അല്ലു അർജുനൊപ്പം ചേർത്ത് മോശം കമന്റ്; രൂക്ഷമായ മറുപടിയുമായി നടി സീരത് കപൂർ

തെന്നിന്ത്യൻ താരം അല്ലു അർജുനൊപ്പം ചേർത്ത് തനിക്കെതിരെ ഒരാൾ പോസ്റ്റ് ചെയ്ത മോശം കമന്റിനെതിരെ നടി സീരത് കപൂർ. 'അല്ലു അർജുന്റെ സ്വത്ത്' എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട സ്ത്രീവിരുദ്ധമായ കമന്റ്. നടിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് ഈ കമന്റ് വന്നത്. ഈ കമന്റ് വൈറലായതോടെ ശ്രദ്ധയിൽ പെട്ട സീരത് ഇതിനോട് നേരിട്ട് പ്രതികരിക്കുകയായിരുന്നു.
സീരത് കപൂർ അടുത്തിടെ ഒരു ഗ്ലാമറസ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ബ്രൗൺ നിറത്തിലുള്ള വസ്ത്രം ധരിച്ച് രാത്രിയിലെടുത്ത സെൽഫിയാണ് താരം പോസ്റ്റ് ചെയ്തത്. വാരാന്ത്യാഘോഷത്തിനിടെയുള്ള ചിത്രമാണ് സീരത് പോസ്റ്റ് ചെയ്തത്. നിരവധി നല്ല കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. ഇതിനിടയിലാണ് പ്രകോപനപരമായ മോശം കമന്റ് പ്രത്യക്ഷപ്പെട്ടത്.
'അല്ലു അർജുന്റെ സ്വത്ത്' എന്നായിരുന്നു കമന്റ്. ഇതിനോട് രൂക്ഷമായാണ് താരം പ്രതികരിച്ചത്. 'ഹൃദയത്തിന്റെ ഇമോജി ഇട്ടാൽ മാത്രം ആദരവാകില്ല. ഒരു സ്ത്രീ ഒരിക്കലും ആരുടേയും സ്വത്തല്ല. അവൾ അവളുടേത് മാത്രമാണ്. അവളുടെ സ്വത്വം, അവളുടെ സ്വപ്നം, അവളുടെ ശബ്ദം. ഉടമസ്ഥാവകാശത്തോടെയല്ല, ആദരവോടെ അവളെ അഭിനന്ദിക്കുക' -സീരത് കപൂർ കുറിച്ചു.
അല്ലു അർജുന് സീരത് ഇൻസ്റ്റഗ്രാമിലൂടെ പിറന്നാളാശംസകൾ നേർന്നിരുന്നു. അല്ലുവിനൊപ്പം പ്രൈവറ്റ് ജെറ്റിലുള്ള ചിത്രങ്ങൾക്കൊപ്പമാണ് നടി പങ്കുവെച്ചത്. ഈ പോസ്റ്റ് സീരത് പിൻ ചെയ്തിട്ടുമുണ്ടായിരുന്നു. അല്ലുവിനൊപ്പമുള്ള വേറേയും ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരുന്നു. മോശം കമന്റിന് സീരത് നൽകിയ മറുപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
Content Highlights: Actress Seerat Kapoor gave a strong reply to an Instagram user who called her Allu Arjuns property. She stated that a woman is not anyone's property and should be admired with dignity and respect rather than ownership.