മാനാഞ്ചിറ സ്‌ക്വയര്‍, കോര്‍പ്പറേഷന്‍ സ്റ്റേഡിയം,കൈരളി ടവര്‍; നഗരങ്ങള്‍ക്ക് പുതുമുഖമേകിയ വാസ്തുശില്പി

കോഴിക്കോട്: ആലപ്പുഴയില്‍ ജനിച്ച് തിരുവനന്തപുരത്ത് പഠിച്ച് കോഴിക്കോടിന്റെ സ്വന്തം വാസ്തുശില്പിയായി മാറിയ രാമവിലാസം കരുണാകരന്‍ രമേശ് എന്ന ആര്‍ക്കിടെക്ട് ആര്‍.കെ. രമേശിന്റെ കൈമുദ്ര സംസ്ഥാനത്തെ സൗന്ദര്യമുള്ള സ്ഥലങ്ങളിലെല്ലാം പതിഞ്ഞിട്ടുണ്ട്. കടല്‍ത്തീരങ്ങള്‍, മലയോരങ്ങള്‍, പൊതു ഇടങ്ങള്‍, കണ്ടല്‍പ്രദേശങ്ങളെല്ലാം കൂടുതല്‍ സുന്ദരമാക്കാനുള്ള ബ്‌ളൂപ്രിന്റുകള്‍ ഒരുക്കിയ ആര്‍.കെ. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, വാണിജ്യകേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നുവേണ്ട സമ്പത്ത് കുറഞ്ഞവരുടെ വീടുകളില്‍വരെ തന്റെ ആര്‍ക്കിടെക്ചറല്‍ വൈഭവം പ്രകടിപ്പിച്ചു.
അഞ്ചരപ്പതിറ്റാണ്ടായി കോഴിക്കോട് കേന്ദ്രീകരിച്ച് ആര്‍ക്കിടെക്ചറല്‍ സ്ഥാപനം നടത്തിയ അദ്ദേഹം സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കോഴിക്കാട്ട് ആദ്യമായെത്തുന്നത്. വാസ്തുവിദ്യയില്‍ അംഗീകൃത ബിരുദംനേടിയ ആരുംതന്നെ ഇവിടെ പ്രവര്‍ത്തനമേഖലയാക്കിയിട്ടില്ലെന്ന അന്നത്തെ നിരീക്ഷണമാണ് തിരുവനന്തപുരത്ത് ആരംഭിക്കാനിരുന്ന സ്ഥാപനം കോഴിക്കോട്ട് 1969-ല്‍ തുടങ്ങാന്‍ ഇടവെച്ചത്.
സുഹൃത്തുകളായ ജോസ്, ബാബു എന്നിവര്‍ക്കൊപ്പം ഇവിടെയെത്തി വലിയങ്ങാടിക്കുസമീപം 'ജോസ്, രമേശ് ആന്‍ഡ് ബാബു ആര്‍ക്കിടെക്ചറര്‍ ആന്‍ഡ് എന്‍ജിനിയറിങ്' സ്ഥാപനം ആരംഭിച്ചു. പിന്നീട് ബാബു മറ്റൊരു ജോലി ലഭിച്ച് പോയി. അല്പകാലംകഴിഞ്ഞ് കോര്‍പ്പറേഷനുസമീപം സ്വന്തമായി സ്ഥാപനംതുടങ്ങി.
ആലപ്പുഴ ചിങ്ങോലി പാലപ്ര കുടുംബാംഗമായ രമേശ് വീട്ടിനടുത്തുള്ള ഗണപതിവിലാസം എല്‍പി സ്‌കൂളിലും ചൂരവിള യുപി സ്‌കൂളിലും ചേപ്പാട് ക്രൈസ്റ്റ് കിങ് ഹൈസ്‌കൂളിലുമാണ് പഠനം നടത്തിയത്. തിരുവനന്തപുരം മാര്‍ ഇവാനിയോസിലായിരുന്നു പ്രീ യൂണിവേഴ്‌സിറ്റി പഠനം. തുടര്‍ന്ന്, തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ ആരംഭിച്ച ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ കോഴ്‌സിന്റെ രണ്ടാംബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയാണ് കോഴിക്കോട്ടെത്തിയത്.
