1.32 കോടി സ്റ്റാമ്പ് ഡ്യൂട്ടി, നാല് കോടി ലാഭം; മുംബൈയിലെ വീട് വിറ്റ് സൽമാൻ ഖാന്റെ സഹോദരി അർപ്പിത

അർപിതയും ഭർത്താവ് ആയുഷും, അർപിത സൽമാൻ ഖാനൊപ്പം | Photo: instagram.com/arpitakhansharma
അർപിതയും ഭർത്താവ് ആയുഷും, അർപിത സൽമാൻ ഖാനൊപ്പം | Photo: instagram.com/arpitakhansharma

ബോളിവുഡ് താരം സല്‍മാന്റെ പ്രിയപ്പെട്ട സഹോദരിയാണ് അര്‍പ്പിത ഖാന്‍. അനാഥയായ അര്‍പ്പിതയെ സല്‍മാന്റെ കുടുംബം ദത്തെടുക്കുകയായിരുന്നു. സല്‍മാനും സഹോദരങ്ങളായ അര്‍ബാസിനും സൊഹൈലിനും അല്‍വിറയ്ക്കുമൊപ്പം അര്‍പ്പിതയും ഖാന്‍ കുടുംബത്തില്‍ വളര്‍ന്നു. അർപ്പിത ശർമ കഴിഞ്ഞദിവസം മുംബൈയിലെ തൻ്റെ അപ്പാർട്ട്മെന്റ് വിറ്റതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മുംബൈ റിയൽ എസ്റ്റേറ്റ് മേഖലയിൽ വില കുതിച്ചുയരുന്നതിനിടയിലാണ് അർപ്പിതയും ഭർത്താവ് ആയുഷ് ശർമയും അപ്പാർട്ട്മെന്റ് നല്ല വിലയ്ക്ക് വിറ്റത്. 

മുംബൈയിലെ ഖാർ റോഡ് ഏരിയയിൽ സത്ഗുരു ഡെവലപ്പേഴ്‌സ് നിർമിച്ച കെട്ടിടത്തിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. 2,500 ചതുരശ്ര അടിയാണ് അപ്പാർട്ട്‌മെൻ്റിൻ്റെ വലിപ്പം. ഇതിന് 1,600 ചതുരശ്ര അടി ടെറസുമുണ്ട്. ഒപ്പം ഒൻപത് കാർ പാർക്കിങ് സ്ലോട്ടുകളും ഉപയോ​ഗിക്കാനാകും. പ്രാദേശിക ബ്രോക്കർമാർ നൽകുന്ന വിവരങ്ങൾ പ്രകാരം കെട്ടിടത്തിൽ മൂന്ന് കിടപ്പുമുറികളുള്ളതും നാല് കിടപ്പുമുറികളുള്ളതുമായ അപ്പാർട്ടുമെൻ്റുകളാണ് ഉള്ളത്. എന്നാൽ അർപ്പിതയുടെ അപ്പാർട്ട്മെന്റിൽ എത്ര കിടപ്പുമുറികളുണ്ടെന്ന് വ്യക്തമല്ല. 

2017-ൽ 18 കോടി രൂപയ്ക്കാണ് അർപ്പിതയും ഭർത്താവ് ആയുഷും ഈ അപ്പാർട്ട്മെൻ്റ് വാങ്ങിയത്. ഹിന്ദുസ്ഥാൻ ടൈംസിൻ്റെ റിപ്പോർട്ടുകൾ പ്രകാരം 22 കോടി രൂപയ്ക്കാണ് ഇരുവരും ഇത് വിറ്റത്. ശിവായ സിനിവൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് വസ്തു വാങ്ങിയത്. ഒക്‌ടോബർ പത്തിനാണ് വസ്തു ഇടപാട് രജിസ്റ്റർ ചെയ്തതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇടപാടിന് 1.32 കോടി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജായ 30,000 രൂപയും നൽകിയതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അവർ റിപ്പോർട്ട് ചെയ്തു. 

കാർട്ടർ റോഡ്, പാലി ഹിൽ തുടങ്ങിയ ബാന്ദ്രയിലെ പ്രശസ്തമായ പ്രദേശങ്ങൾക്ക് വളരെ അടുത്താണ് പ്രോപ്പർട്ടി. നിരവധി പ്രശസ്തരായ സെലിബ്രിറ്റികളും ഈ പ്രദേശങ്ങളിൽ താമസിക്കുന്നുണ്ട്.  സൽമാൻ ഖാനും മുഴുവൻ കുടുംബവും ബാന്ദ്രയ്ക്ക് സമീപമാണ് താമസിക്കുന്നത്. ഷാരൂഖ് ഖാൻ, രൺബീർ കപൂർ തുടങ്ങിയ പ്രമുഖരും ഇതിനടുത്താണ് താമസിക്കുന്നത്.

2022 ഫെബ്രുവരിയിൽ, ഇതേ കെട്ടിടത്തിൽ മറ്റൊരു നിലയിൽ ഒരു അപ്പാർട്ട്മെൻ്റ് അർപ്പിത ശർമ വാങ്ങിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. 1,750 ചതുരശ്ര അടി വിസ്തീർണമുള്ള ഈ അപ്പാർട്ട്മെൻ്റ് 10 കോടി രൂപയ്ക്കാണ് അർപ്പിത വാങ്ങിയത്.
 

Content Highlights: Salman Khans sister Arpita Khan Sharma Sells Mumbai Apartment for ₹22 Crore