‘പ്രിയപ്പെട്ട ദാദു ഇനി ഓർമ്മ’; മുത്തച്ഛന്റെ വേർപാടിൽ വികാരാധീനയായി ബോളിവുഡ് താരം അനീത് പദ്ദ

#Lifestyle desk
അനീത് പദ്ദ| ഫോട്ടോ: PTI
അനീത് പദ്ദ| ഫോട്ടോ: PTI

ബോളിവുഡ് നടി അനീത് പദ്ദയുടെ മുത്തച്ഛൻ അന്തരിച്ചു. തന്റെ ജീവിതത്തിലെ ഏക സ്നേഹം എന്ന് മുത്തച്ഛനെ വിശേഷിപ്പിച്ച താരം ഇൻസ്റ്റാഗ്രാമിലൂടെയാണ് ദുഃഖവാർത്ത പങ്കുവെച്ചത്. മുത്തച്ഛന്റെ കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തോടൊപ്പം ഹൃദയസ്പർശിയായ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

അനീതിന്റെ മുത്തച്ഛൻ അൽഷിമേഴ്‌സ് ബാധിതനായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രോഗം കാരണം അദ്ദേഹത്തിന് അനീതിന്റെ പേര് പോലും ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. രോഗാവസ്ഥ കാരണം തിയേറ്ററിൽ പോകാൻ കഴിയാതിരുന്ന അദ്ദേഹത്തിന് സൈയാറ എന്ന സിനിമയിലെ ദൃശ്യങ്ങൾ കാണിച്ചുകൊടുത്തപ്പോൾ അദ്ദേഹം പുഞ്ചിരിയോടെ അത് തിരിച്ചറിഞ്ഞിരുന്നുവെന്നും അത് തനിക്ക് ഏറെ പ്രിയപ്പെട്ട നിമിഷമാണെന്നും അനീത് മുൻപ് പങ്കുവെച്ചിട്ടുണ്ട്. 

"ഓർമ്മകളിൽ നിന്ന് അകന്നുപോകുമ്പോഴും കൊച്ചുമകളെ മറന്നില്ല. ഓർമ്മകൾ കൈവിട്ടുപോയപ്പോഴും സ്നേഹത്തെ മുറുകെ പിടിച്ചു. നിങ്ങളുടെ തമാശകളും കഥകളും ദയയും ഞാൻ എന്നും ലോകത്തോട് പങ്കുവെക്കും. പഠിപ്പിച്ചുതന്ന നിരുപാധികമായ സ്നേഹം ഞാൻ എന്നും കൂടെക്കൂട്ടും. ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തെ ഇന്ന് ഞാൻ കണ്ടു, നിങ്ങൾ എവിടെയാണെന്ന് എനിക്കറിയാം. ലവ് യൂ ദാദു"- അനീത് കുറിച്ചു. 

മോഹിത് സൂരി സംവിധാനം ചെയ്ത സൈയാറ എന്ന ചിത്രത്തിലൂടെയാണ് അനീത് പദ്ദ ബോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. അഹാൻ പാണ്ഡെ നായകനായ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. 2026-ലെ ചേതക് സ്ക്രീൻ അവാർഡ്‌സിൽ മികച്ച നവാഗത നടി ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ അനീതിനെ തേടിയെത്തിയിരുന്നു.

Content Highlights: Actress Aneet Padda announces the passing of her grandfather