വളർ‌ന്നത് അവർക്കൊപ്പം, ഇഷ്ടങ്ങൾ അടിച്ചേൽപ്പിച്ചില്ല; ഗൗരി ഖാൻ വീട് ഡിസൈൻ ചെയ്തതിനേക്കുറിച്ച് അനന്യ

അനന്യ പാണ്ഡ്യ, അനന്യ പാണ്ഡ്യ ഗൗരി ഖാനൊപ്പം| ഫോട്ടോ: PTI, Instagram/@ananyapanday
അനന്യ പാണ്ഡ്യ, അനന്യ പാണ്ഡ്യ ഗൗരി ഖാനൊപ്പം| ഫോട്ടോ: PTI, Instagram/@ananyapanday

ബോളിവുഡ് താരം അനന്യ പാണ്ഡെ തൻ്റെ വീടെന്ന സ്വപ്നം സഫലമാക്കുന്നത് 2023-ലാണ്. മുംബൈയിലെ തൻ്റെ വീടിൻ്റെ ഡിസൈനറെ കുറിച്ച് വികാരഭരിതയായി സംസാരിച്ചിരിക്കുകയാണ് താരം. പ്രമുഖ ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാതാവും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാൻ വീട് ഡിസൈൻ ചെയ്തത് വളരെ വൈകാരികമായ തീരുമാനമായിരുന്നുവെന്ന് എൻഐഎഫിന് (ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ) നൽകിയ അഭിമുഖത്തിൽ അനന്യ പാണ്ഡെ പറഞ്ഞു. 

താൻ രണ്ടാമത്തെ അമ്മയെ പോലെ കാണുന്ന ഗൗരി ഖാനുമായി ചേർന്ന് വീട് നിർമിച്ചതിലുള്ള അനുഭവവും അനന്യ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്. 
'എൻ്റെ വീട് ഗൗരി ഖാൻ ഡിസൈൻ ചെയ്യുക എന്നുള്ളത് വൈകാരികമായ ഒരു തീരുമാനമായിരുന്നു. ചെറുപ്പം മുതലേ ഞാൻ അവരോടൊപ്പമാണ് വളർന്നത്, ഞാൻ എന്താണെന്ന് അവർക്ക് കൃത്യമായി അറിയാം. മകൾ സുഹാനയ്ക്ക് വേണ്ടി വീട് ഡിസൈൻ ചെയ്യുകയാണെങ്കിലും ഇതുപോലെയൊന്നാകും എന്നാണ് ഗൗരി ഖാൻ പറഞ്ഞത്'- അനന്യ പറയുന്നു.

അടുത്തറിയാമായിരുന്നിട്ട് പോലും ഇൻ്റീരിയർ ഡിസൈനറെന്ന നിലയ്ക്ക് തൻ്റെ താത്പര്യങ്ങൾക്ക് വളരെഅധികം പരിഗണ ഗൗരി ഖാൻ നൽകിയെന്നും അനന്യ ഓർക്കുന്നുണ്ട്. 'ചെറുപ്പം മുതൽ അറിയാമെങ്കിലും ഒരിക്കലും അവരുടെ ഇഷ്ടങ്ങളോ തീരുമാനങ്ങളോ അഭിപ്രായങ്ങളോ എന്നിൽ അടിച്ചേൽപ്പിച്ചില്ല. എല്ലം എനിക്ക് വിട്ടുതരികയായിരുന്നു. കുറെയേറെ ചോദ്യങ്ങളും സംഭാഷണങ്ങളും നിറഞ്ഞതായിരുന്നു വീടിൻ്റെ പണി. നിനക്ക് താത്പര്യമുളളതാണോ, ഇത് പരീക്ഷിച്ച് നോക്കണോ എനിങ്ങനെയുള്ള ചോദ്യങ്ങൾ... ഇൻ്റീരിയർ ഡിസൈനിങ് വളരെ വ്യക്തിപരമായ കാര്യമായതുകൊണ്ടുതന്നെ വ്യക്തിയെ അറിയുക എന്നത് വളരെ പ്രധാനമാണ്'- അഭിമുഖത്തിൽ അനന്യ പറഞ്ഞു. 

ഇരുവരും ഒരുമിച്ച് വീട്ടിനുള്ളിലുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ അനന്യ മുമ്പ് പങ്കുവച്ചിരുന്നു. മറ്റാരെക്കാളും ഭംഗിയായി ഗൗരി തന്റെ ഇഷ്ടങ്ങളെ മനസ്സിലാക്കിയെന്നും അനന്യ പോസ്റ്റില്‍ എഴുതി. സ്വന്തമായി വീട് വാങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷം പങ്കുവച്ച അനന്യ വളരെ സവിശേഷമായ രീതിയിലാണ് ഗൗരി ഖാന്‍ തനിക്കുവേണ്ടി ഈ വീട് ഡിസൈന്‍ ചെയ്തുതന്നതെന്നും അവരോട് തനിക്ക് അതിയായ സ്‌നേഹമുണ്ടെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. 

അനന്യയുടെ പിതാവ് ചങ്കി പാണ്ഡെയും അമ്മ ഭാവന പാണ്ഡെയും വളരെ കാലമായി ഖാൻ കുടുംബവുമായി അടുത്ത സൗഹൃദം പങ്കിടുന്നവരാണ്. 

Content Highlights: Bollywood actress Ananya Panday`s Mumbai home designed by Gauri Khan