ചെറുവിരലിൽ വന്ന മുറിവ്, പിന്നാലെ കാൽമുറിച്ചുമാറ്റി; വെപ്പുകാലുമായി കിലോമീറ്ററുകള്‍ കീഴടക്കി അനില്‍

ന്യൂഡല്‍ഹി: ഡ്രൈവിങ് സീറ്റിലിരുന്ന് താന്‍ കാല്‍ക്കീഴിലാക്കിയ ദൂരങ്ങളായിരുന്നു ആശുപത്രിക്കിടക്കയിലായ നാളുകളില്‍ അനിലിന്റെ മനസ്സില്‍. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് കാറോടിച്ച് 548 യാത്രകള്‍! എന്നാല്‍, ആ യാത്രകളിലെല്ലാം ക്ലച്ചമര്‍ത്തിയ തന്റെ ഇടതുകാല്‍ മുട്ടിനുകീഴെ മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. തനിക്കിനി കാറോടിക്കാനാവില്ലെന്ന തോന്നലിന് കാല്‍ മുറിച്ചതിനേക്കാള്‍ വേദന. പക്ഷേ കീഴടങ്ങാനല്ല, ദൂരങ്ങള്‍ കീഴടക്കാനാണ് ജീവിതമെന്ന് തിരിച്ചറിഞ്ഞതോടെ വെപ്പുകാലുമായി അനില്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയിരിക്കുകയാണ്.
മന്ത്രിമാര്‍ക്ക് അകമ്പടി പോകുന്ന വാഹനമോടിക്കാന്‍ ഡല്‍ഹി പോലീസിന് വേണ്ടി ജോലി ചെയ്തുകൊണ്ടിരിക്കേ 1993-ല്‍ ആരംഭിച്ചതാണ് അനിലിന്റെ ഡല്‍ഹി- കേരള കാര്‍ യാത്രകള്‍. പത്തനംതിട്ട തുമ്പമണ്‍താഴം സ്വദേശിയായ അനില്‍ കുമാറിന് പിന്നെയത് ജീവിതമാര്‍ഗമായി. ഡല്‍ഹിയില്‍ നിന്ന് പഴയ കാറുകള്‍ വാങ്ങി നാട്ടിലേക്ക് ഓടിച്ചെത്തിച്ചുകൊടുക്കുകയാണ് അനില്‍ ചെയ്തുവന്നത്. അങ്ങനെ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് 548 യാത്രകള്‍ കഴിഞ്ഞപ്പോഴാണ് അനിലിന്റെ ഓട്ടത്തിന് ബ്രേക്ക് വീണത്.
ഇടതുകാലിന്റെ ചെറുവിരലില്‍ വന്ന ചെറിയൊരു മുറിവിനെ കടുത്ത പ്രമേഹം വളര്‍ത്തി വലുതാക്കി. തുടര്‍ന്ന് 2023 നവംബറില്‍ ആലപ്പുഴ പരുമലയിലെ ആശുപത്രിയില്‍ വെച്ച് മുറിച്ചുമാറ്റി. ഒരുവര്‍ഷത്തെ വിശ്രമവേളയിലും വാഹനങ്ങളായിരുന്നു അനിലിന്റെ മനസ്സില്‍. ഡല്‍ഹിയില്‍ നിന്ന് വെപ്പുകാല്‍ തയ്യാറാക്കുമ്പോള്‍ അനിലിന് ഒരേയൊരു നിര്‍ബന്ധമേയുണ്ടായിരുന്നുള്ളൂ. ഡ്രൈവ് ചെയ്യുമ്പോള്‍ ക്ലച്ചമര്‍ത്താന്‍ സാധിക്കണം.
