'ഉയര്‍ന്ന് പറക്കുക, പുഞ്ചിരി നിലനിര്‍ത്തുക'; മുന്‍ കാമുകി മലൈകയ്ക്ക് ജന്മദിനാശംസയുമായി അര്‍ജുന്‍ കപൂര്‍

മലൈക അറോറയും അര്‍ജുൻ കപൂറും | File Photo - ANI
മലൈക അറോറയും അര്‍ജുൻ കപൂറും | File Photo - ANI

കാലം മായ്ക്കാത്ത ചില ബന്ധങ്ങളുണ്ടെന്ന് തെളിയിക്കുകയാണ് ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍. തന്റെ മുന്‍ കാമുകി മലൈക അറോറയുടെ 52-ാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ ആശംസ നേര്‍ന്നുകൊണ്ടാണ് താരം ആരാധകരുടെ പ്രശംസ നേടിയത്. പതിവുപോലെ ഊഷ്മളമായിരുന്നു അദ്ദേഹത്തിന്റെ ആശംസാസന്ദേശം. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ മലൈകയുടെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് 'എപ്പോഴും പുഞ്ചിരിക്കൂ' എന്ന് അര്‍ജുന്‍ ആവശ്യപ്പെട്ടു.

പാരീസില്‍വെച്ച് പകര്‍ത്തിയ മലൈകയുടെ അതിമനോഹരമായ ഒരു ഫോട്ടോയാണ് അര്‍ജുന്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തത്. ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. 'ജന്മദിനാശംസകള്‍ @malaikaaroraofficial. ഉയരങ്ങളിലേക്ക് പറക്കുക, പുഞ്ചിരി നിലനിര്‍ത്തുക, എപ്പോഴും തേടിക്കൊണ്ടിരിക്കുക...' എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

വേര്‍പിരിഞ്ഞെങ്കിലും ഇരുവരും ഇപ്പോഴും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നതിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആരാധകര്‍ രംഗത്തെത്തിയതോടെ പോസ്റ്റ് വളരെവേഗം ശ്രദ്ധനേടി. വേര്‍പിരിയാന്‍ തീരുമാനിക്കുന്നതിന് മുന്‍പ് മലൈക അറോറയും അര്‍ജുന്‍ കപൂറും ഏകദേശം ആറ് വര്‍ഷത്തോളം ഒരുമിച്ചായിരുന്നു. അതിനുശേഷവും ഊഷ്മളവും സൗഹൃദപരവുമായ ഒരു ബന്ധം രണ്ടുപേരും നിലനിര്‍ത്തുകയാണ്.

ഇരുവരും വേര്‍പിരിയുന്നതായി കഴിഞ്ഞ വര്‍ഷമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. അജയ് ദേവ്ഗണ്‍ അഭിനയിക്കുന്ന 'സിങ്കം എഗൈന്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷനുകള്‍ക്കിടെ അര്‍ജുനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സദസ്സില്‍ നിന്ന് ഒരാള്‍ മലൈകയുടെ പേര് പറഞ്ഞതോടെ ഞാന്‍ ഇപ്പോള്‍ സിംഗിളാണെന്ന് അര്‍ജുന്‍ മറുപടി നല്‍കി. ഇതോടെയാണ് അവരുടെ വേര്‍പിരിയല്‍ സ്ഥിരീകരിക്കപ്പെട്ടത്.

മുദസ്സര്‍ അസീസിന്റെ 'മേരെ ഹസ്ബന്‍ഡ് കി ബീവി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിലാണ് അര്‍ജുന്‍ അവസാനമായി അഭിനയിച്ചത്. ഭൂമി പെഡ്നേക്കര്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. വിവാഹമോചിതനായ അങ്കൂര്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ കോളേജ് കാലത്തെ പ്രണയിനി വീണ്ടും എത്തുമ്പോള്‍ പ്രണയത്തിന് ഒരു രണ്ടാം അവസരം ലഭിക്കുന്നു. എന്നാല്‍ ഓര്‍മ്മ നഷ്ടപ്പെട്ട മുന്‍ഭാര്യയുടെ അപ്രതീക്ഷിത വരവോടെ അയാളുടെ ജീവിതം കീഴ്‌മേല്‍ മറിയുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അതേസമയം, ആയുഷ്മാന്‍ ഖുറാന, രശ്മിക മന്ദാന എന്നിവര്‍ അഭിനയിക്കുന്ന 'തമ്മ' എന്ന ഹൊറര്‍-കോമഡി ചിത്രത്തിലെ 'പോയിസണ്‍ ബേബി' എന്ന ഗാനരംഗത്തിലെ പ്രകടനത്തിലൂടെ മലൈക അടുത്തിടെ തരംഗം സൃഷ്ടിച്ചിരുന്നു.

Content Highlights: Arjun Kapoor shared a heartwarming birthday wish for his ex-girlfriend Malaika Arora on Instagram, proving their bond remains strong despite their breakup. See the sweet message.