ഷാരൂഖിന്റെ 'മന്നത്തി'ൽ പണി മേയിൽ തുടങ്ങും; ആഡംബര അപ്പാർട്‌മെന്റിന് വാടക 24 ലക്ഷം, കരാർ 3 വർഷത്തേക്ക്

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ വീട് 'മന്നത്ത്' പുതുക്കിപ്പണിയുന്നതിന്റെ ജോലികള്‍ മേയില്‍ തുടങ്ങും. ഇതിന് മുന്നോടിയായി ഷാരൂഖും കുടുംബവും ബാന്ദ്രയിലെതന്നെ പാലി ഹില്‍ ഏരിയയിലെ ആഡംബര അപ്പാര്‍ട്‌മെന്റിലേക്ക് താമസം മാറും. ഷാരൂഖിന് പുറമേ ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവരും പുതിയ അപ്പാര്‍ട്‌മെന്റിലേക്ക് താമസം മാറും.
പൃഥ്വിരാജ് അഭിനയിച്ച 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന ചിത്രമടക്കം സംവിധാനം ചെയ്ത വാഷു ഭഗ്നാനിയില്‍നിന്ന് വാടകയ്‌ക്കെടുത്ത നാലുനില അപ്പാര്‍ട്‌മെന്റിലേക്കാണ് താമസം മാറുന്നത്. പൂജ കാസ എന്നാണ് അപ്പാര്‍ട്‌മെന്റിന്റെ പേര്. വാഷു ഭഗ്നാനിയുടെ മകന്‍ ജാക്കി ഭഗ്നാനിയുമായും മകള്‍ ദീപ്ശിഖ ദേശ്മുഖുമായും ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് കരാറിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഷാരൂഖിന്റെ സെക്യൂരിറ്റി സ്റ്റാഫുകളും അപ്പാര്‍ട്‌മെന്റിലായിരിക്കും താമസിക്കുക. ഇതിന് പുറമേ ഓഫീസ് സ്‌പേസും കെട്ടിടത്തിലുണ്ടാവും. മാസം 24 ലക്ഷത്തോളമാണ് വാടകയിനത്തില്‍ നല്‍കേണ്ടിവരുക. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. മന്നത്തിലെ പുനര്‍നിര്‍മാണപ്രവൃത്തികള്‍ രണ്ടുവര്‍ഷംവരെ നീണ്ടുനിന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാരൂഖിന്റെ മുംബൈയിലെ വസതിയായ 'മന്നത്ത്' പുതുക്കിപ്പണിയുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീട്ടില്‍ രണ്ടുനിലകള്‍ കൂടി പണിയാനായി ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ മഹാരാഷ്ട്ര കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിക്ക് അപേക്ഷ നല്‍കിയതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു.
Content Highlights: Shah Rukh Khan, his family, and staff are moving to a luxury Bandra apartment