ഐശ്വര്യയുടെ വസ്ത്രം ശരിയായില്ലെന്ന് വിമർശിക്കുന്നവരേറെ, നല്ലത് പറയാനില്ലെങ്കിൽ മിണ്ടാതിരിക്കൂ- രേണുക ഷഹാനെ

#Lifestyle Desk
രേണുക ഷഹാനെ, ഐശ്വര്യ റായ്| Photos: AFP,UNI
രേണുക ഷഹാനെ, ഐശ്വര്യ റായ്| Photos: AFP,UNI

കാൻസ് ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യയിൽ നിന്നുള്ള സ്ഥിരം സാന്നിധ്യമാണ് ബോളിവുഡ് നടി ഐശ്വര്യ റായ്. കാൻസിലെ ഐശ്വര്യയുടെ ലുക്കിനായി കാത്തിരിക്കുന്നവരും ഏറെയാണ്. എന്നാൽ അഭിനന്ദനങ്ങൾക്കൊപ്പം തന്നെ കാൻസിലെ ചില വസ്ത്രധാരണങ്ങളുടെ പേരിൽ ഐശ്വര്യ ഏറെ വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രസവശേഷം കാൻസിൽ വന്ന വർഷം ബോഡിഷെയിമിങ്ങും ഐശ്വര്യ നേരിട്ടിരുന്നു. ഐശ്വര്യയുടെ നേട്ടങ്ങളെ പ്രശംസിക്കുന്നതിന് പകരം ഇത്തരത്തിൽ സൈബർ ബുള്ളിയിങ് നടത്തുന്നവർക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടി രേണുക ഷഹാനെ.

സൂമിന് നൽകിയ അഭിമുഖത്തിലാണ് രേണുക ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. വർഷങ്ങളായി ഗ്ലോബൽ ബ്രാൻഡായ ലോറിയലിന്റെ ബ്രാൻഡ് അംബാസിഡറാണ് ഐശ്വര്യയെന്നും ഓരോതവണയും താരം കാൻസിൽ ഇന്ത്യക്കാരെ ഓരോരുത്തരെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും രേണുക പറഞ്ഞു. എന്നാൽ പലപ്പോഴും ഐശ്വര്യ ധരിച്ച വസ്ത്രം ശരിയായില്ലെന്ന വിമർശനമാണ് പലരും ഉന്നയിക്കുക. ‘’ദയവുചെയ്ത് അതൊരിക്കലും ചെയ്യരുത്. നിങ്ങൾക്ക് ഒന്നും നല്ലത് പറയാനില്ലെങ്കിൽ മിണ്ടാതിരുന്നാൽ മതി.’’ -രേണുക പറഞ്ഞു.

സോഷ്യൽ മീഡിയാ കാലത്ത് അഭിനേത്രിമാർ നിരന്തരം വിമർശനങ്ങൾ നേരിടുന്നതിനേക്കുറിച്ചും രേണുക പറഞ്ഞു. അമ്മയായിക്കഴിഞ്ഞതിനു ശേഷവും മുമ്പത്തെ പോലെ മെലിഞ്ഞിരിക്കണം എന്ന് യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷ വച്ചുപുലർത്തുന്നവരുണ്ടെന്നാണ് രേണുക പറഞ്ഞത്.

2011-ൽ മകൾ ആരാധ്യയുടെ ജനനത്തിനുപിന്നാലെ ഐശ്വര്യ നിരന്തരം ട്രോളുകൾ നേരിട്ടിരുന്നു. ഒരിക്കൽ ഇതേക്കുറിച്ച് നടനും ഐശ്വര്യയുടെ ഭർത്താവുമായ അഭിഷേക് ബച്ചൻ സംസാരിക്കുകയും ചെയ്തിരുന്നു. ഇത് ശരിയല്ലെന്നും ഐശ്വര്യ പൊതുഇടത്തിൽ അറിയപ്പെടുന്ന വ്യക്തിയണെന്നത് ശരിയെങ്കിലും അവരൊരു അമ്മയും സ്ത്രീയുമാണെന്ന കാര്യം ജനങ്ങൾ മറന്നുപോകുന്നുവെന്നാണ് അഭിഷേക് പറഞ്ഞത്. എല്ലാത്തിനും അതിരുണ്ടെന്നും താൻ ഒരു സ്ത്രീയേക്കുറിച്ചും അത്തരത്തിൽ സംസാരിക്കില്ലെന്നും അഭിഷേക് പറഞ്ഞിരുന്നു.

2002 മുതലാണ് ഐശ്വര്യ കാന്‍ ചലച്ചിത്രമേളയുടെ ഭാഗമാകുന്നത്. അന്ന് ദേവദാസ് എന്ന ചിത്രത്തിന്റെ പ്രീമിയറിനായാണ് ഐശ്വര്യ ഷാരൂഖ് ഖാനിനും സഞ്ജയ് ലീല ബന്‍സാലിക്കും ഒപ്പമെത്തിയത്. കോസ്റ്റ്യൂം ഡിസൈനറായ നീത ലുല്ല ഡിസൈന്‍ ചെയ്ത മഞ്ഞ നിറത്തിലുള്ള സാരിയായിരുന്നു താരത്തിന്റെ ആദ്യ കാന്‍ ഔട്ട്ഫിറ്റ്. ഇതിനൊപ്പം ഹെവി വര്‍ക്കുള്ള വലിയ സ്വര്‍ണ നെക്ക്‌ളേസും ലോകസുന്ദരി അണിഞ്ഞു.

എന്നാല്‍ 2003-ലെ കാനില്‍ താരം ധരിച്ച നിയോണ്‍ സാരി വിമര്‍ശനത്തിന് കാരണമായി. ഒട്ടും യോജിക്കാത്ത വസ്ത്രം എന്നായിരുന്നു ഫാഷന്‍ ലോകം അതിനെ വിലയിരുത്തിയത്. ആ ചലച്ചിത്രമേളയില്‍ കാലിന് ചെറിയ ഫ്രാക്ച്ചറുമായാണ് ഐശ്വര്യ എത്തിയത്. 2023-ൽ താരം തെരഞ്ഞെടുത്ത ഗൗണും പരിഹാസങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സില്‍വര്‍ ഹുഡുള്ള കറുപ്പ് ഗൗണാണ് ഐശ്വര്യ ധരിച്ചത്. ലെയ്റ്റ് വെയ്റ്റ് അലൂമിനിയംകൊണ്ട് നിര്‍മിച്ച, തലയും കഴുത്തും മുഴുവന്‍ മറയ്ക്കുന്ന വലിയ സില്‍വര്‍ ഹുഡ് ആയിരുന്നു ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. എന്നാല്‍ പലര്‍ക്കും ഈ വ്യത്യസ്ത ലുക്ക് അത്ര ദഹിച്ചില്ല.

Content Highlights: . Actress Renuka Shahane speaks out against body shaming and cyberbullying faced by Aishwarya. SEO Friendly URL: