കയറോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ 101 നില കെട്ടിടത്തിന്റെ നെറുകെയിൽ; സ്പൈഡർ 'അലക്സ് മാൻ'| VIDEO

അലക്സ് ഹൊണോൾഡ്,  'തായ്‌പേയ് 101' കെട്ടിടത്തിന്റെ മുകൾനിലയിൽ നിൽക്കുന്ന അലക്സ്
അലക്സ് ഹൊണോൾഡ്, 'തായ്‌പേയ് 101' കെട്ടിടത്തിന്റെ മുകൾനിലയിൽ നിൽക്കുന്ന അലക്സ്

തായ്‌പേയ്: കയറുകെട്ടിയും സേഫ്റ്റി ഹാർനസ് ധരിച്ചും പർവതങ്ങളും അംബരചുംബികളായ കെട്ടിടങ്ങളുമെല്ലാം ആവേശത്തോടെ കീഴടക്കുന്നവരുണ്ട്. എന്നാൽ, സുരക്ഷാ ഉപകരണങ്ങളുടെയോ കയറിന്റെയോ സഹായമില്ലാതെ 101 നില കെട്ടിടത്തിന്റെ മുകൾനിലവരെ കയറി റെക്കോഡിട്ടിരിക്കുകയാണ് അമേരിക്കക്കാരൻ അലക്സ് ഹൊണോൾഡ്.

തയ്‍വാനിലെ 101 നില കെട്ടിടമായ ‘തായ്‌പേയ് 101’ ആണ് ഞായറാഴ്ച അലക്സ് അതിസാഹസികമായി കീഴടക്കിയത്. 508 മീറ്റർ ഉയരമുള്ള ഈ കെട്ടിടത്തിന്റെ നെറുകെയിലെത്താൻ ഒരു മണിക്കൂർ 31 മിനിറ്റെടുത്തു. താഴെ തടിച്ചുകൂടിയവർ ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടാണ് ഈ സാഹസികതയ്ക്ക് സാക്ഷിയായത്. ‌

മുളവടിയുടെ മാതൃകയിലുണ്ടാക്കിയിരിക്കുന്ന ഈ കൂറ്റൻകെട്ടിടം സ്റ്റീലും ഗ്ലാസും കോൺക്രീറ്റും കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അലക്സിന്റെ ‘തായ്‌പേയ് 101’ കയറ്റം നെറ്റ്ഫ്ളിക്സ് തത്സമയം സംപ്രേഷണംചെയ്തു. തായ്‌പേയ് 101 കീഴടക്കിയതിന്റെ റെക്കോഡ് ‘സ്പൈഡർമാൻ’ എന്നറിയപ്പെടുന്ന ഫ്രഞ്ച് ആരോഹകൻ അലയ്‌ൻ റോബർട്ടിന്റെ പേരിലാണ്. പക്ഷേ, അദ്ദേഹം കയറിയത് കയറും സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ചാണ്.

അന്ന് ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടംകൂടിയായ തായ്‌പേയ് 101 കയറാൻ അലയ്ൻ നാലുമണിക്കൂറെടുത്തിരുന്നു. സുരക്ഷാ ഉപകരണങ്ങളില്ലാതെ ‘എൽ ക്യാപ്റ്റൻ’ എന്ന ഏകശില കീഴടക്കിയ ആദ്യവ്യക്തിയാണ് ഹൊണോൾഡ്. കാലിഫോർണിയയിലെ യൊസെമൈറ്റ് നാഷണൽ പാർക്കിലുള്ള ഈ ഗ്രാനൈറ്റ് ശിലയ്ക്ക് 915 മീറ്റർ ഉയരമുണ്ട്.

Content Highlights: American rock climber Alex Honnold climbs Taipei 101 skyscraper without ropes