'പുറത്തുനടക്കുന്ന കാര്യങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരാന്‍ അമ്മയും ഐശ്വര്യയും അനുവദിക്കാറില്ല'-അഭിഷേക്

ഐശ്വര്യ റായിയുമായുള്ള വിവാഹബന്ധം വേര്‍പിരിയുകയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചന്‍. ബോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയില്‍ വളര്‍ന്ന വ്യക്തി എന്ന നിലയില്‍ ഏതെല്ലാം കാര്യങ്ങള്‍ ഗൗരവമായി എടുക്കണമെന്നും ഏതെല്ലാം തള്ളിക്കളയണമെന്നും തനിക്കറിയാമെന്ന് അഭിഷേക് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും അഭിഷേക് പറയുന്നു. ഇന്‍സ്റ്റന്റ് ബോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിഷേക്.
'ഞാന്‍ എന്നും സന്തോഷകരമായ ഒരു കുടുംബത്തിലേക്കാണ് മടങ്ങിപ്പോകുന്നത്. എന്റെ അമ്മ ജയ ബച്ചന്‍ പുറത്തുനടക്കുന്ന കാര്യങ്ങളൊന്നും വീട്ടിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കാറില്ല. ഇപ്പോള്‍ എന്റെ ഭാര്യ ഐശ്വര്യാ റായിയും അങ്ങനെയാണ്. അതുകൊണ്ട് ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ല.'- അഭിഷേക് അഭിമുഖത്തില്‍ പറഞ്ഞു.
നേരത്തെ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലും വിവാഹമോചന അഭ്യൂഹങ്ങള്‍ക്കെതിരെ അഭിഷേക് സംസാരിച്ചിരുന്നു. നെഗറ്റീവ് വാര്‍ത്തകള്‍ക്കാണ് കൂടുതല്‍ കച്ചവടമൂല്യമുള്ളതെന്നും കമ്പ്യൂട്ടര്‍ സ്‌ക്രീനിന് പിന്നില്‍ അജ്ഞാതനായി ഇരുന്നുകൊണ്ട് മോശം കാര്യങ്ങള്‍ എഴുതുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നും അഭിഷേക് വ്യക്തമാക്കിയിരുന്നു.
2007 ഏപ്രില്‍ 20-നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. ജുഹുവിലെ വീടായ 'പ്രതീക്ഷ'യില്‍ നടന്ന വിവാഹത്തില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തിരുന്നു. 2011-ല്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. ഇപ്പോള്‍ 13 വയസുകാരിയായ മകളുടെ പേര് ആരാധ്യ എന്നാണ്.
Content Highlights: abhishek bachchan dismisses divorce rumours with aishwarya rai