പ്രിയപ്പെട്ട ആനയുടെ പിറന്നാളിന് തിരുവാതിരയൊരുക്കി ഒരു ഗ്രാമം

പാപ്പാന്മാരും നാട്ടുകാരും സ്‌നേഹത്തോടെ വിളിക്കുന്ന തന്റെ പേര് തിരുവാതിരപ്പാട്ടായി കേട്ടപ്പോള്‍ 'വെളിനല്ലൂര്‍ മണികണ്ഠന്‍' കാതുകൂര്‍പ്പിച്ചപോലെ തോന്നി. ആലവട്ടംപോലെ ചെവി താളത്തിലാട്ടി. തുമ്പിയാട്ടത്തിനുമുണ്ടായിരുന്നു ഒരു തിരുവാതിരത്താളം.
38 വര്‍ഷംമുന്‍പ് നടയ്ക്കിരുത്തിയ പ്രിയപ്പെട്ട ആനയുടെ അന്‍പതാം പിറന്നാളിനാണ് വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രോപദേശകസമിതിയുടെ നേതൃത്വത്തില്‍ അവനെ കഥാപാത്രമാക്കി തിരുവാതിരയൊരുക്കിയത്. പന്ത്രണ്ടാം വയസ്സില്‍ വെളിനല്ലൂരിലെത്തിയ മണികണ്ഠന്‍ വളരെപ്പെട്ടെന്ന് നാട്ടുകാര്‍ക്ക് പ്രിയങ്കരനായി. വിളിച്ചാല്‍ വിളികേള്‍ക്കുന്ന മണികണ്ഠന് ഭക്തര്‍ പഴവും ശര്‍ക്കരയും തണ്ണിമത്തനുമൊക്കെ നല്‍കി. പതിയെപ്പതിയെ വെളിനല്ലൂരിലെ അഞ്ചുകരകള്‍ക്കുമപ്പുറത്തേക്ക് മണികണ്ഠന്‍ പ്രശസ്തനായി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശബരിമല, വൈക്കം, ചെങ്ങന്നൂര്‍, കൊട്ടാരക്കര അടക്കമുള്ള ഒട്ടേറെ ക്ഷേത്രങ്ങളില്‍, ഇപ്പോള്‍ ഉത്സവത്തിന് തിടമ്പേറ്റുന്നത് മണികണ്ഠനാണ്. അഞ്ചുവര്‍ഷമായി ശബരിമല ഉത്സവത്തിന് കെട്ടുനിറച്ചാണ് മണികണ്ഠനെ കൊണ്ടുപോകുന്നത്.
കഴിഞ്ഞ ശബരിമല യാത്രാവേളയില്‍ ക്ഷേത്രോപദേശകസമിതി സെക്രട്ടറി വി.ഹരികുമാറാണ് മണികണ്ഠനെപ്പറ്റി തിരുവാതിര അവതരിപ്പിക്കണമെന്ന ആശയം മുന്നോട്ടുെവച്ചത്. 50 വയസ്സ് തികയുന്ന വമ്പന് ഇത്തിക്കരയാറിന്റെ തീരഗ്രാമമായ വെളിനല്ലൂരിന്റെ ആദരമായി ഒരു കലോപഹാരം.
വേളമാനൂരാന്‍ തമ്പി വരികളെഴുതി. പ്രണവം ഷീലാമധു സംഗീതം ചെയ്തു. നാട്യശ്രീ മനുജ തിരുവാതിര ചിട്ടപ്പെടുത്തി. ചുറ്റുവട്ടത്തുതന്നെയുള്ള പ്രീത വിജയകുമാര്‍, അശ്വതി ഹരികുമാര്‍, വിന്ദുജ വി.നായര്‍, വി.ബിജി, ശ്രീലേഖ, ബീന, ദീപ രാജേഷ്, ദീപ രാജശേഖരനുണ്ണിത്താന്‍, വിനീത, വിദ്യ എന്നിവരെക്കൂട്ടി ഏഴുദിവസംകൊണ്ട് തിരുവാതിര അരങ്ങിലെത്തിച്ചു. 'അഞ്ചുകരയ്ക്കധിപനാം ശ്രീരാമചന്ദ്രന്‍ വാഴും തിരുവെളിനല്ലൂരിലെ ശ്രീമണികണ്ഠന്‍...'എന്നുതുടങ്ങുന്ന തിരുവാതിരയില്‍ ആനയുടെ അഴകും പ്രായവും വമ്പുമെല്ലാം വര്‍ണിക്കുന്നുണ്ട്.
Content Highlights: a village prepares thiruvathira for an elephants birthday