മുംബൈയിൽ 10 കോടിയിലേറെ രൂപ വിലമതിക്കുന്ന ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി നടി തബു

മുംബൈയിൽ ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി ബോളിവുഡ് നടി തബു. വെർസോവയിലെ 2153 സ്‌ക്വയർ ഫീറ്റിന്റെ അപ്പാർട്ട്‌മെന്റാണ് താരം വാങ്ങിയത്. ബാൽക്കണി മാത്രം 127 സ്‌ക്വയർ ഫീറ്റാണ്. ഇതിനായി 10 കോടിയിലേറെ രൂപ തബു ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്. ഗോദറേജ് പ്രോപ്പർട്ടീസിൽ നിന്നാണ് തബു ഈ അപ്പാർട്ട്‌മെന്റ് വാങ്ങിയത്.
വെർസോവയിലെ ഗോദറേജ് സ്‌കൈഷോർ ബിൽഡിങ്ങിലാണ് തബുവിന്റെ പുതിയ അപ്പാർട്ട്‌മെന്റ്. മാർച്ച് 26-നായിരുന്നു രജിസ്‌ട്രേഷൻ. ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 5.24 കോടി രൂപയും രജിസ്‌ട്രേഷൻ ഫീസ് 30,000 രൂപയുമാണെന്നാണ് റിപ്പോർട്ട്. അപ്പാർട്ട്‌മെന്റിനൊപ്പം രണ്ട് കാർ പാർക്കിങ് സ്‌പേസുകളും തബു വാങ്ങിയിട്ടുണ്ട്.
27,000 സ്‌ക്വയർ ഫീറ്റിൽ നിർമാണം പുരോഗമിക്കുന്ന പദ്ധതിയാണ് ഗോദ്‌റേജ് സ്‌കൈഷോർ. ടവർ എ, ടവർ ബി എന്നീ രണ്ട് ടവറുകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. അഞ്ച് ബേസ്‌മെന്റുകളും 24 നിലകളുമാണ് ടവറുകൾക്കുള്ളത്. ഗോദ്‌റേജ് സ്‌കൈഷോർ പദ്ധതിയുടെ ഭാഗമായി ആകെ 126 അപ്പാർട്ട്‌മെന്റുകളാണ് ഉണ്ടാവുക.
മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വെർസോവ. വാണിജ്യ-വിനോദകേന്ദ്രങ്ങളോടടുത്ത റെസിഡൻഷ്യൽ ഏരിയയാണ് ഇത്. മെട്രോ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങളിലൂടെ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇവിടെനിന്ന് സുഗമമായി സഞ്ചരിക്കാൻ കഴിയും.
Content Highlights: Celebrated actress Tabu has purchased a high-end apartment in Mumbai's Versova area for ₹10 crore. Located in the Godrej Skyshore project, the 2,153 sq ft residence includes a spacious balcony and two parking spots. The registration was finalized on March 26, 2026.