പൈലറ്റിന്റെ വേഷമിട്ട് കോക്ക്പിറ്റിലിരിക്കാം, ഫോട്ടോ എടുക്കാം; 40 ലക്ഷത്തിന് വാങ്ങിയ ബിഎസ്എഫ് വിമാനം ആഡംബര ഹോട്ടലാക്കാനൊരുങ്ങി സഹോദരന്മാര്‍

ആഡംബര ഹോട്ടലാക്കാൻ വേണ്ടി വാങ്ങിയ വിമാനം.|Photo credit: @LokmatTimes_ngp
ആഡംബര ഹോട്ടലാക്കാൻ വേണ്ടി വാങ്ങിയ വിമാനം.|Photo credit: @LokmatTimes_ngp

പുതിയ വിമാനത്താവളത്തെ വരവേല്‍ക്കാന്‍ നില്‍ക്കുകയാണ് മധ്യപ്രദേശിലെ ഉജ്ജയിന്‍ നഗരം. എന്നാല്‍ ആളുകള്‍ക്ക് വേണ്ടി വ്യത്യസ്തമായ ഒരു വിമാന അനുഭവം ഒരുക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് രണ്ട് സഹോദരന്മാര്‍. ഈ യാത്രയില്‍ വിമാനം ആകാശത്തേക്ക് പറന്നുയരുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. തങ്ങളുടെ പുതിയ സംരംഭത്തിനായി ബിഎസ്എഫിന്റെ ഡികമ്മീഷന്‍ ചെയ്ത ഒരു വിമാനവും ഇവര്‍ കണ്ടെത്തിക്കഴിഞ്ഞു.

ആനന്ദ ഗ്രാമത്തില്‍ ഫാം സ്റ്റേ നടത്തുന്ന വിരേന്ദ്ര, പുഷ്‌പേന്ദ്ര കുഷ്‌വാ എന്നീ സഹോദരങ്ങളാണ് അഞ്ച് മുറികളുള്ള ആഡംബര വസതിയൊരുക്കാന്‍ വേണ്ടി വിമാനം വാങ്ങിയത്. ബി.എസ്.എഫിന്റെ ഡികമ്മീഷന്‍ ചെയ്ത ചരക്ക് വിമാനമാണ് നാല്‍പത് ലക്ഷം നല്‍കി ഇവര്‍ ഇതിനായി സ്വന്തമാക്കിയത്. ഡല്‍ഹിയില്‍ നടന്ന ടെന്‍ഡറില്‍ വാങ്ങിയ അവ്‌റോ മോഡലിലുള്ള വിമാനം ഉജ്ജയിനില്‍ എത്തിക്കഴിഞ്ഞു.

ഇതാദ്യമായല്ല ഇവര്‍ വ്യോമയാന സംവിധാനങ്ങളുപയോഗിച്ച് പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇതിന് മുന്‍പ് ഇവര്‍ ഹെലികോപ്റ്റര്‍ വാങ്ങിയിരുന്നു. ഇപ്പോള്‍ തങ്ങളുടെ ആശയത്തെ ഒരുപടി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് വിമാനം വാങ്ങിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് വിമാനം മധ്യപ്രദേശില്‍ എത്തിക്കാന്‍ വേണ്ടി 5.5 ലക്ഷം രൂപയും ഇവര്‍ ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്. നിലവിലുള്ള ഫാം ഹൗസിന്റെ ഭാഗമായിട്ടാണ് വിമാനവും വെച്ചിരിക്കുന്നത്. എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തി മാറ്റം വരുത്തുന്ന വിമാനം ഇവിടെ സ്ഥിരമാക്കുവാനാണ് തീരുമാനം.

മാറ്റങ്ങള്‍ വരുത്തി പൂര്‍ണരൂപത്തിലായാല്‍ ഫോട്ടോ ഷൂട്ട്, വിവാഹ അനുബന്ധ ചടങ്ങുകൾ എന്നിവയ്ക്കുള്ള സൗകര്യവും ഇതിനുള്ളില്‍ ഒരുക്കും. പുറത്തുനിന്നുള്ളവര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് വിമാനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നത്. വിമാനത്തിന്റെ പുറത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്താതെ ഉള്ളില്‍ വിശാലമായ എയര്‍കണ്ടീഷന്‍ ചെയ്ത റൂമുകള്‍, ചെറിയ കഫെ, പൂന്തോട്ടം, എന്നിവ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നീന്തല്‍ക്കുളവും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്.

2028-ല്‍ നടക്കുന്ന സിംഹസ്ത എന്ന പരിപാടിക്ക് എത്തുന്നവര്‍ക്ക് വ്യത്യസ്തമായ അനുഭവം കാഴ്ചവെക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കുഷ്‌വാ സഹോദരന്മാര്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്. സന്ദര്‍ശകര്‍ക്ക് പൈലറ്റിന്റെ വേഷമണിഞ്ഞ് ഫോട്ടോ എടുക്കാന്‍ വേണ്ടി വിമാനത്തിന്റെ കോക്ക്പിറ്റ് അതുപോലെ നിലനിര്‍ത്തും. ഇന്ദോറില്‍ ഇത്തരത്തിലുള്ള വിമാനത്തിന്റെ ഡിസൈനിലുള്ള രണ്ട് ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഉജ്ജയിനില്‍ ഇതാദ്യമാണ്. നഗരത്തില്‍ വരാനിരിക്കുന്ന വികസനങ്ങള്‍ തങ്ങളുടെ ഉദ്യമത്തിന് അനുകൂലമാവുമെന്നാണ് കുഷ്‌വാ സഹോദരര്‍ കരുതുന്നത്.

Content Highlights: Two brothers in Ujjain, India, are transforming a decommissioned BSF aircraft into a luxurious hotel and event space.