3620 ദിവസങ്ങളുടെ കാത്തിരിപ്പ്, മാതാപിതാക്കളെ സ്വന്തം ചെലവിൽ യുഎസിലെത്തിച്ച് ഇന്ത്യൻ യുവതി

അങ്കിത മിശ്ര കുടുംബാംഗങ്ങള്‍ക്കൊപ്പം | Photo: linkedin/ankita
അങ്കിത മിശ്ര കുടുംബാംഗങ്ങള്‍ക്കൊപ്പം | Photo: linkedin/ankita

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ മാതാപിതാക്കളെ അമേരിക്കയിലേക്ക് കൊണ്ടുവന്നതിന്റെ സന്തോഷം പങ്കുവെച്ച് യുവതി. അങ്കിത മിശ്ര എന്ന ഇന്ത്യൻ യുവതിയാണ് ഹൃദയസ്പർശിയായ കുറിപ്പ് ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചത്. സിയാറ്റിലിലെ അറ്റ്‌ലാസിയൻ കമ്പനിയിൽ സീനിയർ പ്രൊഡക്റ്റ് മാനേജറാണ് അങ്കിത.

ഇരുപത് വയസുള്ളപ്പോഴാണ് ഉപരിപഠനത്തിനായി അങ്കിത അമേരിക്കയിലേക്ക് കുടിയേറിയത്. ഒരു ദിവസം സ്വന്തം സമ്പാദ്യം കൊണ്ട് മാതാപിതാക്കളെ അമേരിക്കയിലേക്ക് കൊണ്ടുവരുമെന്ന് താൻ അന്ന് രഹസ്യമായി പ്രതിജ്ഞയെടുത്തിരുന്നുവെന്നും അങ്കിത കുറിച്ചു. ഒടുവിൽ പത്ത് വർഷമാകാറായപ്പോൾ ആ ആഗ്രഹം സാധിച്ചുവെന്നും അങ്കിത പറയുന്നു.

എയർപോർട്ട് അറൈവൽ ടെർമിനലിൽ മാതാപിതാക്കളേയും ഭർത്താവിന്റെ മാതാപിതാക്കളേയും സ്വീകരിക്കുന്ന ചിത്രവും അങ്കിത പങ്കുവെച്ചു. 'ഇതിനായി ഞാൻ 3620-ൽ അധികം ദിവസങ്ങളായി കാത്തിരുന്നു. അച്ഛനും അമ്മയ്ക്കും അമേരിക്കയിലേക്ക് സ്വാഗതം' എന്നെഴുതിയ പ്ലക്കാർഡും അങ്കിതയുടെ കൈയിലുണ്ടായിരുന്നു.

2019-ൽ അങ്കിത ബിരുദം പൂർത്തിയാക്കിയിരുന്നു. എന്നാൽ അപ്പോഴൊന്നും ആ ആഗ്രഹം മാത്രം നടന്നില്ല. കോവിഡ് വ്യാപനവും കുടുംബത്തിലെ വിവാഹവും സാമ്പത്തിക പ്രശ്‌നവുമെല്ലാം ഇതിന് തടസ്സമായി. 'ജീവിതം എന്നോട് കാത്തിരിക്കാൻ പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ നിരാശയിലായില്ല. എന്റെ അമ്മയുടെ വിവാഹം 19-ാം വയസിലായിരുന്നു. വർഷങ്ങളോളും കുടുംബത്തിലെ ഏക വരുമാനമുള്ള വ്യക്തി അച്ഛനായിരുന്നു. മകൾക്ക് എന്നെങ്കിലും മികച്ച ജീവിതമുണ്ടാകുമെന്ന് കരുതി അദ്ദേഹം ഓരോ രൂപയും കൂട്ടുവെച്ചു. അവർ ചെയ്ത ത്യാഗമാണ് എയർപോർട്ടിൽ അവർക്കായി ബോർഡും പിടിച്ച് നിൽക്കാൻ എന്നെ പ്രാപ്തയാക്കിയത്.'-അങ്കിത കുറിച്ചു.

പ്രവാസികൾ കഠിനധ്വാനം ചെയ്യുന്നതിന് പല കാരണങ്ങളുണ്ടാകാമെന്നും എന്നാൽ തങ്ങൾക്കുവേണ്ടി ജീവിതം മാറ്റിവെച്ച മാതാപിതാക്കൾക്ക് നമ്മുടെ വിജയങ്ങൾ കാണിച്ചുകൊടുക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നും അങ്കിത കുറിച്ചു. ഈ പോസ്റ്റിന് താഴെ ഒട്ടേറെപ്പേരാണ് സമാന അനുഭവങ്ങൾ പങ്കുവെച്ചത്. ജോലി നഷ്ടപ്പെട്ടിട്ടും കൈയിലുണ്ടായിരുന്ന അവസാന സമ്പാദ്യമെടുത്ത് മാതാപിതാക്കളെ തന്റെ ഗ്രാജ്വേഷൻ ചടങ്ങിനെത്തിച്ചു എന്നായിരുന്നു ഒരു കമന്റ്. ചില നേട്ടങ്ങൾ അളക്കേണ്ടത് ശമ്പളം കൊണ്ടല്ലെന്നും മാതാപിതാക്കളുടെ മുഖത്തെ പുഞ്ചിരി കൊണ്ടാണെന്നും മറ്റൊരാൾ കുറിച്ചു.

Content Highlights: Atlassian PM Ankita Mishra reunites with parents after 3,620 days., The journey highlights the sacrifices of Indian immigrants in the US., Pandemic delays and life milestones postponed the reunion for over a decade., The story emphasizes the emotional value of giving parents a front-row seat to one's success.