അമ്മയുടെ പിറന്നാളിന് സർപ്രൈസ്, സ്വരുക്കൂട്ടിവെച്ച പണവുമായി കടയിലെത്തി 11-കാരൻ

പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ചൈനയിലെ ഒരു 11 വയസുകാരൻ ഒരുക്കിയ സർപ്രൈസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തനിക്ക് കിട്ടിയ പോക്കറ്റ് മണി സ്വരുക്കൂട്ടിവെച്ച് അമ്മയ്‌ക്കൊരു സമ്മാനം നൽകുകയായിരുന്നു 11-കാരൻ. പ്രൈമറി സ്‌കൂൾ വിദ്യാർഥിയായ അവൻ തനിക്ക് കിട്ടിയ പോക്കറ്റ് മണി സൂക്ഷിച്ചുവെച്ച് അമ്മയുടെ പിറന്നാൾ ദിനത്തിൽ ഷൂ വാങ്ങി നൽകുകയായിരുന്നുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് 11-കാരനായ ഷാങ് താമസിക്കുന്നത്. ഒരു ദിവസം അവൻ ഷൂ വിൽക്കുന്ന കടയിലേക്ക് ചെന്നു. ഒരു യുവാൻ നോട്ടുകളുടെ ഒരു വലിയ ശേഖരം തന്നെ അവന്റെ കൈയിലുണ്ടായിരുന്നു. അത് നൽകി തന്റെ അമ്മയ്ക്ക് ഒരു ഷൂ വേണമെന്ന് അവൻ കടയുടമയോട് പറഞ്ഞു. തന്റെ അമ്മയുടെ പിറന്നാളിന് സമ്മാനമായി നൽകാനാണ് ഇതെന്നും അമ്മയുടെ പഴയ ഷൂ കീറിപ്പറിഞ്ഞ് തുടങ്ങി എന്നും 11-കാരൻ കടയുടമയോട് പറഞ്ഞു.

ആകെ 200 യുവാനാണ് കുട്ടി കടയുടമയ്ക്ക് നൽകിയത്. പകരം കടയുടമ അവന് ഒരു വെള്ള സ്‌പോർട്‌സ് ഷൂ നൽകി. പക്ഷേ അവനോട് അലിവ് തോന്നിയ കടയുടമ മുഴുവൻ പണവും വാങ്ങിയില്ല. 100 യുവാനിൽ താഴെ മാത്രമേ ആ ഷൂവിന് വിലയിട്ടുള്ളു.

കടയുടമ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ 11-കാരൻ ചർച്ചാവിഷയമായി. എല്ലാ ആഴ്ച്ചയും ബ്രേക്ക്ഫാസ്റ്റ് വാങ്ങാനായി മുത്തശ്ശി നൽകിയ പണം കൂട്ടിവെച്ചാണ് അമ്മയ്ക്ക് സമ്മാനം വാങ്ങിയതെന്ന് ഷാങ് പറയുന്നു. അവന്റെ അമ്മ ഈ ഷൂ ധരിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. തന്റെ മകനോടും കടയുടമയോടുള്ള നന്ദിയും സ്‌നേഹവും അവർ അറിയിച്ചു.

Content Highlights: 11 year old in china saves pocket money for six months to buy birthday gift for his mother