വൃത്തിയില്ലാതെ ഇരുന്നാലും സുന്ദരിയായിരിക്കുന്നുവെന്ന് പറയുന്ന ഒരാള്‍ അദ്ദേഹം മാത്രമായിരിക്കും-മോഹിനി

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു നടി മോഹിനിയുടെ വിവാഹം. 1999-ല്‍ അമേരിക്കയില്‍ ബിസിനസുകാരനായ ഭരതിനെ വിവാഹം ചെയ്യുമ്പോള്‍ മോഹിനിയുടെ പ്രായം 22 വയസ്സായിരുന്നു. അതിനുശേഷം അമേരിക്കയിലേക്ക് താമസം മാറിയ അവര്‍ പിന്നീട് സിനിമയില്‍നിന്ന് ഇടവേളയെടുത്തു.
അടുത്തിടെ തമിഴ് മാധ്യമം വികടന് നല്കിയ അഭിമുഖത്തില്‍ കുടുംബജീവിതത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും അവര്‍ മനസ് തുറന്നു. വിവാഹം ചെയ്യുമ്പോള്‍ 22 വയസ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മക്കളെ വളര്‍ത്തുന്നത് ഒരു തരത്തിലും സമ്മര്‍ദമുള്ള കാര്യമായി തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന് മോഹിനി പറയുന്നു. താന്‍ വൃത്തിയില്ലാതെ ഇരുന്നാലും വളരെ സുന്ദരിയായിരിക്കുന്നു എന്ന് പറയുന്ന ഒരാള്‍ ഭര്‍ത്താവ് മാത്രമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
'എന്റെ മകന് കോളേജ് പഠനം പൂര്‍ത്തിയാക്കി. അവനിപ്പോള്‍ 25 വയസ്സാണ്. 22-ാം വയസ്സിലായിരുന്നു എന്റെ വിവാഹം. പെട്ടെന്നുതന്നെ ആദ്യത്തെ കുഞ്ഞും പിറന്നു. എന്നാല്‍ അവനെ വളര്‍ത്തുന്ന സമയത്ത് ഒരു തരത്തിലുള്ള സ്ട്രെസ്സും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അവന് ഇപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുകയാണ്.
രണ്ടാമത്തെ മകന് ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. അവന് ഹോം സ്കൂളിങ്ങാണ് നല്‍കുന്നത്. അവന്റെ ടീച്ചര്‍ ഞാനാണ്. വളരെ നിഷ്കളങ്കനായ കുട്ടിയാണ് അവന്. എന്ത് പറഞ്ഞാലും അനുസരിക്കും. എന്റെ കൂടെ സ്ഥിരം ചര്‍ച്ചില്‍ വരും.
ഭര്‍ത്താവ് ഭരത് ഐടി ഇന്‍ഡസ്ട്രിയിലാണ് ജോലി ചെയ്യുന്നത്. ബൈക്ക് റൈഡിങ്, ഹൈക്കിങ് എല്ലാം ഇഷ്ടമാണ്. ഭക്ഷണപ്രിയനുമാണ്. ഭരത് വന്ന ശേഷമാണ് എന്റെ ജീവിതത്തില്‍ മാറ്റമുണ്ടായത്. ഞാന്‍ കൂടുതല്‍ സംസാരിച്ചു തുടങ്ങിയതും ഇത്രയും ആത്മവിശ്വാസം ലഭിച്ചതും അതിനുശേഷമാണ്.
ഞാന്‍ വൃത്തിയില്ലാത്ത രൂപത്തില്‍ ഇരുന്നാലും നീ വളരെ സുന്ദരിയാണെന്ന് എന്നോട് ഒരാള്‍ പറയുമെങ്കില്‍ അത് എന്റെ ഭര്‍ത്താവ് മാത്രമാകും. എന്തിനാ ഇങ്ങനെ കള്ളം പറയുന്നെ എന്ന് ഞാന്‍ ചിലപ്പോള്‍ ചോദിക്കും. ഒരു തരത്തിലും അദ്ദേഹം എന്നെ കുറിച്ച് പരാതി പറയുന്നത് കേട്ടിട്ടില്ല.
സ്വഭാവംകൊണ്ട് രണ്ടുപേരും വ്യത്യസ്തരാണ്. 12.30ക്ക് ഉറങ്ങി രാവിലെ 5.30 ആകുമ്പോഴേക്ക് അദ്ദേഹം എഴുന്നേല്ക്കും. ഞാന്‍ 10.30ക്ക് ഉറങ്ങിയാലും ഏഴ് മണിക്കേ എഴുന്നേല്ക്കൂ. എനിക്കൊരു ചെറിയ പനി വന്നാല്‍പോലും അദ്ദേഹം നന്നായി നോക്കും. എന്നാല്‍ അദ്ദേഹത്തിന് എന്തുതരത്തിലുള്ള ബുദ്ധിമുട്ട് വന്നാലും ഞങ്ങളെ അറിയിക്കില്ല. അദ്ദേഹത്തെ കിട്ടിയത് ഞങ്ങളുടെ അനുഗ്രഹമാണ്.' മോഹിനി പറയുന്നു.
Content Highlights: actress mohini talks about husband and family life