മണിക്കൂറുകളോളം ബ്രാ ധരിച്ചാലുണ്ടാകുന്ന സ്ട്രാപ്പ് മാര്‍ക്കുകള്‍; ടവ്വലിലുള്ള ചിത്രം പങ്കുവെച്ച് നടി

സ്വാസ്തിക മുഖര്‍ജി | Photo: instagram/ swastika mukherjee
സ്വാസ്തിക മുഖര്‍ജി | Photo: instagram/ swastika mukherjee

കഴിഞ്ഞ ദിവസമാണ് ബംഗാളി അഭിനേത്രി സ്വാസ്തിക മുഖര്‍ജി ബാത്ത് ടവ്വലിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചത്. ഓരോരുത്തരും സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നതിന്റേയും അംഗീകരിക്കുന്നതിന്റേയും പ്രാധാന്യത്തെ കുറിച്ചുള്ള കുറിപ്പോടുകൂടിയാണ് സ്വാസ്തിക ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

സ്തനങ്ങളുടെ വലിപ്പത്തെ കുറിച്ചും മണിക്കൂറുകളോളം ബ്രാ ധരിച്ച് ജോലി ചെയ്യുന്നതിന്റെ ഭാഗമായുള്ള സ്ട്രാപ്പ് മാര്‍ക്കിനെ കുറിച്ചും ശരീരത്തില്‍ കാണുന്ന ചുണങ്ങ് പോലുള്ള പാടിനെ കുറിച്ചുമെല്ലാമാണ് സ്വാസ്തിക ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്. എന്നാല്‍ ഇതിന് താഴെ നടിയെ അഭിനന്ദിച്ചും പരിഹസിച്ചും നിരവധി പേര്‍ പ്രതികരണവുമായെത്തി. 

താരത്തിന്റെ ധീരതയെ അഭിനന്ദിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയിലെ ഇടുങ്ങിയ ചിന്താഗതിക്കാരെ അവഗണിക്കണമെന്നുമെല്ലാം ആളുകള്‍ പ്രശംസിച്ച് കമന്റ് ചെയ്തു. ബാത്ത്‌റൂമില്‍ ടവ്വലില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ എന്തിനാണ് ആളുകളെ കാണിക്കുന്നതെന്നും സ്വാസ്തികയുടെ രീതി ഇതാണെന്ന് കരുതിയിരുന്നില്ലെന്നും മറ്റു ചിലര്‍ കമന്റ് ചെയ്തു. ഇതിനെല്ലാം മറുപടിയുമായി സ്വാസ്തിക തന്നെ രംഗത്തെത്തി. 

'എന്നെ വാക്കുകളാല്‍ മുറിവേല്‍പ്പിക്കാന്‍ ഇന്‍സ്റ്റഗ്രാമിലെ പരിഷ്കൃതരായ ആളുകളെ പ്രേരിപ്പിക്കുന്ന ചിത്രങ്ങള്‍. സ്ത്രീകള്‍ സംസ്‌കാരത്തിന്റെ മിശിഹാകളും കുലസ്ത്രീകളുടെ വഴികാട്ടികളുമായി മാറി. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ചിത്രത്തോടൊപ്പം കൊടുത്ത കുറിപ്പ് ആരും വായിച്ചിട്ടില്ല എന്നതാണ്. ഈ പോസ്റ്റിന് പിന്നിലെ ചിന്തകളെ കുറിച്ച് ഒന്നും അറിയില്ല. സ്ത്രീയെ കീറിമുറിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.'  സ്വാസ്തിക വ്യക്തമാക്കുന്നു.

ഒടിടി സീരിയലുകളിലൂടേയും സിനിമകളിലൂടേയും ശ്രദ്ധ നേടിയ നടിയാണ് സ്വാസ്തിക. ഖാല, പാതാള്‍ ലോക് തുടങ്ങിയ വെബ് സീരീസുകളിലും ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, സാഹേബ് ബീബി ഗൊലാം എന്നീ സിനിമകളിലൂടേയും സ്വാസ്തിക കൈയടി നേടിയിരുന്നു. 

Content Highlights: actress swastika mukherjee blasts trolls criticising her towel pics