എ.സി ഉപയോഗം ശരിയായ രീതിയിൽ അല്ലേ?വൈദ്യുതി നഷ്ടത്തിനൊപ്പം ആരോഗ്യവും തകരാറിലാകും;ശ്രദ്ധിക്കേണ്ടത്

പൊള്ളുന്ന ചൂടിനെ ചെറുക്കാൻ വീടുകളിൽ എയർകണ്ടീഷണറുകൾ സ്ഥാപിക്കുന്നവർ നിരവധിയാണിന്ന്. എന്നാൽ എ.സി ഉപയോഗിക്കുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതി ലാഭിക്കുകയും ആരോഗ്യം കാക്കുകയും ചെയ്യാം. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ഏറ്റവും കുറവ് താപനില നന്നല്ല
അമിതമായി അനുഭവപ്പെടുന്ന ചൂടില്‍ നിന്ന് രക്ഷനേടാനായി പലരും ചെയ്യുന്ന കാര്യമാണ് എസിയുടെ താപനില ഏറ്റവും കുറച്ച് 16- 18 ഡിഗ്രിയിൽ വെക്കുന്നത്. ആദ്യം തണുപ്പനുഭവപ്പെടുമെങ്കിലും ഉറക്കത്തിനിടെ ശരീരത്തിന് ഈ തണുപ്പ് താങ്ങാനായെന്നു വരില്ല. എസിയുടെ പ്രവര്‍ത്തനത്തിനും ഇത് നന്നല്ല. എസിയുടെ താപനില 24-26 ഡിഗ്രിയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
ടൈമര്‍ മോഡ്
പുതിയതായി വിപണിയിലെത്തുന്ന പല എസികളിലും ടൈമര്‍/ അല്ലെങ്കില്‍ സ്ലീപ്പര്‍ മോഡ് ഓപ്ഷൻ ഉണ്ട്. എന്നാല്‍ പലരും ഇത് കൃത്യമായി വിനിയോഗിക്കാറില്ല. എസിയുടെ താപനില രാത്രിയിലുടനീളം റൂമിലെ അന്തരീക്ഷത്തിന് അനുസരിച്ച് ക്രമീകരിക്കാന്‍ സഹായിക്കുന്നതാണ് സ്ലീപ്പര്‍ മോഡ്. വൈദ്യുതി ലാഭിക്കാനും താപനില നിലനിര്‍ത്താനും ഇതിലൂടെ സാധിക്കും.
തുടര്‍ച്ചയായി എട്ട് മണിക്കൂറോളം എ.സി പ്രവര്‍ത്തിക്കുന്നത് വൈദ്യുതി ബില്‍ കൂടാനും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കുറക്കുന്നതിനും കാരണമാകും.
കട്ടിലിന്റെ സ്ഥാനത്തിലും കാര്യമുണ്ട്
തണുപ്പ് ശരീരത്തിലേക്ക് നേരിട്ടടിക്കുന്ന സ്ഥലത്തല്ല എ.സി ഘടിപ്പിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക. തണുത്ത കാറ്റ് ശരീരത്തിലേക്ക് നേരിട്ട് അടിക്കുന്നത് പലവിധ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. ശരീരത്തിൽ നിർജലീകരണം ഉണ്ടാകുകയും, തൊണ്ടവേദന, തലവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
എസി യൂണിറ്റില്‍ നിന്ന് ബെഡിന് 3-4 അടി വരെ അകലം ഉണ്ടെന്ന് ഉറപ്പുവരുത്തണം.
എസിയുടെ ഫില്‍ട്ടര്‍ വൃത്തിയാക്കാറുണ്ടോ?
പൊടിയടിഞ്ഞുകൂടിയ എ.സിയുടെ ഫില്‍ട്ടറുകള്‍ അലര്‍ജിയുണ്ടാക്കും. നിത്യേന എ.സി ഉപയോഗിക്കുന്നവരാണെങ്കില്‍ 2-3 ആഴ്ച കൂടുമ്പോഴെങ്കിലും ഫില്‍ട്ടർ തുറന്ന് വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
വെന്റിലേഷന്‍ ഉള്‍പ്പടെയുള്ള വായുസഞ്ചാരം നല്‍കുന്ന ദ്വാരങ്ങൾ കൃത്യമായി അടച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. ഇരുട്ട് ക്രമീകരിക്കാന്‍ കര്‍ട്ടനുകളും ഉപയോഗിക്കാം. സീലിങ് ഫാനുകള്‍ കുറഞ്ഞ സ്പീഡില്‍ പ്രവര്‍ത്തിപ്പിക്കുന്നത് എ.സിയുടെ തണുപ്പ് കൃത്യമായി റൂമിന്റെ എല്ലായിടത്തും എത്തുന്നതിന് സഹായിക്കും.
Content Highlights: Save on AC Bills: Smart AC Usage Tips