അനിരുദ്ധും കാവ്യാ മാരനും വിവാഹിതരാകുന്നു? വിവാഹം സ്‌പെയിനിലും റിസപ്ഷൻ ചെന്നൈയിലെന്നും റിപ്പോർട്ട്

തൊട്ടതെല്ലാം പൊന്നാക്കിയ സംഗീതസംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ബോളിവുഡിൽ ഉൾപ്പെടെ തന്റേതായ ഇടം കണ്ടെത്തിയ അനിരുദ്ധ് ഇപ്പോൾ വിവാഹത്തിനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സഹ ഉടമയുമായ കാവ്യാ മാരനാണ് വധുവെന്നും ഫിൽമിബീറ്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഇക്കാര്യത്തിൽ അനിരുദ്ധോ കാവ്യയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കാവ്യയും അനിരുദ്ധും പ്രണയത്തിലാണെന്ന് ഏതാനും വർഷങ്ങൾ മുമ്പ് തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരേയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതിനെ തുടർന്നാണ് പ്രണയാഭ്യൂഹം പ്രചരിച്ചത്. അന്ന് അത്തരം പ്രചാരണങ്ങളെ അനിരുദ്ധ് ചിരിച്ചുതള്ളിയിരുന്നു. കിംവദന്തികൾ പ്രചരിപ്പിക്കരുത് എന്നാണ് വിവാഹവാർത്തയോട് പ്രതികരിച്ച് ചിരിച്ചുകൊണ്ട് അനിരുദ്ധ് അന്ന് എക്‌സിൽ കുറിച്ചത്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം അനിരുദ്ധിന്റേയും കാവ്യയുടേയും കുടുംബങ്ങൾ വിവാഹക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. വിവാഹം സ്‌പെയിനിൽ വെച്ച് നടത്താനാണ് തീരുമാനം. ഇതിന് ശേഷം ഗംഭീരമായ റിസപ്ഷൻ ചെന്നൈയിൽ വെച്ചുണ്ടാകുമെന്നും ഫിൽമിബീറ്റ് റിപ്പോർട്ട് ചെയ്യുന്നു.
Also Read: അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നു, വധു ഐപിഎൽ ടീം ഉടമ കാവ്യ മാരൻ; റിപ്പോർട്ട്
സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. 2018-ലാണ് അവർ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ചുമതലയേൽക്കുന്നത്. അതിനുശേഷം ടീമിന്റെ മത്സരങ്ങൾക്കെല്ലാം സ്റ്റേഡിയത്തിലെത്താറുണ്ടായിരുന്നു.
ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനുവേണ്ടി അനിരുദ്ധ് സംഗീതം നൽകിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം വൻ ഹിറ്റായിരുന്നു. അജിത് നായകനായ വിടാമുയർച്ചിയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
Content Highlights: Speculation is rife that music composer Anirudh Ravichander and Sunrisers Hyderabad co-owner Kavya Maran are getting married in Spain, with a grand reception planned in Chennai, though neither has officially confirmed the news.