'ഇന്ത്യ സുരക്ഷിതമാണ്, ചെലവായത് ആകെ 50 രൂപ'; ആശുപത്രിയിലെ അനുഭവം പങ്കുവെച്ച് അമേരിക്കൻ യുവതി | വീഡിയോ

ക്രിസ്റ്റെൻ ഫിഷെർ | Photos: instagram.com/kristenfischer3
ക്രിസ്റ്റെൻ ഫിഷെർ | Photos: instagram.com/kristenfischer3

ന്ത്യയിലെ ആശുപത്രിയില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് യുഎസ് യുവതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വൈറല്‍. ക്രിസ്‌റ്റെന്‍ ഫിഷര്‍ എന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവെച്ചത്. തന്റെ കൈവിരല്‍ മുറിഞ്ഞപ്പോഴാണ് ആശുപത്രിയിലേക്ക് പോയതെന്ന് ക്രിസ്‌റ്റെന്‍ പറയുന്നു. നാലുവര്‍ഷത്തിലേറെയായി ഇന്ത്യയില്‍ താമസിക്കുകയാണ് ക്രിസ്റ്റെന്‍. 

'എന്റെ കൈയിലെ പെരുവിരല്‍ മുറിഞ്ഞു, ഒരുപാട് രക്തം പോയി. ഉടന്‍ ഞാന്‍ എന്റെ സൈക്കിളുമെടുത്ത് പ്രാദേശിക ആശുപത്രിയിലേക്ക് പോയി. ആകെ 45 മിനുറ്റാണ് അവിടെ ഞാന്‍ ചെലവഴിച്ചത്. മുറിവിന് തുന്നല്‍ വേണ്ടിവന്നില്ല. ആകെ 50 രൂപ മാത്രമേ എനിക്ക് ചെലവായുള്ളൂ.' -ക്രിസ്റ്റെന്‍ ഫിഷര്‍ വീഡിയോയില്‍ പറഞ്ഞു. 

'ഞാന്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് വെറും അഞ്ച് മിനുറ്റ് മാത്രമേ ആശുപത്രിയിലേക്കുള്ളൂ. ഇന്ത്യയില്‍ ആശുപത്രിയിലോ ക്ലിനിക്കിലോ പോകുക, ഡോക്ടറെ കാണുക എന്നിവയെല്ലാം വളരെ എളുപ്പമാണ്. അടിയന്തര സഹായം ആവശ്യമാണെങ്കില്‍ അത് മിനുറ്റുകള്‍ മാത്രം അകലെയുണ്ട് എന്നറിയുമ്പോള്‍ ഇന്ത്യയില്‍ ജീവിക്കുന്നത് വളരെ സുരക്ഷിതമായാണ് എനിക്ക് തോന്നിയത്.' -യുവതി തുടര്‍ന്നു. 

'അവര്‍ എന്റെ പക്കല്‍ നിന്ന് 50 രൂപ മാത്രമേ ഈടാക്കിയുള്ളൂ. അറിയാത്തവര്‍ക്ക് വേണ്ടി പറയാം, അത് യുഎസ്സിലെ 60 സെന്റിന് തുല്യമാണ്. ആരോഗ്യപരിചരണത്തിന് യുഎസ്സിലേതിനേക്കാള്‍ വളരെയധികം കുറഞ്ഞ ചെലവേ ഇന്ത്യയില്‍ ഉള്ളൂ. യുഎസ്സില്‍ ഭൂരിഭാഗം ഇന്‍ഷൂറന്‍സ് പ്രീമിയങ്ങള്‍ക്കും മാസം 1000-2000 ഡോളർ വരെ ചെലവാകും.' -ക്രിസ്‌റ്റെന്‍ പറഞ്ഞു. 

നിരവധി പേരാണ് ക്രിസ്റ്റെന്‍ ഫിഷര്‍ പങ്കുവെച്ച വീഡിയോ കണ്ടതും കമന്റ് ചെയ്തതും. 'യുഎസ്സില്‍ ഒരു ഡോക്ടറുടെ അപ്പോയിന്റ്‌മെന്റിനായി പോയ എനിക്ക് 2026 ഫെബ്രുവരിയിലാണ് അപ്പോയിന്റ്‌മെന്റ് ലഭിച്ചത്' എന്ന് ഒരാള്‍ കമന്റ് ചെയ്തു. 'ഡോക്ടര്‍ നിങ്ങളുടെ അയല്‍വാസിയാണെങ്കില്‍ ചിലപ്പോള്‍ ഒരു രൂപ പോലും വാങ്ങാതെ ചികിത്സിക്കും' എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. 

Content Highlights: American Woman Shares 'Crazy' Hospital Experience In India: 'Charged Me Only Rs 50'