'ആ നിമിഷങ്ങൾ മാന്ത്രികം', അരിജിത്തിൻ്റെ വീട്ടിൽ ചിലവഴിച്ച ദിവസങ്ങളെക്കുറിച്ച് ആമിർ

#Lifestyle desk
അരിജിത്ത് സിംഗ് ആമിർ ഖാനൊപ്പം| ഫോട്ടോ: ramsampathofficial
അരിജിത്ത് സിംഗ് ആമിർ ഖാനൊപ്പം| ഫോട്ടോ: ramsampathofficial

ബോളിവുഡിലെ പ്രിയ ഗായകൻ അരിജിത് സിങ് സിനിമാ പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കാനൊരുങ്ങുന്നു എന്ന വാർത്തകൾക്കിടെ, ഗായകനെ സന്ദർശിച്ചതിന്റെ അനുഭവം പങ്കുവെച്ച് സൂപ്പർ താരം ആമിർ ഖാൻ. അരിജിത്തിന്റെ മുർഷിദാബാദിലെ വസതിയിൽ നാല് ദിവസമാണ് ആമിർ ചിലവഴിച്ചത്.

ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക പേജിലൂടെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചത്. ആമിറിന്റെ മകൻ ജുനൈദ് ഖാൻ നായകനാകുന്ന ഏക് ദിൻ എന്ന ചിത്രത്തിന് വേണ്ടി അരിജിത് ഗാനം ആലപിച്ചിട്ടുണ്ട്. ഇതിന് നന്ദി പറഞ്ഞു കൊണ്ടാണ് ആമിർ കുറിപ്പ് പങ്കുവെച്ചത്.

‘ഞങ്ങളുടെ ചിത്രമായ ഏക് ദിൻ വേണ്ടി നിന്റെ ശബ്ദം നൽകിയതിന് നന്ദി. നിന്നോടും നിന്റെ കുടുംബത്തോടും ടീമിനുമൊപ്പം ചിലവഴിച്ച ആ നാല് ദിവസങ്ങൾ തികച്ചും മാന്ത്രികമായിരുന്നു’ - ആമിർ ഖാൻ കുറിച്ചു.

അരിജിത് സിംഗ് പിന്നണി ഗാനരംഗത്ത് നിന്ന് പിന്മാറുന്നു എന്ന പ്രഖ്യാപനം ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിന്നു. സംവിധായകൻ വിശാൽ ഭരദ്വാജ് ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

അരിജിത്തിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്നും തന്റെ 'സന്യാസം' അദ്ദേഹം പിൻവലിക്കണമെന്നും വിശാൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഷാഹിദ് കപൂർ നായകനാകുന്ന ഓ റോമിയോ എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഗാനം റെക്കോർഡ് ചെയ്തിരുന്നു. ഇത് തങ്ങൾ ഒന്നിച്ചുള്ള അവസാന ഗാനമായി മാറരുതെന്നായിരുന്നു വിശാലിന്റെ ആഗ്രഹം.

ആമിർ ഖാൻ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളുടെ പിന്നിലെ പ്രധാന ശബ്ദമായിരുന്നു അരിജിത്തിന്റേത്.

സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചെങ്കിലും, അടുത്തിടെ കൊൽക്കത്തയിൽ നടന്ന അനൗഷ്ക ശങ്കറിന്റെ സംഗീത പരിപാടിയിൽ പങ്കെടുത്ത് അരിജിത് തന്റെ സാന്നിധ്യമറിയിച്ചിരുന്നു.

Content Highlights: Aamir Khan visits Arijit Singh amid retirement rumors.