'എന്ത് സംഭവിച്ചാലും ഞാന്‍ അമിത്തിനെ ഉപേക്ഷിക്കില്ല' -അന്ന് രേഖയോട് ജയ ബച്ചന്‍ പറഞ്ഞു

ബോളിവുഡില്‍ ഏറെ ചര്‍ച്ചയായിരുന്നു അമിതാഭ് ബച്ചന്റേയും ജയയുടേയും വിവാഹം. നടി രേഖയും അമിതാഭ് ബച്ചനും തമ്മിലുള്ള പ്രണയവും ഇതിനോടൊപ്പം കൂട്ടിവായിക്കപ്പെട്ടിരുന്നു. മൂന്നു പേരേയും ഉള്‍പ്പെടുത്തി യഷ് ചോപ്ര 1981-ല്‍ സില്‍സില എന്ന ചിത്രം പുറത്തിറക്കുകയും ചെയ്തു. ബച്ചന്റെ യഥാര്‍ഥ ജീവിതത്തിലെ ജയ ബച്ചനുമായും സഹതാരം രേഖയുമായുമുള്ള ബന്ധത്തിലെ പിരിമുറുക്കങ്ങളെ ഈ ചിത്രം പ്രതിഫലിപ്പിക്കുന്നുവെന്നും അന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇതിനെ കുറിച്ച് ജീവചരിത്രകാരന്‍ യാസിര്‍ ഉസ്മാന്റെ 'രേഖ: ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. താന്‍ വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ലെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞതായി ഈ പുസ്തകത്തിലുണ്ട്. 'ഞങ്ങളുടെ കാര്യത്തില്‍ വിവാഹമോചനം ഒരിക്കലും സംഭവിക്കില്ല. ഞാന്‍ വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ല. കാരണം എന്റെ അടിസ്ഥാന സ്വഭാവം ഒരു ഇന്ത്യക്കാരന്റേതാണ്. ജയയെ ഭാര്യയായി സ്വീകരിച്ചപ്പോള്‍ ഞാന്‍ തികച്ചും മികച്ചൊരു തിരഞ്ഞെടുപ്പാണ് നടത്തിയത്.'-യാസിര്‍ ഉസ്മാന്റെ പുസ്തകത്തില്‍ അമിതാഭ് ബച്ചന്‍ പറയുന്നു.
രേഖയുടേയും ജയാ ബച്ചന്റേയും വാക്കുകളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകം എന്തു വേണമെങ്കിലും പറഞ്ഞോട്ടേയെന്നും അമിതാഭ് ബച്ചന്‍ തനിക്കൊരു വാക്ക് തന്നിട്ടുണ്ടെന്നും ജയ പറയുന്നു. 'മറ്റൊരാളുമായി പ്രണയത്തിലാണെന്ന് പറയാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായിരിക്കണം!. ഞാന്‍ അറിയാതെ എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ പ്രശ്‌നമാണ്. എന്റെ പ്രശ്‌നമല്ല. അദ്ദേഹം അതിനോടൊപ്പം ജീവിക്കണം. അദ്ദേഹത്തിന്റെ മനസ്സാക്ഷിയോടൊപ്പം.' പുസ്തകത്തില്‍ രേഖപ്പെടുത്തിയ ഒരു ഭാഗം ഇങ്ങനെയാണ്.
ഇതേ പുസ്തകത്തില്‍, രേഖ ഒരിക്കല്‍ ജയാ ബച്ചനെ അവരുടെ വീട്ടില്‍ വെച്ച് കണ്ടതിനെക്കുറിച്ചുള്ള ഒരു കഥ മാധ്യമങ്ങളില്‍ എങ്ങനെ കോളിളക്കം സൃഷ്ടിച്ചു എന്നും യാസിര്‍ ഉസ്മാന്‍ പറയുന്നുണ്ട്.
'ബച്ചന്‍ കുടുംബത്തില്‍ കാര്യങ്ങള്‍ നല്ല നിലയിലായിരുന്നില്ലെന്ന് അമിതാഭ് സമ്മതിക്കുന്നതിനോട് ഏറ്റവും അടുത്ത് വന്ന സന്ദര്‍ഭം ഇതാണ്. എന്നാല്‍ രേഖ മാധ്യമങ്ങളില്‍ തീ കോരിയിട്ടുകൊണ്ടിരുന്നു. സ്റ്റാര്‍ഡസ്റ്റുമായുള്ള ഒരഭിമുഖത്തില്‍ അവര്‍ വിചിത്രമായ ഒരു അവകാശവാദം ഉന്നയിച്ചു, ജയ ഒരിക്കല്‍ തന്നെ വീട്ടിലേക്ക് അത്താഴത്തിന് ക്ഷണിച്ചെന്ന്. രേഖയുമായുള്ള ബന്ധത്തില്‍ അമിതാഭ് ബച്ചന്‍ വൈകാരികമായി ഉള്‍പ്പെട്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയപ്പോഴാണ് ജയയ്ക്ക് വേദനിക്കാന്‍ തുടങ്ങിയത്. ഒരു ദിവസം വൈകുന്നേരം അവര്‍ എന്നെ അത്താഴത്തിന് വിളിച്ചു. അദ്ദേഹത്തെക്കുറിച്ചല്ലാതെ മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചെങ്കിലും ഞാന്‍ അവിടെ നിന്ന് പോകുന്നതിന് മുമ്പ് അവര്‍ എന്നോട് ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു, 'എന്തു സംഭവിച്ചാലും ഞാന്‍ അമിത്തിനെ ഉപേക്ഷിക്കില്ല'.-പുസ്തകത്തില്‍ പറയുന്നു.
Content Highlights: amitabh bachchans relationship with jaya and rekha