'ഇതിന് മുമ്പ് എനിക്കൊരു കാമുകന്‍ പോലുമുണ്ടായിട്ടില്ല, പിന്നെങ്ങനെ ഞാനത് ചെയ്യും?'- അന്ന് ഐശ്വര്യ പറഞ്ഞു

ഐശ്വര്യ റായ് | ഫോട്ടോ: വി. രമേഷ്/ മാതൃഭൂമി
ഐശ്വര്യ റായ് | ഫോട്ടോ: വി. രമേഷ്/ മാതൃഭൂമി

ലോകസുന്ദരി കിരീടം നേടുന്നതിന് മുമ്പ് തന്നെ പെപ്‌സിയുടെ ഒരു പരസ്യത്തിലൂടെ ആളുകളുടെ മനം കവര്‍ന്ന സുന്ദരിയാണ് ഐശ്വര്യ റായ്. കിരീടം നേടുന്നതിന് മുമ്പ് 1993-ലാണ് ഈ പരസ്യം പുറത്തുവന്നത്. ആമിര്‍ ഖാന്‍, മഹിമ ചൗധരി എന്നിവര്‍ക്കൊപ്പമായിരുന്നു ഐശ്വര്യ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. 'യേ ഹേ റൈറ്റ് ചോയ്സ് ബേബി' എന്ന ടാഗ്ലൈനിലൂടെ ഇത് ശ്രദ്ധേയമായി.

ഈ മൂന്നുപേരെയും എങ്ങനെയാണ് പരസ്യത്തിലേക്ക് തിരഞ്ഞെടുത്തതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ പ്രഹ്ലാദ് കക്കര്‍ വ്യക്തമാക്കി. 'മഹിമയൊഴികെ മറ്റുള്ളവരെ തിരഞ്ഞെടുത്തത് ഞാനാണ്. മഹിമയെ ഏജന്‍സിയാണ് തിരഞ്ഞെടുത്തത്.' കക്കര്‍ ബോംബെ ടൈംസിനോട് പറഞ്ഞു.

'ഞാന്‍ ആമിറിന്റെ 'ഖയാമത്ത് സെ ഖയാമത്ത് തക്' (1988) എന്ന സിനിമ കണ്ടിരുന്നു. ആ കഥാപാത്രത്തിന് അദ്ദേഹം തികച്ചും അനുയോജ്യനായിരുന്നു. അദ്ദേഹത്തിന് ഇതിനകം ഒരു ഇമേജ് ഉണ്ടായിരുന്നു. ഒരു ക്ലീന്‍ ഇമേജ്. പ്രേക്ഷകര്‍ അദ്ദേഹത്തെ ആ രീതിയില്‍ അംഗീകരിച്ചിരുന്നു. 30-60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പരസ്യത്തില്‍, ഒരു കഥാപാത്രത്തെ ആദ്യം മുതല്‍ കെട്ടിപ്പടുക്കാന്‍ കഴിയില്ല. ആമിറിനൊപ്പം എനിക്ക് മുന്‍കൂട്ടി തയ്യാറാക്കിയ ഒരു വ്യക്തിത്വത്തെയാണ് ലഭിച്ചത്.'- ആമിര്‍ ഖാനെ തിരഞ്ഞെടുത്തതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് കക്കര്‍ പറഞ്ഞു,

ഷാരൂഖ് ഖാനേയും ആമിര്‍ ഖാനേയും തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നുവെന്നും എന്നാല്‍ ആമിറായിരുന്നു കൂടുതല്‍ അനുയോജ്യനെന്നും കക്കര്‍ വെളിപ്പെടുത്തി. 'എനിക്ക് ഷാരൂഖിനെ ഇഷ്ടമാണ്, പക്ഷേ, അദ്ദേഹം ആ കഥാപാത്രമായിരുന്നില്ല. അദ്ദേഹത്തിന് ആ കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കേണ്ടി വരുമായിരുന്നു. എന്നാല്‍, ആമിറിന് ആ പശ്ചാത്തലം ഇതിനകം ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ 'ഖയാമത്ത് സെ ഖയാമത്ത് തക്' എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണെന്ന് ആളുകള്‍ സ്വാഭാവികമായും കരുതുമായിരുന്നു.' അദ്ദേഹം വിശദീകരിച്ചു.

