‘എന്റെ മനസിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു’- മുംബൈയിലെ ആഡംബരവീട്ടിൽ താമസിക്കാനൊരുങ്ങി ആമിറും ഗൗരിയും

ഗൗരി സ്പ്രാട്ടിനൊപ്പം ആമിര്‍ ഖാന്‍ | Photo: ANI
ഗൗരി സ്പ്രാട്ടിനൊപ്പം ആമിര്‍ ഖാന്‍ | Photo: ANI

മുംബൈയിൽ തന്റെ 60-ാം പിറന്നാൾ ആഘോഷത്തിനിടയിലാണ് താൻ വീണ്ടും പ്രണയത്തിലാണെന്ന കാര്യം ആമിർ ഖാൻ വെളിപ്പെടുത്തിയത്. ബെംഗളൂരു സ്വദേശിയായ ഗൗരി സ്പ്രാട്ടാണ് ആമിറിന്റെ പുതിയ കാമുകി. ഇപ്പോഴിതാ മുംബൈയിലെ ആഡംബര വീട്ടിൽ ഗൗരിക്കൊപ്പം പുതിയ ജീവിതം തുടങ്ങാൻ ഒരുങ്ങുകയാണ് ആമിർ. താൻ ഗൗരിയെ മനസിൽ വിവാഹം ചെയ്തു കഴിഞ്ഞുവെന്നും ഔപചാരികമായ വിവാഹം വേണമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനിക്കുമെന്നും നടൻ വ്യക്തമാക്കി.

'എന്റേയും ഗൗരിയുടേയും ബന്ധം ഗൗരവമുള്ളതാണ്. പരസ്പരം പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ ഒരുമിച്ചാണ്. പങ്കാളികളുമാണ്. എന്റെ മനസിൽ അവളുമായുള്ള വിവാഹം കഴിഞ്ഞു. ഇനി അത് ഔപചാരികമാക്കണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും'-ആമിർ വ്യക്തമാക്കി. പ്രൊഡക്ഷൻ മേഖലയിലാണ് ഗൗരി ജോലി ചെയ്യുന്നതെന്നും മുംബൈയിലെ തന്റെ വീട്ടിൽവെച്ച് ഷാരൂഖ് ഖാനും സൽമാൻ ഖാനും ഗൗരിയെ പരിയപ്പെടുത്തിയിട്ടുണ്ടെന്നും ആമിർ വ്യക്തമാക്കിയിരുന്നു.

റീന ദത്തയാണ് ആമിർ ഖാന്റെ ആദ്യ ഭാര്യ. 1986-ൽ ഈ വിവാഹം നടക്കുമ്പോൾ ആമിറിന് 21 വയസ്സായിരുന്നു പ്രായം. ഇവർക്ക് രണ്ട് മക്കളുണ്ട്. ഇറാ ഖാനും ജുനൈദ് ഖാനും. 16 വർഷത്തെ ദാമ്പത്യത്തിനുശേഷം 2002-ൽ ഇവർ വേർപിരിഞ്ഞു. 2005-ൽ ആമിർ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ആസാദ് എന്നൊരു മകനുണ്ട്. 2021-ൽ കിരണുമായും ആമിർ വേർപിരിഞ്ഞു. എന്നിരുന്നാലും മുൻ ഭാര്യമാരുമായി ഇപ്പോഴും സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് ആമിർ. ഇറാ ഖാന്റെ വിവാഹത്തിന് എല്ലാവരും ഒരുമിച്ച് പങ്കെടുത്തിരുന്നു.

Content Highlights: aamir khan to move in with girlfriend gauri spratt