ഫാഷന്‍ കരിയറിന്റെ 25 വര്‍ഷങ്ങള്‍; സബ്യസാചിക്ക് ആശംസയറിയിച്ച് ആലിയ

ആലിയ ഭട്ട്‌ | Photo: Instagram/aliaabhatt
ആലിയ ഭട്ട്‌ | Photo: Instagram/aliaabhatt

ഫാഷന്‍ കരിയറിന്റെ 25-ാം വര്‍ഷത്തില്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജിക്ക് സോഷ്യല്‍മീഡിയയിലൂടെ ആശംസകളറിയിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. തന്റെ വിവാഹത്തിനടക്കം വ്യക്തിപരമായ ചടങ്ങുകള്‍ക്കായി വസ്ത്രം ഡിസൈന്‍ ചെയ്ത സബ്യസാചിയെ അദ്ദേഹത്തിന്റെ വര്‍ക്കുകളുടെ പ്രത്യേകതകള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് താരം പ്രശംസിച്ചത്. 

സബ്യസാചി ഡിസൈന്‍ ചെയ്ത സാരി ധരിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും ചേര്‍ത്താണ് ആലിയ ആശംസാ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തിളങ്ങുന്ന സീക്വിനുകളും ബീഡ്വര്‍ക്കുകളുംകൊണ്ട് അലങ്കരിച്ച കറുപ്പ് നിറത്തിലുള്ള ബ്ലൗസും സാരിയുമാണ് ആലിയയുടെ വേഷം. 

എന്നെ സംബന്ധിച്ച് സബ്യ, നിങ്ങള്‍ ഒരു ഡിസൈനര്‍ എന്നതിനേക്കാള്‍ ഒരു ദാര്‍ശനികനും കഥാകാരനുമാണ്. നിങ്ങളുടെ ജോലി വെറും ഫാഷന്‍ മാത്രമല്ല, പാരമ്പര്യവും പുതുമയും സമാനതകളില്ലാത്ത നൈപുണ്യത്തോടെ സമന്വയിപ്പിക്കുന്ന കലയാണത്, ആലിയ കുറിച്ചു.

വ്യക്തിപരമായ വസ്ത്രധാരണത്തിലും റെഡ് കാര്‍പ്പറ്റിലും വര്‍ഷങ്ങളായി സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ധരിക്കാനായതിലുള്ള നന്ദിയും ആലിയ പ്രകടിപ്പിച്ചു. തന്റെ വിവാഹവസ്ത്രത്തെ കുറിച്ചുള്ള ഓര്‍മകള്‍ എന്നെന്നേക്കുമായി മനസ്സിലുണ്ടാകുമെന്നും വിവരിക്കുന്ന വൈകാരികമായ കുറിപ്പാണ് ആലിയ പങ്കുവെച്ചത്. 

'സംസ്‌കാരത്തെയും പൈതൃകത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണയില്‍ നിന്നാണ് മികച്ച ഫാഷനുണ്ടാകുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന്' നിങ്ങള്‍ ഒരിക്കലെന്നോട് പറഞ്ഞിരുന്നു. യഥാര്‍ഥത്തില്‍ അതുതന്നെയാണ് നിങ്ങള്‍ ചെയ്യുന്നതും. ഇന്ത്യന്‍ കരകൗശലത്തിനും സംസ്‌കാരത്തിനുമുള്ള നിങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ക്കെല്ലാം പ്രചോദനമാണ്, താരം കൂട്ടിച്ചേര്‍ത്തു. 

2022 ഏപ്രില്‍ 14-നായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം. നിറയെ ഗോള്‍ഡന്‍ എംബ്രോയ്ഡറിയുള്ള ആലിയയുടെ വിവാഹസാരി ഡിസൈന്‍ ചെയ്തത് സബ്യസാചിയായിരുന്നു. ആലിയ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വീകരിക്കാനെത്തിയപ്പോഴും ഇതേ സാരിയാണ് ആലിയ ധരിച്ചിരുന്നത്. 

Content Highlights: Actor Alia bhatt wish Sabyasachi Mukherjee