ഈവര്‍ഷമാദ്യം, വെപ്പുകാലുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെടാന്‍ തന്നെ അനില്‍ തീരുമാനിച്ചു. ഓട്ടോമാറ്റിക് ഫോര്‍ച്യൂണര്‍ കാറുമായി നടത്തിയ ആദ്യ പരീക്ഷണം വിജയിച്ചു. ഓട്ടോമാറ്റിക് കാറില്‍ ക്ലച്ചമര്‍ത്തേണ്ട ആവശ്യമില്ലാത്തതിനാല്‍ വെപ്പുകാലിന് ആ യാത്രയില്‍ ജോലിയുണ്ടായില്ല. എന്നാല്‍ എപ്പോഴും ഓട്ടോമാറ്റിക് വാഹനങ്ങളുമായി പോകാനാവില്ലല്ലോ? അടുത്ത യാത്ര ഓട്ടോമാറ്റിക്കല്ലാത്ത കാറില്‍ തന്നെ നടത്തി നോക്കി. ആദ്യമൊക്കെ വലിയ പ്രയാസമായിരുന്നു. പലപ്പോഴും ക്ലച്ച് ചവിട്ടുമ്പോള്‍ കൈ കൊണ്ട് കാല്‍മുട്ടിന് മുകളില്‍ അമര്‍ത്തിക്കൊടുക്കേണ്ടിവരും. പിന്നെപ്പിന്നെ അതില്ലാതെ തന്നെ ഓടിക്കാമെന്നായി. ഇപ്പോള്‍ അനിലിന്റെ ഡല്‍ഹി- കേരളം യാത്ര 557 ട്രിപ്പുകള്‍ പിന്നിട്ടുകഴിഞ്ഞു.
ഡല്‍ഹിയില്‍ പെട്രോള്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും ഡീസല്‍ വാഹനങ്ങള്‍ക്ക് പത്ത് വര്‍ഷവും കാലാവധി നിശ്ചയിച്ചതോടെയാണ് ഇവിടെ നിന്ന് കാറുകള്‍ ധാരാളമായി നാട്ടിലെത്തിത്തുടങ്ങിയത്. ഇതുവരെ കൊണ്ടുപോയ കാറുകളില്‍ പകുതിയോളം ഇന്നോവയായിരുന്നുവെന്ന് അനില്‍ പറയുന്നു. ആശാവര്‍ക്കറായ ജയശ്രീയാണ് അനിലിന്റെ ഭാര്യ. മകള്‍ ആതിര.
ഹൈവേകള്‍ കൂടി, യാത്രാസമയം കുറഞ്ഞു
പണ്ട് അഞ്ച് ദിവസം വരെ എടുത്താണ് ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ റോഡുകള്‍ നന്നായതോടെ രണ്ട് ദിവസം കൊണ്ട് കേരളത്തിന്റെ അതിര്‍ത്തി കടക്കാമെന്ന് അനില്‍ പറയുന്നു. ഡല്‍ഹി- മുംബൈ എക്‌സ്പ്രസ് വേ ഭാഗികമായി തുറന്നതോടെ അതിലൂടെയാണ് ഇപ്പോള്‍ യാത്ര. ഡല്‍ഹിയില്‍ നിന്ന് ഗുരുഗ്രാമിലൂടെ മുംബൈ എക്‌സ്പ്രസ് വേയില്‍ കയറി രാജസ്ഥാനിലെ ദൗസയിലെത്തും. തുടര്‍ന്ന് മധ്യപ്രദേശിലെ രത്‌ലം, ഇന്‍ഡോര്‍ വഴി മഹാരാഷ്ട്രയിലേക്ക് കടന്ന് ഔറംഗാബാദ്, സോലാപുര്‍, ബീജാപുര്‍ വഴി കര്‍ണാടകത്തിലെ ഹൂബ്ലിയിലെത്തും. അവിടെ നിന്ന് ഉഡുപ്പി, മംഗലാപുരം വഴി കാസര്‍കോട്ടേയ്ക്ക് കയറും. വാഹനം എത്തിക്കേണ്ടത് തെക്കന്‍ ജില്ലകളിലേക്കാണെങ്കില്‍പ്പോലും ഈ റൂട്ടാണ് മെച്ചമെന്ന് അനില്‍ പറയുന്നു.
Content Highlights: Anil's inspiring Delhi-Kerala car journey continues after leg amputation.