13-ാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് നടൻ രാം കപൂർ; ദുരനുഭവം കേട്ട് കരഞ്ഞുപോയെന്ന് ജെനീലിയ

ജീവിതത്തിലുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടൻ രാം കപൂർ. കൗമാരകാലത്ത് നേരിട്ട ലൈംഗികാതിക്രമമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ബോർഡിങ് സ്കൂളിൽ പഠിക്കുമ്പോൾ 13-ാം വയസിലാണ് താൻ ദുരുപയോഗം ചെയ്യപ്പെട്ടത്. ഇക്കാര്യം താൻ ആരോടും പറഞ്ഞിട്ടില്ല. ഭാര്യയ്ക്ക് മാത്രമാണ് ഇതിനെ കുറിച്ച് അറിയാവുന്നതെന്നും രാം കപൂർ പറഞ്ഞു. ലോക്ക് അപ്പ് 2 എന്ന റിയാലിറ്റി ഷോയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
'ബോർഡിങ് സ്കൂളിൽ വെച്ച് ഞാൻ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്. അന്ന് ഞാൻ എട്ടാം ക്ലാസിലായിരുന്നു. എനിക്ക് 13 വയസ് പ്രായം. സ്കൂൾ ദിവസങ്ങളിൽ രാത്രി ഡോർമിറ്ററിയിൽ ആരുടെയെങ്കിലും കട്ടിലിൽ ഞങ്ങൾ ഒന്നിച്ചിരുന്ന് സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങൾ ആസ്വദിച്ചിരുന്ന കാലമായിരുന്നു അത്. പിന്നീട് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർഥി എന്റെ കട്ടിലിൽ എനിക്കൊപ്പം വന്നിരുന്നു.' -രാം കപൂർ പറഞ്ഞു.
'ഞങ്ങൾ സംസാരിക്കുകയും പരസ്പരം കളിയാക്കുകയുമെല്ലാം ചെയ്തു. അതിനിടെ അവൻ പുതപ്പിനടിയിലൂടെ എന്റെ ശരീരത്തിൽ സ്പർശിച്ചു. അവിടെ ഞങ്ങൾക്ക് ചുറ്റും മുപ്പതോ നാൽപ്പതോ കുട്ടികളുണ്ടായിരുന്നു. ഞാൻ ഒന്നും ചെയ്യാനാകാതെ മരവിച്ചിരുന്നുപോയി. അവൻ അത് തുടർന്നു. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എന്ത് ചെയ്യണമെന്നോ എന്ത് ചെയ്യാതിരിക്കണമെന്നോ എനിക്കറിയില്ലായിരുന്നു. ഞാൻ അത് സഹിച്ചിരിക്കണോ? ഉറക്കെ നിലവിളിക്കണോ? എനിക്ക് ഒന്നുമറിയില്ലായിരുന്നു. എന്നാൽ കുറച്ച് സമയം കഴിഞ്ഞ് ഞാൻ അവനോട് പറഞ്ഞു എനിക്ക് ഇത് ഇഷ്ടമല്ല എന്ന്. അവൻ ഉടൻ തന്നെ അത് നിർത്തുകയും അവിടെനിന്ന് പോകുകയും ചെയ്തു.' -രാം കപൂർ തുടർന്നു.
ഈ സംഭവം തന്നെയാകെ മാറ്റിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആ സംഭവം ഉണ്ടാക്കിയ മാനസികാഘാതം കാരണം താൻ നിശബ്ദനായിപ്പോയി. പിന്നീട് ഏതാനും ആഴ്ചകൾക്ക് ശേഷം ആ പത്താം ക്ലാസുകാരൻ തന്റെ അരികിൽ വന്ന് മാപ്പ് ചോദിച്ചു. വിചിത്രമായി തോന്നാം, പക്ഷേ തന്റെ മാനസികാഘാതത്തിന് കാരണമായ ആൾ തന്നെ അതിൽ നിന്ന് പുറത്തുവരാനും തന്നെ സഹായിച്ചു. അതിന് ശേഷം തങ്ങൾ നല്ല സുഹൃത്തുക്കളായി മാറിയെന്നും രാം കപൂർ കൂട്ടിച്ചേർത്തു.
നെറ്റ്ഫ്ളിക്സിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയാണ് ലോക്ക് അപ്പ് 2. രാം കപൂറിന്റെ വെളിപ്പെടുത്തൽ ഉൾപ്പെടുന്ന എപ്പിസോഡ് പുറത്തുവന്ന ഉടൻ അദ്ദേഹത്തിന്റെ സത്യസന്ധതയേയും ധൈര്യത്തേയും പ്രശംസിച്ച് ഭാര്യ ഗൗതമി രംഗത്തെത്തി. ഷോയുടെ അവതാരകയായ ഋതേഷ് ദേശ്മുഖ്, ഗൗതമിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെക്കുകയും ജീവിതത്തിലെ ഏറ്റവും ദുർഘടമായ അധ്യായത്തെ കുറിച്ച് തുറന്നുപറഞ്ഞതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.
നടി ജനീലിയാ ദേശ്മുഖും രാം കപൂറിന്റെ തുറന്നുപറച്ചിലിനോട് പ്രതികരിച്ച് രംഗത്തെത്തി. രാം കപൂറിന്റെ ധൈര്യത്തേയും സത്യസന്ധമായ സംഭാഷണങ്ങളുടെ പേരിൽ ലോക്ക് അപ്പ് 2 എന്ന റിയാലിറ്റി ഷോയേയും ജനീലിയ അഭിനന്ദിച്ചു. രാം കപൂറിന്റെ വെളിപ്പെടുത്തൽ തന്നെ കരയിച്ചുവെന്ന് ജനീലിയ പറഞ്ഞു.
Content Highlights: Actor Ram Kapoor revealed that he experienced sexual abuse at age 13 while studying in a boarding school. He shared the emotional impact of the incident on a reality show, and actress Genelia Deshmukh said his honest disclosure moved her to tears.