രൂപകല്പനചെയ്ത പ്രധാന സ്ഥാപനങ്ങള്‍, പദ്ധതികള്‍
മാനാഞ്ചിറ സ്‌ക്വയര്‍, സരോവരം ഇക്കോ പാര്‍ക്ക്, കാപ്പാട് ബീച്ച് വികസനം, കാലിക്കറ്റ് ബീച്ച് വികസനം, കോട്ടക്കുന്ന് പാര്‍ക്ക് മലപ്പുറം, ഇരിങ്ങല്‍ സര്‍ഗാലയ കലാഗ്രാമം വടകര, തിരൂരിലെ തുഞ്ചന്‍ സ്മാരകം, ധര്‍മടം ദ്വീപിന്റെ വികസനം, മുഴുപ്പിലങ്ങാട് ബീച്ചിന്റെ വികസനം, തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമി, കണ്ണൂരിലെ നായനാര്‍ അക്കാദമി, തിരുവനന്തപുരത്തെ കൈരളി ടവര്‍, സ്റ്റുഡിയോ കോംപ്ലക്‌സ്, നെയ്യാറിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിവലപ്‌മെന്റ് സ്റ്റഡീസ്, കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ബസ് സ്റ്റേഷന്‍ കം ഷോപ്പിങ് കോംപ്ലക്‌സ്, മലപ്പുറത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകള്‍, ശിഹാബ് തങ്ങള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, മഞ്ചേരിയിലെ ഫുട്‌ബോള്‍ അക്കാദമി, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം, ഒട്ടേറെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, കറുകുറ്റിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍, റബ്‌കോ പ്രോജക്ടുകള്‍, അമല്‍ ജ്യോതി എന്‍ജിനിയറിങ് കോളേജ്, വെള്ളാപ്പള്ളി എന്‍ജിനിയറിങ് കോളേജ്, മാഹി റിവര്‍സൈഡ് വികസനം (പുതുച്ചേരി സര്‍ക്കാര്‍), ശ്രീകണ്ഠാപുരത്തെ കലാഗ്രാമം-ഗ്ലോബല്‍ ആര്‍ട്ടിസ്റ്റ്‌സ് വില്ലേജ്, കോഴിക്കോട് കോര്‍പ്പറേഷനായുള്ള പുതിയ കോര്‍പ്പറേഷന്‍ ഓഫീസുകള്‍, കൊല്ലം കോര്‍പ്പറേഷന്‍ തുടങ്ങിയ ഒട്ടേറെ അഭിമാനകരമായ പദ്ധതികള്‍ പൂര്‍ത്തിയാക്കി.
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ബില്‍ഡിങ്, വടകരയിലെ ഹൈപ്പര്‍മാര്‍ക്കറ്റ്, ബേക്കലിലെ ഫൈവ് സ്റ്റാര്‍ ഡീലക്‌സ് റിസോര്‍ട്ട് ഫോര്‍ ഹോളിഡേ ഗ്രൂപ്പ്, തലശ്ശേരി സിറ്റി സെന്റര്‍, കോട്ടക്കലിലെ പി.എസ്. വാരിയര്‍ ആയുര്‍വേദ മ്യൂസിയം, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങള്‍ തുടങ്ങി ഒട്ടേറെ വ്യത്യസ്തതരം പ്രോജക്ടുകള്‍ അദ്ദേഹം രൂപകല്പനചെയ്തിട്ടുണ്ട്. 2010-ല്‍ ഡല്‍ഹിയില്‍വെച്ച് അദ്ദേഹത്തിന് ഇന്ത്യന്‍ രാഷ്ട്രപതിയില്‍നിന്ന് പഴശ്ശിരാജ-രാജകീയപുരസ്‌കാരം 'നിര്‍മാണ്‍ പ്രതിഭ' ലഭിച്ചു.
കേരളസര്‍ക്കാര്‍ അദ്ദേഹത്തെ കേരള ലളിതകലാ അക്കാദമിയിലും കേരള സാഹിത്യ അക്കാദമിയിലും അംഗമായി നാമനിര്‍ദേശംചെയ്തു. കണ്ണൂരിലെ ശ്രീകണ്ഠാപുരത്തുള്ള ഗ്ലോബല്‍ ആര്‍ട്ടിസ്റ്റ്‌സ് വില്ലേജിലെ കലാഗ്രാമത്തിനായി കേരളസര്‍ക്കാരിന്റെ സാംസ്‌കാരികകാര്യ വകുപ്പിന്റെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിതനായി.
