‘മരുമകളായല്ല, മകളായി സ്നേഹിച്ചു’; ഭർതൃമാതാവിന്റെ വിയോഗവാർത്ത പങ്കുവെച്ച് നവ്യ നായർ

#Lifestyle desk
നവ്യ മകനും ഭർതൃമാതാവിനുമൊപ്പം, മുമ്പ് നവ്യ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുടുംബചിത്രം| ഫോട്ടോ: Instagram/@navyanair143
നവ്യ മകനും ഭർതൃമാതാവിനുമൊപ്പം, മുമ്പ് നവ്യ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുടുംബചിത്രം| ഫോട്ടോ: Instagram/@navyanair143

നടി നവ്യ നായരുടെ ഭർതൃമാതാവ് അന്തരിച്ചു. നവ്യ തന്നെയാണ് ദുഃഖവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഒരു മകളെപ്പോലെയാണ് അമ്മ തന്നെ സ്നേഹിച്ചിരുന്നതെന്നും തന്റെ നൃത്തത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നതായും നവ്യ കുറിച്ചു. അവസാനമായി മാതംഗി ഫെസ്റ്റിവലിൽ തന്റെ നൃത്തകച്ചേരി കാണാൻ എത്തിയിരുന്നു. രണ്ടാമണിക്കൂർ നൃത്തം ചെയ്ത കാര്യം അഭിമാനത്തോടെയാണ് അവർ എല്ലാവരോടും പറഞ്ഞിരുന്നതെന്നും നവ്യ ഓർമ്മിച്ചു.

ശാന്ത മേനോൻ, നാരായണ മേനോൻ ദന്പതികളുടെ മകനായ സന്തോഷ് മേനോൻ ആണ് നവ്യയുടെ ഭർത്താവ്.

നവ്യയുടെ സോഷ്യൽ മീഡിയ പോസ്റ്റ് 

'അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു, മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു, എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു. അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു.

എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു.

“മക്കളേ.. ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു.. “മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ’

നിത്യ ശാന്തി നേരുന്നു."

Content Highlights: Navya Nair's mother-in-law passes away.