'രണ്ടാമതും ഗർഭിണിയായി, അഞ്ചാം മാസത്തിൽ അബോർഷനായി'; വേദന പങ്കുവെച്ച് റാണി മുഖർജി

റാണി മുഖര്‍ജി | Photo: instagram/ rani mukerji fan page
റാണി മുഖര്‍ജി | Photo: instagram/ rani mukerji fan page

കുറച്ച് ദിവസം മുമ്പ് ബോളിവുഡ് നടി ബിപാഷ ബസു തന്റെ കുഞ്ഞ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോടെയാണ് പിറന്നതെന്ന് തുറന്നുപറഞ്ഞിരുന്നു. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് പൂർണാരോഗ്യം കൈവരിച്ചതെന്നും കടുത്ത മാനസികസംഘർഷങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ രണ്ട് വർഷങ്ങൾക്ക് മുമ്പ് താൻ അനുഭവിച്ച വേദനയെ കുറിച്ച് സംസാരിക്കുകയാണ് നടി റാണി മുഖർജി.

2020-ൽ രണ്ടാമതും ഗർഭിണിയായെന്നും ഗർഭത്തിലിരിക്കെ അഞ്ചാം മാസത്തിൽ കുഞ്ഞിനെ നഷ്ടപ്പെട്ടെന്നും റാണി പറയുന്നു. 'അതു കഴിഞ്ഞ് 10 ദിവസങ്ങൾക്ക് ശേഷം മിസിസ് ചാറ്റർജി X നോർവേ എന്ന ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ നിഖിൽ അദ്വാനി എന്നെ കാണാൻ വന്നു. എന്നോട് സിനിമയുടെ കഥ പങ്കുവെച്ചു. എന്റെ അവസ്ഥ തന്നെയായിരുന്നു ആ കഥയിൽ പറഞ്ഞിരുന്നത്. കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാരുടെ ദു:ഖം എനിക്ക് പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു. പക്ഷേ ആ കഥ എനിക്ക് പെട്ടെന്ന് വിശ്വസിക്കാനായില്ല. നോർവേ പോെലാരു രാജ്യത്ത് ഒരു ഇന്ത്യൻ കുടുംബത്തിന് ഇത്തരം പ്രശ്‌നങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.' റാണി വ്യക്തമാക്കുന്നു.

'ഈ സിനിമയുടെ പ്രൊമോഷൻ സമയത്ത് ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നില്ല. കാരണം ഒരു വ്യക്തിപരമായ കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ അത് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് തുറന്നുപറയുന്നത് എന്ന തരത്തിൽ ആളുകൾ കരുതുമായിരുന്നു. അത് ഞാൻ ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് അന്ന് അത് പറയാതിരുന്നത്.'- റാണി കൂട്ടിച്ചേർക്കുന്നു. 

നിർമാതാവായ ആദിത്യ ചോപ്രയാണ് റാണിയുടെ ഭർത്താവ്. ഇരുവരും 2014-ലാണ് വിവാഹിതരായത്. ഒരു വർഷത്തിന് ശേഷം ഇരുവർക്കും അദിറ എന്ന മകൾ പിറന്നു.
 

Content Highlights: actress rani mukerji reveals she had a miscarriage in 2020