'40-ാം വയസ്സിൽ ഗർഭിണി, അവിവാഹിതയെന്ന നിലയിൽ അത് എളുപ്പമായിരുന്നില്ല; IVF ക്ലിനിക്കുകൾ നിരസിച്ചു'

ഐവിഎഫ് വഴി ഗർഭിണിയാണെന്ന് വെളിപ്പെടുത്തി നർത്തകിയും നടിയുമായ ഭാവന രാമണ്ണ. ഐവിഎഫ് വഴി ഇരട്ടക്കുട്ടികളുടെ അമ്മയാകാൻ പോകുന്നുവെന്നാണ് നടി വെളിപ്പെടുത്തിയത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഭാവന ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
ഭാവന രാമണ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്
പുതിയ അധ്യായം, ഒരു പുതിയ താളം. ഞാൻ ഇങ്ങനെ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ, ഇതാ ഞാൻ ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച് ആറു മാസം കഴിഞ്ഞിരിക്കുന്നു. കൃതജ്ഞയോടെ എന്റെ മനസ്സ് നിറയുന്നു.
20-കളിലും 30-കളിലും മാതൃത്വം എൻ്റെ ചിന്തകളിലേ ഉണ്ടായിരുന്നില്ല. എന്നാൽ, 40 വയസ്സായതോടെ ആ ആഗ്രഹം നിഷേധിക്കാനാവാതെയായി. എന്നാൽ, അവിവാഹിതയായ സ്ത്രീ എന്ന നിലയിൽ ഈ യാത്ര എളുപ്പമായിരുന്നില്ല. പല ഐവിഎഫ് ക്ലിനിക്കുകളിൽ നിന്ന് നിരസിക്കപ്പെട്ടു.
ഈ സമയത്താണ് ഡോ. സുഷമയെ കണ്ടുമുട്ടുന്നത്. അവരുടെ പിന്തുണയോടെ ആദ്യ ശ്രമത്തിൽ തന്നെ ഞാൻ ഗർഭം ധരിച്ചു. അച്ഛനും സഹോദരങ്ങളും പ്രിയപ്പെട്ടവരും അഭിമാനത്തോടെ ഒപ്പംനിന്നു. ചിലർ എൻ്റെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഞാൻ തയ്യാറായിരുന്നുവെന്ന് ഞാൻ അറിഞ്ഞു.
എൻ്റെ മക്കൾക്ക് അച്ഛനുണ്ടാവില്ല. പക്ഷേ, കലയും സംഗീതവും സംസ്കാരവും നിരുപാധികമായ സ്നേഹവും നിറഞ്ഞ ഒരു വീട്ടിൽ അവർ വളരും. കലഹത്തിനായാല്ല ഈ പാത തിരഞ്ഞെടുത്തത്. മറിച്ച്, എന്റെ സത്യത്തെ ബഹുമാനിക്കാനാണ്. എൻ്റെ കഥ ഒരു സ്ത്രീയെ എങ്കിലും അവളിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുമെങ്കിൽ അത് ധാരാളമാണ്.
വൈകാതെ, രണ്ട് കുഞ്ഞ് ആത്മാക്കൾ എന്നെ അമ്മ എന്ന് വിളിക്കും, അതാണ് എല്ലാം.
Content Highlights: A single woman`s journey to motherhood via IVF at 40