'കാന്താര കണ്ട് ദിവസങ്ങളോളം അവളുടെ ഉറക്കം നഷ്ടമായി'; മകള്‍ ശ്വേതയുടെ അനുഭവം പങ്കുവെച്ച് അമിതാഭ് ബച്ചന്‍

കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ഋഷഭ് ഷെട്ടി ഒരുക്കിയ ബ്രഹ്‌മാണ്ഡചിത്രം കാന്താര: ചാപ്റ്റര്‍ 1. ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികള്‍ ഇതിനകം കാന്താര കണ്ട് മികച്ച അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം അമിതാഭ് ബച്ചനും പങ്കുവെക്കുകയാണ് 'കാന്താര' അനുഭവം. സ്വന്തം അനുഭവമല്ല, മറിച്ച് മകള്‍ ശ്വേതയുടെ അസാധാരണ അനുഭവമാണ് അദ്ദേഹം പറഞ്ഞത്.
കോന്‍ ബനേഗാ ക്രോര്‍പതി എന്ന ടെലിവിഷന്‍ ഗെയിം ഷോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഋഷഭ് ഷെട്ടി അതിഥിയായി എത്തിയ എപ്പിസോഡില്‍ അദ്ദേഹത്തോടാണ് മകള്‍ ശ്വേതാ ബച്ചന്റെ അനുഭവം പങ്കുവെച്ചത്. താന്‍ കാന്താര ഇതുവരെ കണ്ടിട്ടില്ല എന്നുപറഞ്ഞശേഷമാണ് മകള്‍ കാന്താര കണ്ടതിനെ കുറിച്ച് ബച്ചന്‍ പറഞ്ഞുതുടങ്ങിയത്.
'ആദ്യമേ തന്നെ ക്ഷമ ചോദിക്കട്ടെ, ഞാന്‍ താങ്കളുടെ സിനിമ ഇതുവരെ കാണാത്തതിന്. നമ്മുടെ ഷെഡ്യൂളുകള്‍ താങ്കള്‍ക്കറിയാമല്ലോ. എന്നാല്‍ എന്റെ മകള്‍ ശ്വേത കാന്താര കാണാന്‍ പോയി. സിനിമ കണ്ടശേഷം കുറച്ചുദിവസം അവള്‍ക്ക് ഉറക്കം നഷ്ടമായി. താങ്കളുടെ പ്രകടനം കണ്ട് അവള്‍ അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെട്ടുപോയി. പ്രത്യേകിച്ച് അവസാനത്തെ സീന്‍.' -അമിതാഭ് ബച്ചന്‍ ഋഷഭ് ഷെട്ടിയോട് പറഞ്ഞു.
Don’t Miss: 'പ്രകാശമല്ല, ഇത് ദര്‍ശനം'; കാന്താരയുടെ കിടിലന്‍ സക്‌സസ് ട്രെയിലര്‍ | വീഡിയോ
ഋഷഭ് ഷെട്ടിയും തന്റെ പല അനുഭവങ്ങളും ബിഗ് ബിയുമായി പങ്കുവെച്ചു. കാന്താര പുറത്തിറങ്ങിയശേഷം സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ കണ്ടതാണ് ഇതിലൊന്ന്. റിലീസിന് ശേഷം രജനീകാന്ത് തന്നെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഋഷഭ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമിതാഭ് ബച്ചന്റെ വീട് സന്ദര്‍ശിച്ച ഓര്‍മയും അദ്ദേഹം പങ്കുവെച്ചു. എപ്പിസോഡ് അവസാനിച്ചപ്പോള്‍ 12,50,000 രൂപ സമ്മാനമായി നേടിയാണ് ഋഷഭ് ഷെട്ടി മടങ്ങിയത്.
Also Read: കോന്‍ ബനേഗാ ക്രോര്‍പതിയില്‍ 'ഓവര്‍സ്മാര്‍ട്ടായി' വിദ്യാര്‍ഥി; വിമർശനവുമായി സോഷ്യല്‍ മീഡിയ | വീഡിയോ
Content Highlights: Amitabh Bachchan Reveals How Rishab Shetty's Kantara Left Shweta Bachchan Sleepless