'ഓരോ ചുവടിലും നിന്റെ കൂടെയുണ്ടാകും, നിന്നെയോർത്ത് അഭിമാനം'- മകളുടെ നേട്ടം പങ്കുവെച്ച് നടി മാധവി

മകൾ ടിഫാനി ഗൗരികയുടെ നേട്ടം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടി മാധവി. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, ഇർവിനിൽ നിന്ന് ടിഫാനി ഡിസ്റ്റിങ്ഷനോടെ എംബിഎ ബിരുദം കരസ്ഥമാക്കിയ സന്തോമാണ് മാധവി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മകളുടെ ബിരുദദാന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്.
'വിജയങ്ങളിലേക്കുള്ള നിന്റെ ഓരോ ചുവടിലും കൂടെ നിൽക്കാൻ ഡാഡിയും പ്രിസില്ലയും എവ്‌ലിനും ഞാനും എപ്പോഴുമുണ്ടാകും. നിന്റെ ഈ വലിയ നേട്ടത്തിൽ ഞങ്ങൾ അഭിമാനത്തോടെയും പ്രാർഥനയോടെയും സന്തോഷിക്കുന്നു'-മാധവി കുറിച്ചു. ഭർത്താവ് റാൽഫ് ശർമ, മറ്റ് മക്കളായ പ്രിസില്ല, എവ്‌ലിൻ എന്നിവരേയും ചിത്രങ്ങളിൽ കാണാം.
ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്നിരുന്ന മാധവി വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. വ്യവസായിയായ റാൽഫ് ശർമയെ വിവാഹം കഴിച്ചശേഷം കുടുംബത്തോടൊപ്പം യുഎസിലെ ന്യൂജെഴ്‌സിയിലാണ് താമസം. ഒരു വടക്കൻ വീരഗാഥ, ആകാശദൂത് തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിൽ തിളങ്ങിയ നടിയാണ് മാധവി.
Content Highlights: Actress Madhavis daughter Tiffany Gauri graduates with distinction from UC Irvine., Madhavi shared the milestone on Instagram with family photos., The family, including husband Ralph Sharma, attended the ceremony., Madhavi is a veteran actress known for films like Oru Vadakkan Veeragatha.