‘ആളുകൾ എന്നെ മറന്നു, തിരിച്ചുവരവ് പ്രയാസമായിരുന്നു’; ഭാര്യയുടെ വിയോഗത്തെക്കുറിച്ച് രാഹുൽ ദേവ്.

#Lifestyle desk
നടൻ രാഹുൽ ദേവ് | ഫോട്ടോ: എ.എൻ.ഐ
നടൻ രാഹുൽ ദേവ് | ഫോട്ടോ: എ.എൻ.ഐ

ഭാര്യയുടെ വിയോഗത്തിന് ശേഷം സിനിമാ മേഖലയിൽ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് മനസ്സ് തുറന്ന് നടൻ രാഹുൽ ദേവ്. കാൻസർ ബാധിതയായി 2009-ലാണ് രാഹുലിന്റെ ഭാര്യ റീന ദേവ് അന്തരിക്കുന്നത്. ഇതിനെത്തുടർന്ന് മകനെ വളർത്തുന്നതിനായി താരം സിനിമയിൽ നിന്ന് നാലര വർഷത്തോളം ഇടവേള എടുത്തിരുന്നു.

തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ലെന്ന് രാഹുൽ ദേവ് മനസ്സുതുറന്നു. ഹിന്ദി റഷിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെച്ചത്. 

80-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നാലര വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ ആരും തന്നെ തിരിച്ചറിയാത്ത അവസ്ഥയായിരുന്നുവെന്ന് അദ്ദേഹം പങ്കുവെച്ചു. 

‘ബിഗ് ബോസിൽ നിന്ന് ക്ഷണം ലഭിച്ചപ്പോൾ ആദ്യം പോകാൻ താല്പര്യമില്ലായിരുന്നു. എന്നാൽ ഗുരുവിന്റെ ഉപദേശപ്രകാരമാണ് അതിൽ പങ്കെടുത്തത്. അവിടെ നിന്നാണ് വീണ്ടും കരിയർ പടുത്തുയർത്താൻ തുടങ്ങിയത്’- രാഹുൽ ദേവ് പറഞ്ഞു. 

ഇൻഡസ്ട്രിയോട് തനിക്ക് യാതൊരു പരാതിയുമില്ലെന്നും, സിനിമയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത് സാഹചര്യങ്ങൾ കൊണ്ട് താൻ തന്നെ എടുത്ത തീരുമാനമായിരുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു.

1998-ലാണ് രാഹുലും റീനയും വിവാഹിതരായത്. ഇവർക്ക് സിദ്ധാർത്ഥ് എന്നൊരു മകനുണ്ട്. 2009-ലെ റീനയുടെ മരണശേഷം രാഹുൽ ഒറ്റയ്ക്കാണ് മകനെ വളർത്തിയത്. നിലവിൽ മോഡലും നടിയുമായ മുഗ്ദ ഗോഡ്സെയുമായി അദ്ദേഹം പ്രണയത്തിലാണ്. കഴിഞ്ഞ വർഷം തന്റെ സഹോദരനും നടനുമായ മുകുൾ ദേവിനെ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

ആശിഷ് കുമാർ സംവിധാനം ചെയ്യുന്ന പഞ്ചാബി ചിത്രമായ മോർ സാബ് ദ ബനൂഗയാണ് പുറത്താനിരിക്കുന്ന ചിത്രം. 

Content Highlights: Actor Rahul Dev reveals the emotional and professional challenges he faced after his wife Rina's death in 2009, including a four-year career break that left him unrecognized by the industry upon his return