ജീവിതശൈലി മടുത്ത് US വിട്ടു, 9 വര്‍ഷമായി ഇന്ത്യയില്‍; ജീവിതം മാറിമറിഞ്ഞ കഥപറഞ്ഞ് യുഎസ് പൗരന്‍

Photo: instagram.com/ehrosenberg/
Photo: instagram.com/ehrosenberg/

പണപ്പെരുപ്പം യുഎസിലെ തന്റെ ജീവിത നിലവാരത്തെ ബാധിക്കുന്നതില്‍ നിരാശനായാണ് ഏലിയറ്റ് റോസന്‍ബര്‍ഗ് എന്ന അമേരിക്കക്കാരന്‍ ഒമ്പത് വര്‍ഷം മുമ്പ് ധീരമായ ആ തീരുമാനം എടുക്കുന്നത്. മറ്റേതെങ്കിലും രാജ്യത്ത് സുഖമായും സ്വസ്ഥമായും ജീവിക്കുക. അതിനായി യുഎസ് വിടുക. അങ്ങനെ ഒമ്പത് വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയ ഏലിയറ്റ് തന്റെ ജീവിതം മാറിമറിഞ്ഞ കഥ പറയുകയാണ്. ലിങ്ക്ഡിന്നിലൂടെയാണ് ഇദ്ദേഹം തന്റെ കഥ പങ്കുവെച്ചത്.

യുഎസ് വിടാന്‍ തീരുമാനമെടുത്ത ശേഷം ഏലിയറ്റ് ആദ്യം പോയത് ബ്രസീലിലേക്കായിരുന്നു. തനിക്ക് താത്പര്യമുള്ള ഒരു ബിസിനസ് സംരംഭം ആരംഭിക്കാനായിരുന്നു ആ ബ്രസീല്‍ യാത്ര. പിന്നീട് ഏഷ്യയിലൂടെയുള്ള ഒരു നീണ്ട യാത്രയ്ക്കിടെയാണ് ഏലിയറ്റ് ഗോവയില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചത്. അവിടെ പ്രതിമാസം ഒരു ലക്ഷം രൂപയില്‍ താഴെമാത്രം ചെലവ് വരുന്ന സുഖകരമായ ജീവിതശൈലി താന്‍ ആസ്വദിക്കുകയാണെന്ന് ഏലിയറ്റ് പറയുന്നു.

അമേരിക്കയില്‍ താമസിക്കുമ്പോള്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചും ഏലിയറ്റ് തന്റെ പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. യുഎസിലെ ഉയര്‍ന്ന ജീവിതച്ചെലവിന് പുറമേ, യഥാര്‍ത്ഥ പ്രശ്‌നം ജീവിത ശൈലിയാണെന്നും അദ്ദേഹം പറയുന്നു. സൗഹൃദങ്ങള്‍ നഷ്ടപ്പെടാതിരിക്കാനായി നിങ്ങള്‍ക്ക് ആഡംബര റെസ്റ്റോറന്റുകളില്‍ പോകേണ്ടിയും ഷോപ്പിങ് യാത്രകള്‍ നടത്തേണ്ടിയുമെല്ലാം വരും. ഇവയ്‌ക്കെല്ലാമായി പണം ചെലവഴിക്കാനുള്ള സമൂഹത്തിന്റെ സമ്മര്‍ദമാണ് യുഎസില്‍ നിന്ന് മാറാന്‍ തീരുമാനിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഏലിയറ്റ് കുറിച്ചു.

ബിരുദത്തിനു ശേഷം ഒരു ബിസിനസ് ആരംഭിക്കാന്‍ റിട്ടേണ്‍ ടിക്കറ്റ് എടുക്കാതെയാണ് ഏലിയറ്റ് ബ്രസീലിലേക്ക് പോകുന്നത്. ബ്രസീലിലെ താമസം ചെലവുകുറഞ്ഞതാണ്. പക്ഷേ ബ്രസീലിലെ താമസം ഏകാന്തവും അസ്വസ്ഥതയേറിയതുമായിരുന്നു. നാലു ലക്ഷം രൂപയുടെ സമ്പാദ്യം കൊണ്ട് അവിടെ ജീവിക്കാന്‍ സാധിക്കുമായിരുന്നു.

കുറച്ചുവര്‍ഷങ്ങള്‍ ബ്രസീലില്‍ ചെലവഴിച്ച ശേഷം ഏലിയറ്റ് ഏഷ്യയിലുടനീളം സഞ്ചരിച്ചു. 15 മാസങ്ങള്‍ക്കിടെ 17 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. തന്റെ ക്രെഡിറ്റ് കാര്‍ഡ് പോയന്റുകള്‍ ഉപയോഗിച്ച് നിരവധി പേരെ സഹായിച്ചു. അപ്പോഴും തെക്കുകിഴക്കന്‍ ഏഷ്യ സാമ്പത്തികമായി താങ്ങാനാകുന്നതായിരുന്നുവെന്നും ഏലിയറ്റ് പറയുന്നു. ഒടുവിലാണ് ഏലിയറ്റ് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി അദ്ദേഹം ഇവിടെ താമസിക്കുന്നു. ഏലിയറ്റ് തന്റെ ഭാര്യയെ കണ്ടുമുട്ടിയതും ഇന്ത്യയില്‍വെച്ചു തന്നെ. അവരുടെ കുടുംബവുമായി അടുത്തു, ഹിന്ദി പഠിച്ചു, രണ്ട് ബിസിനസുകള്‍ ആരംഭിച്ചു, ഏലിയറ്റ് ഹാപ്പിയാണ്.

ഇവിടെ നിന്ന് ലഭിക്കുന്ന പണംകൊണ്ട് കുടുംബത്തോടൊപ്പം സുഖമായി ജീവിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഏലിയറ്റ് വ്യക്തമാക്കി. പണമുണ്ടാക്കുന്നതിനെ കുറിച്ച് സമ്മര്‍ദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''വിദേശത്ത് താമസിക്കുന്നതിന് ദോഷങ്ങളുണ്ട്. പക്ഷേ ഞാന്‍ ഇവിടെ പൂര്‍ണമായും പൊരുത്തപ്പെട്ടു കഴിഞ്ഞു. സന്തുഷ്ടനുമാണ്. സന്തോഷത്തോടെ തന്നെ പറയുന്നു ഇപ്പോഴും ഞാന്‍ ഒരു യുഎസ് പൗരനാണ്. ഇപ്പോഴും വര്‍ഷത്തിലൊരിക്കല്‍ യുഎസ് സന്ദര്‍ശിക്കാറുണ്ട്. എനിക്ക് അമേരിക്കയെ ഇഷ്ടമാണ്, എന്റെ പാസ്പോര്‍ട്ട് ഉപേക്ഷിക്കാന്‍ പദ്ധതിയില്ല.'' - ഏലിയറ്റ് വ്യക്തമാക്കി.

Content Highlights: An American left the US due to high living costs & found happiness in India. He shares his life tra