ഭാര്യയുടെ അച്ഛനിൽ നിന്ന് എങ്ങനെയാകരുത് എന്നാണ് പഠിച്ചത്, പ്രചോദനം അമിതാഭ് ബച്ചൻ- അക്ഷയ് കുമാർ

#Lifestyle desk
അക്ഷെയ് കുമാർ, ട്വിങ്കിൾ ഖന്ന, രാജേഷ് ഖന്ന| ഫോട്ടോ: ANI
അക്ഷെയ് കുമാർ, ട്വിങ്കിൾ ഖന്ന, രാജേഷ് ഖന്ന| ഫോട്ടോ: ANI

ഹിന്ദി സിനിമാ ലോകത്തെ ആദ്യകാല സൂപ്പർസ്റ്റാറുകളിൽ ഒരാളായിരുന്നു രാജേഷ് ഖന്ന. എന്നാൽ അദ്ദേഹത്തിന്റെ വളർച്ച പോലെ തന്നെ പെട്ടെന്നായിരുന്നു തകർച്ചയും. അടുത്തിടെ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ, തന്റെ സിനിമാ ജീവിതത്തിലെ പ്രചോദനം അമിതാഭ് ബച്ചനാണെന്ന് അക്ഷയ് കുമാർ പറയുകയുണ്ടായി. എന്തുകൊണ്ട് ഭാര്യയുടെ അച്ഛനായ രാജേഷ് ഖന്നയുടെ പേര് പറഞ്ഞില്ല എന്ന ചോദ്യത്തിനും അക്ഷയ് മറുപടി നൽകുന്നുണ്ട്. മുൻ ബോളിവുഡ് നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയാണ് അക്ഷയ് കുമാറിൻ്റെ ഭാര്യ.

‘എന്റെ ഭാര്യയുടെ അച്ഛനിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. പ്രധാനമായും ജീവിതത്തിൽ എന്ത് ചെയ്യാൻ പാടില്ല എന്നാണ് അദ്ദേഹം എനിക്ക് പറഞ്ഞുതന്നത്’-അക്ഷയ് പറഞ്ഞു. കരിയറിൽ വരുത്തിയ തെറ്റുകളെക്കുറിച്ച് രാജേഷ് ഖന്ന തന്നോട് സംസാരിക്കാറുണ്ടായിരുന്നെന്നും അക്ഷയ് പറയുന്നു. പ്രചോദനം നൽകിയ നടന്മാരായി അക്ഷയ് കുമാർ തിരഞ്ഞെടുത്തത് അമിതാഭ് ബച്ചൻ, സഞ്ജീവ് കുമാർ, മഹ്മൂദ് എന്നിവരെയാണ്. കുട്ടിക്കാലത്ത് അച്ഛന്റെ തോളിലിരുന്ന് രാജേഷ് ഖന്നയുടെ വീടിന് മുന്നിൽ അദ്ദേഹത്തെ കാണാൻ കാത്തുനിന്നിട്ടുണ്ടെന്ന് അക്ഷയ് ഓർമ്മിച്ചു. വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ മകൾ ട്വിങ്കിൾ ഖന്നയെ തന്നെ വിവാഹം കഴിക്കാൻ സാധിച്ചത് വിധിയാണെന്ന് താരം വിശ്വസിക്കുന്നു.

തുടർച്ചയായി ഹിറ്റുകൾ നൽകിയ താരമായിരുന്നു രാജേഷ് ഖന്ന. എന്നാൽ 1970-കളിൽ അമിതാഭ് ബച്ചന്റെ ആംഗ്രി യങ് മാൻ കഥാപാത്രങ്ങളുടെ വരവോടെ രാജേഷ് ഖന്നയുടെ പ്രഭാവം മങ്ങി. ഈ വീഴ്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് താൻ വിജയങ്ങളെ തലയ്ക്ക് പിടിക്കാൻ അനുവദിക്കാത്തതെന്ന് അക്ഷയ് കുമാർ പറയുന്നു. 

Content Highlights: Akshay Kumar identifies Amitabh Bachchan as his primary acting inspiration.