സൈലന്റ് വാലിയുടെ സംരക്ഷണത്തിനുള്ള എക്‌സിക്യുട്ടീവ് സെക്രട്ടറി എന്നനിലയില്‍ നല്‍കിയ സേവനങ്ങള്‍ക്ക് പരിസ്ഥിതിമന്ത്രാലയവും വനംവകുപ്പും അദ്ദേഹത്തെ ആദരിച്ചിരുന്നു.
മാനാഞ്ചിറ സ്‌ക്വയറിന്റെ എല്ലായിടത്തും രമേശിന്റെ കൈയൊപ്പുണ്ട്- അമിതാഭ് കാന്ത്
പരമ്പരാഗത വാസ്തുവിദ്യയില്‍ ഊന്നിക്കൊണ്ട് രൂപകല്പനകള്‍ ചെയ്യുന്നതില്‍ എന്നും മികവുപുലര്‍ത്തിയ ആര്‍ക്കിടെക്ടായിരുന്നു ആര്‍.കെ. രമേശ് എന്ന് കോഴിക്കോട് മുന്‍കളക്ടറും നിതി ആയോഗ് സിഇഒയുമായിരുന്ന അമിതാഭ് കാന്ത് അനുസ്മരിച്ചു.
മാനാഞ്ചിറ സ്‌ക്വയറിന്റെ വാസ്തുശില്പിയെന്നരീതിയില്‍ രമേശുമായി അടുത്തബന്ധമുണ്ടായി. കുളവും മൈതാനവും റോഡുകളും കളിക്കളവും പാര്‍ക്കും എല്ലാംചേര്‍ന്ന മാനാഞ്ചിറയെ ഒറ്റ മാനാഞ്ചിറ സ്‌ക്വയറാക്കിയതില്‍ രമേശിന്റെ രൂപകല്പനയ്ക്ക് പ്രധാനപങ്കുണ്ടായിരുന്നു. വളരെ സര്‍ഗാത്മകനും ഭാവനാത്മകനുമായ ഒരു വാസ്തുശില്പിയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ അറിവിലും വൈദഗ്ധ്യത്തിലും ഞാന്‍ വിശ്വസിച്ചു. ഞങ്ങള്‍ മലബാറിന്റെ വേരുകളിലേക്ക് തിരിച്ചുപോയി, കോഴിക്കോടിന്റെ ഹൃദയത്തിലേക്ക് സൗന്ദര്യവും ആകര്‍ഷണീയതയും കൊണ്ടുവരാന്‍ ചെങ്കല്ലുകളുപയോഗിച്ചു. മാനാഞ്ചിറ സ്‌ക്വയറിന്റെ മുഖമുദ്രയായിമാറിയ കവാടങ്ങള്‍, നടപ്പാതകള്‍, തുറസ്സായസ്ഥലങ്ങള്‍, ഇരിപ്പിടങ്ങള്‍ എന്നിവയിലെല്ലാം രമേശിന്റെ കൈയൊപ്പുപതിഞ്ഞു.
രമേശ് ഒരു അദ്ഭുതകരമായ വാസ്തുശില്പിയും, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിനുടമയുമായിരുന്നു. അദ്ദേഹം കോഴിക്കോടിന്റെ ഒരു സ്വത്തായിരുന്നു -അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു.
നല്ല വൈദഗ്ധ്യവും ഭാവനാസമ്പന്നതയും ഒന്നിച്ചിണങ്ങിയ രമേശിന് അമിതാഭ് കാന്തിന്റെ ഉറച്ചപിന്തുണകൂടി ലഭിച്ചതോടെയാണ് ഇന്നത്തെ മാനാഞ്ചിറ സ്‌ക്വയര്‍ രൂപപ്പെട്ടതെന്ന് അമിതാഭ് കാന്ത് കളക്ടറായിരുന്ന കാലഘട്ടത്തില്‍ പിആര്‍ഡി ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന പുത്തൂര്‍മഠം ചന്ദ്രന്‍ അനുസ്മരിച്ചു.
ലോകനഗരങ്ങളിലുള്ളതുപോലെ ശുദ്ധവായുലഭിക്കുന്ന പച്ചപ്പുള്ള തുറന്നസ്ഥലം നഗരമധ്യത്തില്‍ വേണമെന്ന അമിതാഭ് കാന്തിന്റെ ആവശ്യം രൂപകല്പനചെയ്‌തെടുത്തത് അദ്ഭുതകരമായ പ്രാവീണ്യത്തോടെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Architect R. K. Ramesh passes away