറയാനും തുടങ്ങി. ഞാന്‍ ചോദിച്ചപ്പോള്‍ അവള്‍ എന്റെ മുഖത്തുനോക്കി നിഷേധിച്ചു.'-അര്‍ഷാദ് വാര്‍സി പറയുന്നു.
പിന്നീട് മദ്യലഹരിയിലായിരിക്കുമ്പോഴാണ് അവള്‍ തന്നോട് പ്രണയം തുറന്നുപറഞ്ഞതെന്നും നടന്‍ വ്യക്തമാക്കുന്നു. 'പിന്നീട് ഒരിക്കല്‍ ഞങ്ങള്‍ക്ക് ദുബായില്‍ ഒരു ഷോ ഉണ്ടായിരുന്നു. അവിടെവെച്ച് ഞാന്‍ അവളെ ബിയര്‍ കുടിപ്പിച്ചു. അര കുപ്പി കഴിഞ്ഞപ്പോഴേക്കും അവള്‍ എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാന്‍ തുടങ്ങി. എന്നോട് പ്രണയമാണെന്ന് പറഞ്ഞു. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് പുറത്തുപോകാന്‍ തുടങ്ങി. സ്വാഭാവികമായി വിവാഹം കഴിച്ചു.'-അര്‍ഷാദ് വാര്‍സി കൂട്ടിച്ചേര്‍ത്തു.
Content Highlights: arshad warsi on interfaith marriage with maria goretti