6 മാസത്തെ കഠിനാധ്വാനം, യൂട്യൂബിലൂടെ ജീവിതത്തിലെ ആദ്യവരുമാനം; വികാരാധീനയായി അമ്പത്തിരണ്ടുകാരി

#Lifestyle desk
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/@anshul_pareek__
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/@anshul_pareek__

എത്ര ചെറിയ തുകയാണെങ്കിലും ആദ്യ ശമ്പളം നൽകുന്ന സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതോടൊപ്പം ലക്ഷ്യങ്ങൾ കീഴടക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 52 വയസ്സുകാരിയായ ഒരു വീട്ടമ്മ. ജീവിതത്തിലാദ്യമായി സ്വന്തം പരിശ്രമത്തിലൂടെ വരുമാനം കണ്ടെത്തിയ സന്തോഷം പങ്കുവെക്കുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. വെറും ആറുമാസത്തെ പരിശ്രമത്തിലൂടെ യൂട്യൂബിൽ നിന്നാണ് ഇവർ ആദ്യ പ്രതിഫലം നേടിയത്.

അൻഷുൽ പരീഖ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, തന്റെ ഫോണിലെ വരുമാന വിവരം കണ്ട് വികാരാധീനയായി ഇരിക്കുന്ന അമ്മയെ കാണാം. ‘എന്താണ് സംഭവിച്ചത്?’ എന്ന മകളുടെ ചോദ്യത്തിന്, ‘എന്റെ ജീവിതത്തിലെ ആദ്യത്തെ വരുമാനം ഞാൻ നേടിയിരിക്കുന്നു. 52-ാം വയസ്സിൽ, വെറും ആറുമാസം കൊണ്ടാണ് യൂട്യൂബിലൂടെ ഞാൻ ഇത് നേടിയെടുത്തത്’ എന്ന് അഭിമാനത്തോടെ ഇവർ മറുപടി നൽകുന്നു.

'സ്വപ്നങ്ങൾക്ക് പ്രായമില്ല, കഠിനാധ്വാനത്തിന് പ്രായപരിധിയില്ല' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യൂട്യൂബ് ക്രിയേറ്റേഴ്സ് ഇന്ത്യയും നേട്ടത്തെ അഭിനന്ദിച്ച് കമൻ്റിട്ടിട്ടുണ്ട്.

പ്രായം വെറുമൊരു അക്കം മാത്രമാണെന്നും പുതിയ കാര്യങ്ങൾ പഠിക്കാനും വിജയിക്കാനും വൈകിയിട്ടില്ലെന്നും വീഡിയോക്ക് താഴെ നിരവധി പേർ കമന്റ് ചെയ്തു. എന്നാൽ എത്ര തുകയാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. യൂട്യൂബിലൂടെ ലഭിക്കുന്ന വരുമാനമെത്രയെന്ന് വ്യക്തമാക്കുന്നത് യൂട്യൂബിൻ്റെ നയങ്ങൾക്കെതിരാണ്. 

Content Highlights: Inspiring story of a 52-year-old homemaker achieving financial independence through YouTube