'തീവണ്ടിവീട്ടിൽ' നിന്ന് വക്കീൽ കോട്ടിലേക്ക്;കഷ്ടപ്പെടുന്നവരെ ആകുംവിധം സഹായിക്കും,എല്ലാം മനസ്സിലുണ്ട്

ഗുരു നിത്യചൈതന്യയതി ലോ കോളേജ് പ്രിൻസിപ്പൽ ശിവജിയും വൈസ് പ്രിൻസിപ്പൽ ഡോ. അന്ന വി. പുത്തൂരാനും ആർച്ചയ്ക്ക് പ്രവേശനരേഖകൾ കൈമാറുന്നു, മക്കളുമായി സ്കൂളിൽ നിന്ന് മടങ്ങുന്ന രമ്യ (ഫയൽ ചിത്രം), രമ്യയുടേയും കുടുംബത്തിന്റേയും ദുരവസ്ഥ കാണിച്ച് 2016 ജൂൺ 30-ന് 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാർത്ത
ഗുരു നിത്യചൈതന്യയതി ലോ കോളേജ് പ്രിൻസിപ്പൽ ശിവജിയും വൈസ് പ്രിൻസിപ്പൽ ഡോ. അന്ന വി. പുത്തൂരാനും ആർച്ചയ്ക്ക് പ്രവേശനരേഖകൾ കൈമാറുന്നു, മക്കളുമായി സ്കൂളിൽ നിന്ന് മടങ്ങുന്ന രമ്യ (ഫയൽ ചിത്രം), രമ്യയുടേയും കുടുംബത്തിന്റേയും ദുരവസ്ഥ കാണിച്ച് 2016 ജൂൺ 30-ന് 'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാർത്ത

ഹരിപ്പാട്: ’നന്നായി പഠിക്കും, വക്കീലാകും. കഷ്ടപ്പെടുന്നവരെ ആകുംവിധം സഹായിക്കും. ദുരിതകാലത്ത് സഹായിച്ചവർ, ഒപ്പംനിന്നവർ... എല്ലാം മനസ്സിലുണ്ട്’  -ആർച്ചയുടെ നിശ്ചയദാർഢ്യം നിറഞ്ഞ വാക്കുകൾ. അടുത്തുനിന്നതുകേട്ട അമ്മ രമ്യയുടെ കണ്ണുകൾ നിറഞ്ഞു. പ്രതിസന്ധികളെ തോൽപ്പിച്ച് എൽഎൽബി പ്രവേശനം നേടിയതിന്റെ സന്തോഷത്തിലാണ് ആർച്ച. കായംകുളം കരീലക്കുളങ്ങര ഗുരു നിത്യചൈതന്യയതി ലോ കോളേജിലാണ് പ്രവേശനം കിട്ടിയത്.

സ്വന്തമായി വീടില്ലാതിരുന്ന ആർച്ചയുടെ കുടുംബത്തിന്റെ സങ്കടം നാടറിഞ്ഞത് ‘മാതൃഭൂമി’ വാർത്തയിലൂടെയാണ്. തീവണ്ടികളായിരുന്നു ഇവരുടെ വീട്. ഹരിപ്പാട് റെയിൽവേസ്റ്റേഷനിൽനിന്ന്‌ വൈകുന്നേരം തീവണ്ടിയിൽ കയറും. രാത്രി മുഴുവൻ യാത്ര.

പകൽ ആർച്ചയും അനിയത്തി ആതിരയും സ്കൂളിൽ പോകും. മുട്ടം മുല്ലക്കര എൽപി സ്കൂളിലായിരുന്നു പഠനം. അന്ന് ആർച്ച നാലാം ക്ളാസിലാണ്. ആതിര രണ്ടിലും. പ്ലസ്‌വണിനു പഠിക്കുകയാണ് ആതിരയിപ്പോൾ. അച്ഛൻ പ്രദീപും അമ്മ രമ്യയും ചെറിയജോലികൾ ചെയ്താണ് കുടുംബം പുലർത്തുന്നത്.

‘മാതൃഭൂമി’യിലൂടെ ദുരിതമറിഞ്ഞവർ മനസ്സറിഞ്ഞ്‌ സഹായിച്ചതാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. നടി മഞ്ജുവാര്യർ ആദ്യം വാടകവീട് ഏർപ്പാടാക്കി. പിന്നാലെ പുതിയവീട് നിർമിച്ചുനൽകി. ആ വീടായ ഏവൂർവടക്ക് അൻപറയിലാണ് ഇവരിപ്പോൾ താമസം. മികച്ച മാർക്കോടെയാണ് ആർച്ച പ്ളസ് ടു ജയിച്ചത്. ആർച്ച ആഗ്രഹിച്ചപോലെ വക്കീലാകാൻ പഠിക്കുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. 19-ന് ക്ലാസ് തുടങ്ങും.

'മാതൃഭൂമി' പ്രസിദ്ധീകരിച്ച വാർത്തകൾ

പഞ്ചവത്സര എൽഎൽബി പ്രവേശനപ്പരീക്ഷയിൽ മികച്ച റാങ്കോടെയാണ് ലോ കോളേജിൽ സർക്കാർ മെറിറ്റിൽ അലോട്‌മെന്റ് ലഭിച്ചത്. ലക്ഷത്തോളം രൂപ അടയ്ക്കണമായിരുന്നു. ഇതുകണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ രമ്യയുടെ ജീവിതം അടുത്തറിയാവുന്ന അധ്യാപിക സൃഹൃത്തുക്കൾ വഴി കോളേജ് അധികൃതരുമായി ബന്ധപ്പെട്ടു.

വാർത്ത മനസ്സിലുണ്ടായിരുന്ന കോളേജ് മാനേജർ ഡോ. അനിൽകുമാർ ഉടൻ പ്രവേശത്തിനു നടപടിയെടുത്തു. ഫീസ് ഉൾപ്പെടെ എല്ലാ ചെലവുകളും കോളേജ് വഹിക്കുമെന്ന് ഉറപ്പുനൽകി. യൂണിഫോം ഉൾപ്പെടെയുള്ളവയും സൗജന്യമായി നൽകും. സർവകലാശാലയുമായി ബന്ധപ്പെട്ട ഫീസുകൾ മാത്രം കുടുംബം വഹിച്ചാൽ മതി. പ്രിൻസിപ്പൽ എ.ജെ. ശിവജി, വൈസ് പ്രിൻസിപ്പൽ ഡോ. അന്ന വി. പുത്തൂരാൻ എന്നിവർചേർന്ന് ആർച്ചയ്ക്ക് പ്രവേശനരേഖകൾ കൈമാറി.

Content Highlights: From train home to LLB; Haripad native Aarcha's story of struggle and survival