‘ഇപ്പോഴാണോ പുറത്തിറങ്ങുന്നത്'; സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങൾ വൈകിയതിന്റെ കാരണം പറഞ്ഞ് പെപ്പെ

കഴിഞ്ഞദിവസമാണ് 150 കോടി ഇന്ത്യക്കാരുടേയും അഭിമാനമുയർത്തിക്കൊണ്ട് ഇന്ത്യ ടി20 ക്രിക്കറ്റ് ലോകകിരീടം സ്വന്തമാക്കിയത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസീലൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ കപ്പുയർത്തിയത്. മത്സരം നേരിൽ കാണാനായി സ്റ്റേഡിയത്തിൽ പോയവരെല്ലാം അവിടെനിന്നുള്ള ചിത്രങ്ങൾ തിങ്കളാഴ്ച തന്നെ തങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ മലയാളികൾക്ക് പ്രിയപ്പെട്ട ഒരാളും സ്റ്റേഡിയത്തിലുണ്ടായിരുന്നു.
പെപ്പെ എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിക്കുന്ന നടൻ ആന്റണി വർഗീസായിരുന്നു അത്. ഗുജറാത്തിലെത്തി മത്സരം നേരിൽ കാണുകയും വിജയമാഘോഷിക്കുകയും ചെയ്‌തെങ്കിലും അവിടെ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത് ചൊവ്വാഴ്ച രാത്രിയാണ്. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിലെ സന്തോഷം പ്രകടിപ്പിച്ചതിനൊപ്പം ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ വൈകിയതിനെ കുറിച്ചും നിരവധി പേർ രസകരമായ കമന്റുകളിട്ടിരുന്നു.
Don’t Miss: ലോകകപ്പ് ഫൈനലിൽ വൈറലായ സുന്ദരിയെ തിരഞ്ഞ് സോഷ്യൽ മീഡിയ; അദിതി ഹുണ്ടിയയെ അറിയാം
'ഇയാൾ ഇപ്പോഴാണോ കളി കഴിഞ്ഞ് ഇറങ്ങുന്നത്?' എന്നാണ് ഒരാൾ കമന്റിട്ടത്. ഈ കമന്റിന് മറുപടിയായി ആന്റണി വർഗീസ് താൻ എന്തുകൊണ്ടാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ വൈകിയതെന്ന് വിശദീകരിച്ചു. 'ചിത്രങ്ങൾ എടുത്തവൻ ഇന്നാണ് അയച്ചുതന്നത് ബ്രോ' എന്നായിരുന്നു പെപ്പെയുടെ മറുപടി. ഇതോടെ കമന്റ് ബോക്‌സിൽ കൂട്ടച്ചിരിയുയർന്നു.
ആന്റണിയുടെ വിശദീകരണത്തിന് മറുപടിയായി രസകരമായ ഒട്ടേറ കമന്റുകളാണ് വന്നത്. 'എല്ലാ കൂട്ടത്തിലും കാണും അത്‌പോലെ ഒരുത്തൻ' എന്നാണ് ഒരാൾ കുറിച്ചത്. 'ഐഫോൺ ഉള്ള ചങ്ക് ആണോ ചിത്രങ്ങളെടുത്തത്?' എന്ന് മറ്റൊരാൾ. ഇങ്ങനെയുള്ളവർ കാരണം ഓണത്തിനെടുത്ത ചിത്രം ക്രിസ്മസിന് പോസ്റ്റ് ചെയ്യേണ്ടിവന്നിട്ടുണ്ടെന്ന അനുഭവമാണ് ഇനിയൊരാൾ പറഞ്ഞത്.
എന്തുകൊണ്ടാണ് ചിത്രങ്ങൾ വൈകിയത് എന്നതിന് ആരാധകർ തന്നെ 'കണ്ടെത്തിയ' രസകരമായ കാരണങ്ങളും കമന്റ്‌ബോക്‌സിൽ കാണാം. 'സ്റ്റേഡിയത്തിൽ വെച്ച് ഏതോ ഗുജറാത്തിയെ ഇടിച്ച് സ്റ്റേഷനിൽ ആയിരുന്നു. ഇന്നാണ് പുറത്ത് ഇറങ്ങിയത് എന്ന് തോന്നുന്നു' എന്നാണ് ഒരാൾ കമന്റിട്ടത്. സഞ്ജു കളി കഴിഞ്ഞ് വീട്ടിലെത്തിയല്ലോ, പെപ്പെ ഇതുവരെ അവിടുന്ന് ഇറങ്ങിയില്ല, ഇന്നെങ്കിലും ഇട്ടത് നന്നായി എന്നെല്ലാം വേറേയും രസകരമായ ധാരാളം കമന്റുകളാണ് പെപ്പെയുടെ പോസ്റ്റിലുള്ളത്.
Also Read: വിജയാഘോഷം പ്രണയപൂർവം; ലോകകപ്പ് വിജയത്തിന് പിന്നാലെ ഗ്രൗണ്ടിൽ ഹാർദിക് പാണ്ഡ്യയെ ചുംബിച്ച് മഹിക
ഇന്ത്യ ലോകകപ്പ് നേടിയതിന്റെ മുഴുവൻ സന്തോഷവും പ്രതിഫലിപ്പിക്കുന്ന ക്യാപ്ഷനാണ് ആന്റണി വർഗീസ് പോസ്റ്റിൽ കുറിച്ചത്. 'ഇന്ത്യ ഇന്ത്യ എന്ന ആർപ്പുവിളി ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു. ഈ ചരിത്രപരമായ വിജയംത്തിന് സാക്ഷിയാകുകയെന്നത് മാന്ത്രികമായ അനുഭവമായിരുന്നു. പ്രിയപ്പെട്ട സഞ്ജു സാംസൺ, നീ മത്സരം വിജയിക്കുക മാത്രമല്ല ചെയ്തത്, ഞങ്ങളുടെ ഹൃദയങ്ങൾ കീഴടക്കുക കൂടിയാണ്. ഇന്ത്യയുടെ ചരിത്രയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. ജയ്ഹിന്ദ്' -ഇതാണ് ആന്റണി വർഗീസ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്.
Content Highlights: Malayalam actor Antony Varghese (Pepe) shared his T20 World Cup celebration photos from Ahmedabad a day late. When fans jokingly asked if he was just leaving the stadium, Pepe gave a relatable reply: "The guy who took the photos only sent them today, bro!"