'നീയെന്റെ ലോകം ചിരികൊണ്ട് നിറച്ചു,നീയില്ലാത്ത ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല'-വേദനയോടെ അമൃത സുരേഷ്

അമൃത സുരേഷ്/ അമൃത സുഹൃത്തിനൊപ്പം | Photo: instagram/ amrutha suresh
അമൃത സുരേഷ്/ അമൃത സുഹൃത്തിനൊപ്പം | Photo: instagram/ amrutha suresh

കാലത്തില്‍ വിട പറഞ്ഞ സുഹൃത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ച് ഗായിക അമൃത സുരേഷ്. നഴ്‌സറിയില്‍ പഠിക്കുന്ന കാലം തൊട്ട് കൂടെയുള്ള സുഹൃത്താണ് തന്നെ വിട്ടുപോയതെന്നും ആ അഭാവം ആര്‍ക്കും നികത്താന്‍ കഴിയില്ലെന്നും അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തന്നെ മനസിലാക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ആളാണ്. എന്ത് പറയണമെന്നുപോലും തനിക്ക് അറിയില്ലെന്നും കൈകള്‍ ഇപ്പോഴും വിറയ്ക്കുന്നുണ്ടെന്നും അമൃത പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സുഹൃത്തിനൊപ്പമുള്ള ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'എന്ത് പറയണമെന്നുപോലും എനിക്കറിയില്ല. എന്റെ കൈകള്‍ ഇപ്പോഴും വിറയ്ക്കുന്നു. ഞാന്‍ ഇപ്പോഴും സ്തംഭിച്ചു നില്‍ക്കുകയാണ്. നീ ഇനി ഞങ്ങളോടൊപ്പം ഇല്ലെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇന്നേക്ക് നമ്മുടെ സൗഹൃദത്തിന് 32 വര്‍ഷം തികയുന്നു. നഴ്‌സറിയില്‍ തുടങ്ങിയ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഒരു കോട്ടവും തട്ടാതെ നിലനിന്ന ഒരു ബന്ധം. എന്റെ കുസൃതികളിലെ പങ്കാളി, എന്റെ സമാധാനദൂതന്‍, എന്റെ രക്ഷകന്‍, എന്റെ സന്തോഷം...ബബീഷേ, നീ ഇതെല്ലാമായിരുന്നു... അതിലുമെത്രയോ അധികവും.

നീ എപ്പോഴും എന്റെ വാക്കുകള്‍ പൂര്‍ണമാക്കി, എന്റെ അസ്വസ്ഥതകളെ നീ ശാന്തമാക്കി, എന്റെ ലോകം ചിരികൊണ്ട് നിറച്ചു.

ഏറ്റവും നല്ല സുഹൃത്തുക്കളെ നമുക്ക് എപ്പോഴും ലഭിക്കണമെന്നില്ല. ഒരു ജീവിതത്തില്‍ നമ്മള്‍ ആയിരക്കണക്കിന്, ഒരുപക്ഷേ ലക്ഷക്കണക്കിന് ആളുകളെ കണ്ടുമുട്ടുന്നു. എന്നാല്‍ എപ്പോഴെങ്കിലും ഒരിക്കല്‍ മാത്രം ദൈവം നമുക്ക് ആ ഒരാളെ സമ്മാനിക്കുന്നു. നമ്മളെ പൂര്‍ണ്ണമായി അറിയുന്ന, നമ്മോടൊപ്പം നില്‍ക്കുന്ന, നമ്മുടെ ജീവിതഭാരം കുറയ്ക്കുന്ന ഒരാള്‍. എനിക്കുവേണ്ടി ആ ഒരാള്‍ നീയായിരുന്നു.

ഇന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത ഒരു ശൂന്യത ഞാന്‍ അനുഭവിക്കുന്നു. നീയില്ലാത്ത ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. നീ എപ്പോഴും ഒരു ഫോണ്‍ കോളിനപ്പുറം ഉണ്ടായിരുന്നു. എപ്പോഴും എല്ലാവരെയും ചിരിപ്പിക്കുന്ന, ആരെയും കരയാന്‍ അനുവദിക്കാത്ത ഒരാള്‍. ഒരുപക്ഷേ ദൈവം ക്രൂരനല്ലായിരിക്കാം...നിന്റെ നിഷ്‌കളങ്കമായ ആത്മാവിന് ഈ ലോകം മതിയാവാതെ പോയതാവാം. നീ ഇപ്പോള്‍ ഇതിലും നല്ല ഒരിടത്താണെന്ന് എനിക്കറിയാം. നക്ഷത്രങ്ങള്‍ക്കിടയിലും അതേ സന്തോഷവും ചിരിയും പടര്‍ത്തുന്നുണ്ടാവും.

ബബീഷേ..., ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ എല്ലാവരും നിന്നെ സ്‌നേഹിക്കുന്നു. നിന്റെ അഭാവം ഒരിക്കലും നികത്താനാവില്ല. പക്ഷേ നിന്റെ ചൈതന്യം ഞങ്ങളില്‍ എന്നെന്നുമുണ്ടാകും. ഇനി നക്ഷത്രങ്ങള്‍ കൂടുതല്‍ തിളക്കത്തോടെ പ്രകാശിക്കും. കാരണം നീയും ഇപ്പോള്‍ അവിടെയുണ്ടല്ലോ.'-അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlights: amrutha sureshs emotional post about friends death