1988-ല്‍ അരങ്ങേറ്റം കുറിച്ച ആമിര്‍ ഖാന്‍ 1992-ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഷാരൂഖ് ഖാനേക്കാള്‍ സീനിയറാണ്. പെപ്സി പരസ്യത്തിന്റെ സമയമായപ്പോഴേക്കും ആമിര്‍ ഒരു താരമായിക്കഴിഞ്ഞിരുന്നു. അതേസമയം, വെറും നാല് സെക്കന്‍ഡ് മാത്രം പ്രത്യക്ഷപ്പെട്ട, അഭിനയത്തിലോ പരസ്യത്തിലോ മുന്‍പരിചയമില്ലാതിരുന്ന ഐശ്വര്യ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഒറ്റരാത്രികൊണ്ട് അവര്‍ 'പെപ്സി ഗേള്‍' ആയി മാറി.

'അവരെ ഒരുപാട് പരിശീലിപ്പിക്കേണ്ടിവന്നു, കാരണം അവര്‍ക്ക് ഒട്ടും അനുഭവപരിചയമില്ലായിരുന്നു. ഇതിന് മുന്‍പ് അവര്‍ ഒന്നും ചെയ്തിരുന്നില്ല.'-ഐശ്വര്യയെ തിരഞ്ഞെടുത്തതിനെക്കുറിച്ച് കക്കര്‍ പറഞ്ഞു. ഐശ്വര്യയുടെ പ്രകടനത്തെ അവിസ്മരണീയമാക്കിയത് എന്താണെന്ന് അദ്ദേഹം വിവരിച്ചു- 'അവര്‍ക്ക് മുന്‍പരിചയം ഇല്ലാത്തതുകൊണ്ട് ആ നിഷ്‌കളങ്കത അവരില്‍ ഉണ്ടായിരുന്നു. അവര്‍ ഫ്രെയിമിലേക്ക് നടന്നുവരുന്നു, പ്രകോപനപരമായി നില്‍ക്കുന്നു, എന്നിട്ട് പറയുന്നു, 'ഹായ്, ഞാന്‍ സഞ്ജു... വേറെ പെപ്സി ഉണ്ടോ?' അവരുടെ ശരീരഭാഷ യഥാര്‍ത്ഥത്തില്‍ ആമിറിനെ 'ഇല്ല' എന്ന് പറയാന്‍ വെല്ലുവിളിക്കുകയായിരുന്നു. അത് പറഞ്ഞ് ചെയ്യിച്ചതായിരുന്നില്ല, അത് സ്വാഭാവികമായി സംഭവിച്ചതാണ്.'

'ഐശ്വര്യയെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് നാല് മാസം വേണ്ടിവന്നു. അവരെ കണ്ടെത്തിയ ശേഷം അവരെ പരിശീലിപ്പിക്കേണ്ടിവന്നു. എനിക്ക് ഏകദേശം 18 ടേക്കുകള്‍ വേണ്ടിവന്നു. ഷൂട്ടിങ്ങിനിടയില്‍ അവര്‍ എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു, 'എനിക്കിത് ചെയ്യാന്‍ കഴിയില്ല. ഇത് ശരിയാവുന്നില്ല.' ഞാന്‍ അവരെ മാറ്റിനിര്‍ത്തി സംസാരിച്ചു. 'എനിക്ക് കഴിയില്ല, കാരണം എനിക്കതിന് അനുഭവപരിചയമില്ല. എനിക്കൊരിക്കലും ഒരു കാമുകന്‍ ഉണ്ടായിട്ടില്ല. ഞാന്‍ എങ്ങനെയാണ് ഒരു പുരുഷന് മുന്നില്‍ പോയി ഒരു കാമുകിയെപ്പോലെ പെരുമാറുക?'' കക്കര്‍ ഓര്‍ത്തെടുത്തു.

'ആ നാല് സെക്കന്‍ഡിലേക്ക് എനിക്ക് ആവശ്യമായ 'ശ്രദ്ധ പിടിച്ചുപറ്റാനുള്ള' എല്ലാ ഘടകങ്ങളും അവര്‍ക്കുണ്ടായിരുന്നു. 'കട അടച്ചെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് എന്തെങ്കിലും ചെയ്യണം' എന്ന് പറയാന്‍ ആമിറിന്റെ കഥാപാത്രത്തെ പ്രേരിപ്പിക്കുന്നതാവണം അത്. അങ്ങനെയൊരു സൗന്ദര്യ ഐശ്വര്യക്കുണ്ടായിരുന്നു.'-പ്രഹ്ലാദ് കക്കര്‍ വ്യക്തമാക്കി.

Content Highlights: aishwarya rai said she never had a boyfriend says prahlad kakkar